കരട് വോട്ടര്‍ പട്ടിക നാളെ
Sunday, May 31, 2015 12:51 AM IST
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള കരടു വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും.

2015 ജനുവരി ഒന്ന് അടിസ്ഥാന യോഗ്യതാ തീയതിയാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയിലെ മുഴുവന്‍ വോട്ടര്‍മാരേയും തദ്ദേശഭരണ സ്ഥാപനങ്ങളിലെ നിലവിലുള്ള വാര്‍ഡടിസ്ഥാനത്തില്‍ പുനഃക്രമീകരിച്ചാണു പട്ടിക തയാറാക്കിയിട്ടുള്ളത്.

നാഷണല്‍ ഇന്‍ഫോര്‍മാറ്റി ക് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ ഹൌസ് വെരിഫിക്കേഷന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചാണു പുനഃക്രമീകരണം പൂര്‍ത്തിയാക്കിയത്.

തദ്ദേശഭരണ തിരഞ്ഞെടുപ്പിലും 2015 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്കാണു വോട്ടവകാശം. ഇതേ യോഗ്യതാ തീയതിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്ത മുഴുവന്‍ വോട്ടര്‍മാരേയും കരടു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേരു ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും തിരുത്തലുകള്‍, സ്ഥലം മാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും 10ന് ശേഷം കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്ന സമയക്രമ പട്ടിക അനുസരിച്ച് അതിനുള്ള അവസരം ലഭിക്കും.


വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനയ്ക്കു ലഭിക്കും. കമ്മീഷന്‍ വെബ്സൈറ്റായ ംംം.ഹഴെലഹലരശീിേ.സലൃമഹമ.ഴ്ീ.ശി-ലും പട്ടിക ലഭ്യമാണ്. അംഗീകൃത രാഷ്ട്രീയ കക്ഷികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികള്‍ക്കും പട്ടികയുടെ കോപ്പി സൌജന്യമായി ലഭ്യമാക്കും.

മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും വ്യക്തികള്‍ക്കും നിശ്ചിത നിരക്കില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു പട്ടിക ലഭിക്കും. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്രട്ടറിമാരും കോര്‍പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിമാരുമാണു തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍. പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കും സ്ഥാനമാറ്റത്തിനുമുള്ള അപേക്ഷ ഓണ്‍ലൈന്‍ മുഖേന നല്‍കാം. എന്നാല്‍, പേരു നീക്കം ചെയ്യാനുള്ള അപേക്ഷ നേരിട്ടു സമര്‍പ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.