ഭീഷണികളെ നേരിടാന്‍ രാജ്യം സുസജ്ജം: വ്യോമസേന മേധാവി
ഭീഷണികളെ നേരിടാന്‍ രാജ്യം സുസജ്ജം: വ്യോമസേന മേധാവി
Sunday, May 31, 2015 12:42 AM IST
പയ്യന്നൂര്‍: രാജ്യത്തിനു പുറത്തുനിന്നും അകത്തുനിന്നും ഉണ്ടായേക്കാവുന്ന എല്ലാ പ്രതിസന്ധികളെയും ഭീഷണികളെയും തരണംചെയ്യാന്‍ നാവിക സേനയുള്‍പ്പെടെയുള്ള സേനാവിഭാഗങ്ങള്‍ സുസജ്ജമാണെന്നു വ്യോമസേന മേധാവി ചീഫ് ഓഫ് എയര്‍ സ്റാഫ് എയര്‍ മാര്‍ഷല്‍ അരൂപ് റാഹ.

ഏഴിമല നാവിക അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 88-ാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയിലൂടെയും പരിശീലനത്തിലൂടെയും ഓരോ കേഡറ്റുകളും സ്വായത്തമാക്കുന്ന കഴിവുകള്‍ നാടിനു ഗുണകരമാകുന്ന രീതിയില്‍ വിനിയോഗിക്കണം. കര്‍മോത്സുകരായ പുതുതലമുറയെയാണു രാഷ്ട്രം ഉറ്റുനോക്കുന്നതെന്നും എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് റാഹ പറഞ്ഞു.

320 കേഡറ്റുകളാണു പരിശീലനം പൂര്‍ത്തിയാക്കി പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇതില്‍ 28 പേര്‍ വനിതകളാണ്. വിദേശരാജ്യമായ മൌറീഷ്യസില്‍ നിന്നുള്ള നാല് കേഡറ്റുകളും പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ ഉള്‍പ്പെടുന്നു. മികച്ച കേഡറ്റിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണമെഡലിനു കന്‍വാര്‍ പ്രീത് സിംഗും ചീഫ് ഓഫ് നേവല്‍ സ്റാഫ് സ്വര്‍ണമെഡലിന് എന്‍ഒസിയിലെ നീരജ് ഗുപ്തയും എന്‍ഒസി (റഗുലര്‍) വിഭാഗത്തില്‍ ചീഫ് ഓഫ് നേവല്‍ സ്റാഫ് ഗോള്‍ഡ് മെഡലിന് അര്‍പ്പിത ശുക്ളയും വനിതാ കേഡറ്റിനുള്ള സ്വര്‍ണ മെഡലിന് സുരഭി ചോപ്രയും അര്‍ഹരായി.


ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി നടത്തുന്ന അപ്ളൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് എന്നീ വിഭാഗങ്ങളില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയവരാണു പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത കേഡറ്റുകള്‍. ഏഴിമല നാവിക അക്കാഡമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ പി. അജിത് കുമാര്‍, ഡെപ്യൂട്ടി കമാന്‍ഡന്റ് റിയര്‍ അഡ്മിറല്‍ എം.ടി. സുരേഷ്, റിയര്‍ അഡ്മിറല്‍ കെ.എസ്. വേണുഗോപാല്‍, ഡോ.കെ.എസ്. ദാസ്ഗുപ്ത എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പരേഡ് വീക്ഷിക്കാന്‍ കേഡറ്റുകളുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.