സുലേഖ നിര്‍ദേശിച്ചു; എതിര്‍ക്കാതെ കോണ്‍ഗ്രസ്
സുലേഖ നിര്‍ദേശിച്ചു; എതിര്‍ക്കാതെ കോണ്‍ഗ്രസ്
Sunday, May 31, 2015 12:11 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: മത്സരരംഗത്തേക്കില്ലെന്ന് എം.ടി. സുലേഖ തറപ്പിച്ചുപറഞ്ഞു. ജി. കാര്‍ത്തികേയന്റെ സ്മരണ തുടിക്കുന്ന അരുവിക്കരയില്‍ കുടുംബാംഗങ്ങള്‍ മത്സരിക്കുന്നതാണ് ഉചിതമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും.

അങ്ങനെയെങ്കില്‍ രാഷ്ട്രീയ താത്പര്യമുള്ള രണ്ടാമത്തെ മകന്‍ കെ.എസ്. ശബരീനാഥന്റെ പേരു നിര്‍ദേശിക്കുന്നതായി സുലേഖ നേതാക്കളെ അറിയിച്ചു. ഹൈക്കമാന്‍ഡിന്റെ സമ്മതംകൂടി ലഭിക്കണമെന്നറിയിച്ച നേതാക്കള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ടപ്പോള്‍ പൂര്‍ണപിന്തുണ. കഴിഞ്ഞ ജനുവരിയില്‍ രോഗബാധിതനായ സ്പീക്കര്‍ ജി. കാര്‍ത്തികേയനെ കാണാനെത്തിയപ്പോള്‍ തന്റെ ടീമില്‍ അംഗമാകാന്‍ ശബരീനാഥനുള്ള താത്പര്യം അറിയിച്ചിരുന്ന കാര്യവും രാഹുല്‍ ഗാന്ധി ഓര്‍ത്തു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്കും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഒരു തിരുത്തലിന്റെയും ആവശ്യം വന്നില്ല.

ഇതോടെ അരുവിക്കരയിലെ ജി. കാര്‍ത്തികേയന്റെ പിന്‍ഗാമിയായി മകന്‍ ശബരീനാഥന്‍ യുഡിഎഫ് പോരാളിയാകുമെന്നു വെള്ളിയാഴ്ച രാത്രിയോടെ ഉറപ്പായി. എന്നാല്‍, ഡിസിസിയുടെ അംഗീകാരംകൂടി ഉറപ്പാക്കേണ്ടതിനാല്‍ വിവരം പുറത്തു വിടേണ്ടതില്ലെന്നായി തീരുമാനം.

ഇന്നലെ രാവിലെ ഡിസിസി നേതാക്കളുടെ യോഗം വിളിച്ചു സ്ഥാനാര്‍ഥിയുടെ കാര്യം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നേരിട്ടെത്തി അറിയിച്ചു. ഇതോടെ ചാനലുകളില്‍ ശബരീനാഥന്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത പ്രചരിച്ചു. ഉച്ചയ്ക്ക് 12നു കെപിസിസി ആസ്ഥാനത്തു മാധ്യമപ്രവര്‍ത്തകരെ കണ്ട പ്രസിഡന്റ് വി.എം. സുധീരന്‍, അരുവിക്കരയിലെ ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു.

കെപിസിസി ആസ്ഥാനത്തു സ്ഥാനാര്‍ഥിപ്രഖ്യാപനം ഉണ്ടായതോടെ ഇന്ദിരാഭവനു സമീപമുള്ള കാര്‍ത്തികേയന്റെ വസതിയായ അഭയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും തിരക്കായി. ജി.കെ.യുടെ സ്മരണ നിലനില്‍ക്കുന്ന അരുവിക്കരയില്‍ എത്തുമ്പോള്‍ താന്‍ വികാരാധീനയാകുമെന്നതിനാലാണു മത്സരിക്കാന്‍ തയാറാകാതിരുന്നതെന്നു സുലേഖ പറഞ്ഞു. കൂടാതെ ആരോഗ്യപരമായ പ്രശ്നങ്ങളുമുണ്ട്. ജി. കാര്‍ത്തികേയന്‍ പാഞ്ഞുനടന്ന വഴികളില്‍ അതേ വേഗത്തില്‍ പാഞ്ഞെത്താന്‍ ആരോഗ്യപ്രശ്നങ്ങളുള്ള തനിക്കു കഴിയില്ല. ജി. കാര്‍ത്തികേയന്‍ മണ്ഡലത്തിനായി ചെയ്ത വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മകനിലൂടെ ഉണ്ടാകുമെന്നാണു പ്രതീക്ഷ.


മക്കള്‍രാഷ്ട്രീയത്തെ എതിര്‍ത്താണു ജി. കാര്‍ത്തികേയനും രമേശ് ചെന്നിത്തലയുമൊക്കെ തിരുത്തല്‍ വാദ ഗ്രൂപ്പ് രൂപീകരിച്ചതെന്ന വാദം ശരിയല്ലെന്നു സുലേഖ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മറ്റു ചില പ്രവണതകളെ എതിര്‍ത്താണു തിരുത്തല്‍വാദത്തിനു രൂപം നല്‍കിയതെന്നും സുലേഖ പറഞ്ഞു.

ആത്മവിശ്വാസം തുടിക്കുന്ന വാക്കുകളോടെയാണു ശബരീനാഥന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ നേരിട്ടത്. അരുവിക്കരയില്‍ നൂറു ശതമാനം വിജയപ്രതീക്ഷയുണ്െടന്നു ശബരീനാഥന്‍ പറഞ്ഞു. സര്‍ക്കാരിന്റെ അഭിമാനപ്പോരാട്ടമാണിത്. ജി.കെ തുടങ്ങി വച്ച വികസന സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കണം. ജി.കെയുടെ സുഹൃത്തു കൂടിയായ എം. വിജയകുമാറാണ് എതിരാളി. രാഷ്ട്രീയപ്പോരാട്ടം നടക്കുന്ന അരുവിക്കരയില്‍ എതിരാളികളുടെ ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ശബരീനാഥന്‍ പറഞ്ഞു.

തുടര്‍ന്നു കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലും ഡിസിസി ഓഫീസിലുമെത്തി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അനുഗ്രഹം വാങ്ങി, ഉച്ചയ്ക്കു ശേഷം അരുവിക്കരയിലെ പോര്‍ക്കളത്തിലേക്കു പുറപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.