ഇരിങ്ങാലക്കുടയില്‍ ക്രൈസ്റ് എന്‍ജിനീയറിംഗ് കോളജിനു തുടക്കം
Sunday, May 31, 2015 12:47 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വിഭ്യാഭ്യാസ മേഖലയില്‍ പൊന്‍തൂവലായി ക്രൈസ്റ് എന്‍ജിനിയറിംഗ് കോളജ് പ്രവര്‍ത്തനം തുടങ്ങി. ക്രൈസ്റ് കോളജിനോടു ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന ക്രൈസ്റ് കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ക്ളാസുകള്‍ ആരംഭിക്കും.

കേരള സാങ്കേതിക സര്‍വകലാശാലയുടെയും എഐസിടിഇയുടെയും അംഗീകാരമുള്ള എന്‍ജിനിയറിംഗ് കോളജില്‍ ആധുനിക ലാബുകളൊരുക്കിയിട്ടുണ്ട്. ആരംഭഘട്ടത്തില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, സിവില്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിറിംഗ് എന്നീ കോഴ്സുകളാണുള്ളത്. വിദ്യാര്‍ഥികള്‍ക്കു ഹോസ്റല്‍ സൌകര്യമുണ്ട്.

1957ല്‍ ക്രൈസ്റ് കോളജ് ആരംഭിച്ചതോടെയാണു സിഎംഐ സഭ ഇരിങ്ങാലക്കുടയില്‍ വിദ്യാഭ്യാസരംഗത്തു പുതിയ കാല്‍വയ്പ് നടത്തിയത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തു ദീര്‍ഘകാലം പ്രകാശത്തിന്റെ തീപ്പന്തമായി പ്രശോഭിച്ച ഫാ. ഗബ്രിയേലിന്റെ നേതൃത്വ പാടവമാണു ക്രൈസ്റ് കോളജിനെ വിജയങ്ങളുടെ കൊടുമുടികളില്‍ എത്തിച്ചത്. കേവലം 244 വിദ്യാര്‍ഥികളും 14 അധ്യാപകരുമായി ആരംഭം കുറിച്ച ക്രൈസ്റ് കോളജില്‍ ഇന്നു 3,000 വിദ്യാര്‍ഥികളും 150 അധ്യാപകരും 19 ബിരുദ കോഴ്സുകളും 17 ബിരുദാനന്തര കോഴ്സുകളും ഏഴു ഗവേഷണ വകുപ്പുകളും ഉണ്ട്.


സാങ്കേതിക വിദ്യാഭ്യാസരംഗത്തു കുതിച്ചുചാട്ടത്തില്‍ കേരളത്തിലെ പ്രതിഭാസമ്പന്നരും ബുദ്ധികൂര്‍മത ഉള്ളവരുമായ യുവതലമുറ യാതൊരു കാരണവശാലും പിന്തള്ളപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് എന്‍ജിനിയറിംഗ് കോളജ് തുടങ്ങിയതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര സിഎംഐ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.