ഒരു മാസത്തിനകം പെന്‍ഷന്‍ നല്‍കിയില്ലെങ്കില്‍ നടപടി
Sunday, May 31, 2015 12:50 AM IST
കൊച്ചി: സര്‍വീസില്‍നിന്നു മൂന്നു കൊല്ലം മുമ്പു വിരമിച്ച നഗരസഭാ ജീവനക്കാരന് ഒരു മാസത്തിനകം പെന്‍ഷന്‍ നല്‍കിയില്ലെങ്കില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ പലിശ നല്‍കാന്‍ ബാധ്യസ്ഥരാകുമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റീസ് ജെ.ബി. കോശി.

കുന്നംകുളം നഗരസഭയില്‍നിന്ന് 2012 ഒക്ടോബറില്‍ വിരമിച്ച മുളന്തുരുത്തി സ്വദേശി കെ.കെ. മണി സമര്‍പ്പിച്ച പരാതിയിലാണു നടപടി. കമ്മീഷന്‍ കേസെടുത്തതിനെത്തുടര്‍ന്നു കെ.കെ. മണിക്ക് ഡിസിആര്‍ജിയായി 3,20,827 രൂപയും കമ്യൂട്ടേഷന്‍ ആനുകൂല്യമായി 3,92,940 രൂപയും സര്‍ക്കാര്‍ അനുവദിച്ചു. 4,426 രൂപ മാസ പെന്‍ഷനും അനുവദിച്ചു.


എന്നാല്‍, പെന്‍ഷന്‍ നല്‍കാന്‍ നഗരകാര്യ ഡയറക്ടറുടെ അനുമതി വേണമെന്നും അതു ലഭിക്കുന്ന മുറയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്നും നഗരകാര്യവകുപ്പ് കമ്മീഷനെ അറിയിച്ചു. പെന്‍ഷന്‍ നല്‍കാന്‍ കാലതാമസം ഉണ്ടാകരുതെന്നു ജസ്റീസ് കോശി ഉത്തരവില്‍ പറഞ്ഞു. ഉത്തരവ് നഗരകാര്യ ഡയറക്ടര്‍ക്കും നഗരസഭയ്ക്കും കൈമാറിയതായി കമ്മീഷന്‍ പത്രക്കുറിപ്പില്‍ അറി യിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.