മുഖപ്രസംഗം: പുത്തനുണര്‍വോടെയാവട്ടെ പുതിയ സ്കൂള്‍വര്‍ഷം
Sunday, May 31, 2015 11:53 PM IST
തിങ്കളാഴ്ച പുതിയൊരു അധ്യയനവര്‍ഷത്തിലേക്കു ലക്ഷക്കണക്കിനു സ്കൂള്‍ വിദ്യാര്‍ഥികള്‍ കടക്കുകയാണ്. സ്കൂള്‍ ടൈംടേബിളില്‍ ജൂണ്‍ ഒന്നുമുതല്‍ ചില മാറ്റങ്ങള്‍ നടപ്പാക്കുന്നു. ഇതനുസരിച്ച് ഒരു ദിവസം എട്ടു പീരിയഡുകളാവും ഇനിയുണ്ടാവുക. പ്രൈമറി ക്ളാസുകളില്‍ ഇംഗ്ളീഷ് പഠനത്തിനു പീരിയഡുകള്‍ നീക്കിവച്ചും മലയാള ഭാഷാപഠനത്തിന് ഊന്നല്‍ നല്‍കി 'സര്‍ഗവേള'യെന്നപേരില്‍ ആഴ്ചയില്‍ ഓരോ മണിക്കൂര്‍ ഉപയോഗിച്ചും ഭാഷാപഠനത്തിനു കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ശ്രമിക്കുകയാണ്. അതു നല്ലതുതന്നെ. എന്നാല്‍, ഇത്തരം ചില ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടു മാത്രം നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസരംഗത്തു വേണ്ടത്ര കാര്യക്ഷമതയും ഗുണമേന്മയും കൊണ്ടുവരാന്‍ കഴിയുമോ എന്നു സംശയമുണ്ട്.

പഠനനിലവാരം കുറവാണെന്നതിന്റെ പേരില്‍ എട്ടാം ക്ളാസുവരെ ആരെയും തോല്‍പ്പിക്കരുതെന്നാണു ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ചെറിയ ക്ളാസുകളില്‍ അല്ലെങ്കില്‍ത്തന്നെ 'ഓള്‍പാസ്' നേരത്തേയുണ്ട്. അതിപ്പോള്‍ മുതിര്‍ന്ന ക്ളാസുകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഈ വര്‍ഷം പത്താം ക്ളാസിലെ റിക്കാര്‍ഡ് വിജയം ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഒരു കുട്ടി അംഗീകൃത സ്കൂളില്‍ പ്രവേശനം നേടിക്കഴിഞ്ഞാല്‍ 14 വയസുവരെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ തടസമില്ലാതെ കടന്നുപോകണമെന്നാണു കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. കുട്ടിക്ക് ഉയര്‍ന്ന ക്ളാസിലേക്കു പോകാനുള്ള നിലവാരമില്ലെന്നുകണ്ടാല്‍ അതു സ്കൂളിലെ പരിശീലനത്തിന്റെ പോരായ്മയായി കണക്കാക്കും.

സ്കൂള്‍ കുട്ടികള്‍ക്കു നിലവാരമുള്ള പഠന സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതു സമൂഹത്തിന്റെ ബാധ്യതയാണ്. സര്‍ക്കാര്‍ അതു നിര്‍വഹിക്കണം. സ്കൂള്‍ തുറക്കുന്നതിനു മുമ്പു പാഠപുസ്തം എത്തിക്കുമെന്ന് അധികൃതര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും ഇത്തവണയും ഇക്കാര്യത്തില്‍ പരാതി ഒഴിയില്ല. രണ്ട്, നാല്, ആറ്, എട്ട് ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക് ഈ വര്‍ഷം മാറ്റമുണ്ട്. ഈ പുസ്തകങ്ങള്‍ ആവശ്യത്തിനു പലേടത്തും ലഭ്യമായിട്ടില്ല. ഒന്‍പത്, പത്ത് ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ ഏപ്രിലിലെങ്കിലും വിതരണം ചെയ്യുമെന്നാണു പറഞ്ഞിരുന്നതെങ്കിലും പലേടത്തും എത്തിയിട്ടില്ല.

നിയമനാംഗീകാരം ലഭിക്കാത്ത സ്കൂള്‍ അധ്യാപകരുടെ പ്രശ്നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. കുടുംബം പുലര്‍ത്താന്‍ ഓട്ടോ ഓടിച്ചശേഷവും പെയിന്റിംഗ് ജോലി ചെയ്തിട്ടുമൊക്കെ വേണം ഇവരില്‍ പലര്‍ക്കും സ്കൂളിലെത്തി പഠിപ്പിക്കാന്‍. സ്കൂള്‍ മാനേജ്മെന്റുകള്‍ക്കും നിരവധി പരാതികളുണ്ട്. ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും എയ്ഡഡ് വിദ്യാഭ്യാസ മേഖലയോടു ചിറ്റമ്മനയമാണു സ്വീകരിക്കുക. ഉദ്യോഗസ്ഥര്‍ ഇതിനുള്ള വഴി കണ്െടത്തിക്കൊടുക്കും. 1959ല്‍ നിലവില്‍വന്ന കെഇആറില്‍ നിര്‍ദേശിച്ചിട്ടുള്ള 1:45 അനുപാതമാണ് ഇപ്പോഴും തുടരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി സ്പെഷലിസ്റ് അധ്യാപകരുടെ നിയമനം അംഗീകാരം ലഭിക്കാതെ കിടക്കുന്നു. അനധ്യാപകരുടെ നിയമനകാര്യത്തിലും പ്രശ്നങ്ങള്‍ ഏറെയാണ്. ഹയര്‍ സെക്കന്‍ഡറി മേഖലയിലും നിരവധി പ്രശ്നങ്ങളുണ്ട്. അധ്യാപകന്റെയും ക്ളാര്‍ക്കിന്റെയും പ്യൂണിന്റെയുമൊക്കെ ജോലി ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിന്റെ ചുമലിലാണിപ്പോഴും.


