ബേക്കറിയിലേക്ക് ബസ് പാഞ്ഞുകയറി ഒരാള്‍ മരിച്ചു
Sunday, May 31, 2015 12:48 AM IST
കോഴിക്കോട്: ബേക്കറിയിലേക്കു സ്വകാര്യബസ് പാഞ്ഞുകയറി കടയിലെത്തിയ ആള്‍ മരിച്ചു. തമിഴ്നാട് സ്വദേശി പെരുമാള്‍ (60) ആണ് മരിച്ചത്. ബസ് മറിഞ്ഞ് 35 പേര്‍ക്കും കടയുടമയ്ക്കും പരിക്കേറ്റു. കക്കോടിക്ക് സമീപം കുമാരസ്വാമിയില്‍ ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം.

കുമാരസ്വാമി വില്ലേജ് ഓഫീസിനടുത്തുള്ള കാലിക്കട്ട് ചിപ്സ് ഹാള്‍ എന്ന കടയിലേക്കാണ് നരിക്കുനിയില്‍നിന്നു കോഴിക്കോട്ടേക്കു വന്ന ബില്‍സാജ് എന്ന സ്വകാര്യ ബസ് ഇടിച്ചുകയറിയത്.

അമിത വേഗത്തിലെത്തിയ ബസ് കടയിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. കടയുടമ കുഞ്ഞമ്മദിനു ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന മൂന്നുപേരുടെ പരിക്കും ഗുരുതരമാണ്. ബസ് ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.


അപകടം നടക്കുമ്പോള്‍ പെരുമാളും കുഞ്ഞമ്മദും മാത്രമാണു കടയിലുണ്ടായിരുന്നത്. സംഭവ സ്ഥലത്തുനിന്നുതന്നെ പെരുമാള്‍ മരിച്ചുവെന്നു കാക്കൂര്‍ പോലീസ് പറഞ്ഞു.

അപകടത്തെ ത്തുടര്‍ന്ന് മണിക്കൂറുകളോളം ഈ റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. കാക്കൂര്‍ പോലീസെത്തിയാണു കടയില്‍നിന്നു ബസ് നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.