സംസ്ഥാനത്തെ സ്കൂളുകളില്‍ ഏതാനും ദിവസം മുമ്പ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശുചിത്വ പരിശോധന നടത്തിയിരുന്നു. അനാരോഗ്യകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്കൂളുകള്‍ കണ്െടത്തിയിട്ടുണ്ട്. സ്കൂളുകളോടനുബന്ധിച്ചു ശൌചാലയങ്ങളും മൂത്രപ്പുരകളും ആവശ്യത്തിനു നിര്‍മിക്കുകയും അവ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ പല സ്കൂളുകളിലും ഈ സൌകര്യങ്ങള്‍ അപര്യാപ്തമാണെന്നു കോടതിയും നിരീക്ഷിച്ചിരുന്നു.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കുട്ടികള്‍ക്കു ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ മാതാപിതാക്കള്‍ക്കും ഉത്തരവാദിത്വമുണ്ട്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സ്കൂള്‍ അധികൃതരുമൊക്കെ ശ്രദ്ധിക്കേണ്ട കുറെയേറെ കാര്യങ്ങള്‍ 'സ്കൂള്‍ ടൈം കൂള്‍ ടൈം' എന്ന പേരില്‍ ദീപിക ഈ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. കുട്ടികളുടെ ഭക്ഷണം, ആരോഗ്യം എന്നിവയുടെ കാര്യത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്കു തന്നെയാണു പ്രധാന ചുമതല. കുട്ടികള്‍ ഭക്ഷണക്രമവും സമയനിഷ്ഠയും പാലിക്കുന്നതിന്റെ തുടക്കം വീട്ടില്‍നിന്നു തന്നെയാവണം. സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ സ്കൂള്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന കുട്ടികളുടെ കാര്യത്തിലും അധികൃതര്‍ക്കു പ്രത്യേക ശ്രദ്ധയുണ്ടാകണം. സ്വകാര്യബസുകാര്‍ കുട്ടികളോടു കാണിക്കുന്ന അയിത്തത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കണം.

കുട്ടികളുടെ വ്യക്തിത്വവും സാമൂഹ്യബോധവും രൂപപ്പെടുന്ന ഘട്ടമാണു സ്കൂള്‍ ജീവിതകാലം. ഇതില്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും വലിയ പങ്കാണുള്ളത്. കുട്ടികളുടെ സുഹൃദ്ബന്ധങ്ങളെക്കുറിച്ചു മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. ധാര്‍മികതയും മൂല്യബോധവുമൊക്കെ കുട്ടികളില്‍ ചെറുപ്പത്തിലേ വളരണം. അപകടകരമായ പ്രവണതകളുടെ വലകളില്‍ പെട്ടുപോകാതിരിക്കാനുള്ള ആത്മബലവും അവര്‍ക്കു ലഭിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും സ്കൂള്‍ കുട്ടികളില്‍നിന്ന് അകലെയായിരിക്കുന്നതുതന്നെയാണു നന്ന്. അഥവാ അവയുടെ ഉപയോഗം അനിവാര്യമെങ്കില്‍ മാതാപിതാക്കളുടെ കര്‍ശന നിരീക്ഷണം ഉണ്ടായിരിക്കണം.

കുട്ടികള്‍ക്കു നല്ല മാതൃകകള്‍ സമൂഹത്തില്‍ ഇല്ലാതാവുന്നുവെന്നതു വലിയൊരു പ്രശ്നമാണ്. അതേസമയം, നെഗറ്റീവ് മാതൃകകള്‍ ധാരാളമുണ്ട്. അവ അനുകരിക്കാനായിരിക്കും കുട്ടികള്‍ക്കു കൂടുതല്‍ വ്യഗ്രത. സങ്കീര്‍ണമാണ് ഇപ്പോള്‍ ഒരു കുട്ടിയുടെ സ്കൂള്‍ജീവിത കാലഘട്ടം. അത് ഒഴിവാക്കാനാവില്ലാത്തതിനാല്‍ വിവേകത്തോടെ ഇക്കാലം കടക്കാന്‍ അവരെ പ്രാപ്തരാക്കുകയാണു വേണ്ടത്. പുതിയ അധ്യയനവര്‍ഷം മുതല്‍ മികച്ചൊരു സ്കൂള്‍ സംസ്കാരത്തിനായി ശ്രമം നടക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.