ഹരിതം
ഹരിതം
Saturday, May 30, 2015 12:29 AM IST
പ്രജനനകാലമായി... ശ്രദ്ധിച്ചാല്‍ ജയന്റ് ഗൌരാമിയെ വരുമാനമാര്‍ഗമാക്കാം

ഐബിന്‍ കാണ്ടാവനം


വലുപ്പംകൊണ്ടും രുചികൊണ്ടും മത്സ്യപ്രേമികളുടെ പ്രിയപ്പെട്ട മത്സ്യമാണ് ജയന്റ് ഗൌരാമി. കേരളത്തിലുടെനീളം ഗൌരാമികളെ വളര്‍ത്തുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍, കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ആളുകളും നിരവധിയാണ്. അല്പമൊന്നു ശ്രദ്ധിച്ചാന്‍ ജയന്റ് ഗൌരാമികളെ വളര്‍ത്തി നല്ല വരുമാനമുണ്ടാക്കാന്‍ കഴിയും.

3.5-4 വര്‍ഷംകൊണ്ട് പ്രായപൂര്‍ത്തിയാകുന്ന ഗൌരാമികളെ ജോടി തിരിച്ചോ പരമാവധി മൂന്ന് പെണ്‍മത്സ്യങ്ങള്‍ക്ക് ഒരു ആണ്‍മത്സ്യം എന്ന രീതിയിലോ പ്രജനനത്തിനായി കുളത്തില്‍ നിക്ഷേപിക്കാം. പ്രജനന കുളത്തില്‍ മറ്റു മത്സ്യങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. കുളത്തിന്റെ വലിപ്പം അനുസരിച്ചേ ആണ്‍മത്സ്യങ്ങളുടെ എണ്ണം കൂടുതലാവാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം പ്രജനനത്തിനായി കൂടുണ്ടാക്കുമ്പോള്‍ ആണ്‍മത്സ്യങ്ങള്‍ പരസ്പരം കൂടുകള്‍ നശിപ്പിക്കും.10ഃ10 അടി വലിപ്പമുള്ള കുളത്തില്‍ സാധാരണഗതിയില്‍ ഒരു ജോടി ഗൌരാമികളെ നിക്ഷേപിക്കാം.

പ്രജനന കുളം തയാറാക്കുമ്പോള്‍

സീല്‍പോളിന്‍ കുളങ്ങളോ പാറക്കുളങ്ങളോ സിമന്റ് ടാങ്കുകളോ പ്രജനനത്തിനായി ഉപയോഗിക്കാം. നല്ല സൂര്യപ്രകാശമേല്‍ക്കുന്ന കുളങ്ങളാണ് പ്രജനനത്തിന് ഏറ്റവും അനുയോജ്യം. പരമാവധി മൂന്നര അടിയായി വെള്ളം ക്രമീകരിക്കുന്നത് ഗൌരാമികള്‍ക്കു മുട്ടയിടാന്‍ കൂടുതല്‍ സഹായകരമായിരിക്കും. കുളത്തിലേക്ക് പുല്ല് വളര്‍ത്തി ഇറക്കുന്നത് നന്ന്. അതിന് അവസരമില്ലെങ്കില്‍ മുളകൊണ്േടാ പിവിസി പൈപ്പ് ഉപയോഗിച്ചോ ഫ്രെയിം നിര്‍മിച്ച് കുളത്തിന്റെ ഭിത്തിയില്‍ ഉറപ്പിച്ചു നല്കാം. ജലോപരിതലത്തിനു ചേര്‍ന്നായിരിക്കണം ഫ്രെയിം ഉറപ്പിച്ചു നല്കേണ്ടത്. മുട്ടയിടാനായുള്ള കൂട് നിര്‍മിക്കുന്നതിനായി ഉണങ്ങിയ പുല്ലോ പ്ളാസ്റിക് ചാക്കിന്റെ നൂലുകളോ നല്കാം. അനുകൂല സാഹചര്യമാണെങ്കില്‍ ഗൌരാമികള്‍ കൂട് നിര്‍മിച്ച് മുട്ടയിടും.

ലിംഗനിര്‍ണയം

പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് ഗൌരാമികളുടെ ലിംഗനിര്‍ണയം. ശ്രദ്ധിച്ചാല്‍ പെട്ടെന്നുതന്നെ അത് മനസിലാക്കാനും കഴിയും. ആണ്‍മത്സ്യത്തെ അവയുടെ തടിച്ച് മുമ്പോട്ടുന്തിയ കീഴ്ത്താടികൊണ്ട് തിരിച്ചറിയാം. കീഴ്ത്താടിക്ക് നല്ല മഞ്ഞ നിറവുമായിരിക്കും. കൂടാതെ ഇരു വശങ്ങളിലെയും ചിറകുകളുടെ (ജലരീൃമഹ എശി) ചുവട്ടില്‍ വെള്ള നിറവുമായിരിക്കും. പെണ്‍മത്സങ്ങള്‍ക്ക് ആണ്‍മത്സ്യങ്ങളെ അപേക്ഷിച്ച് വലുപ്പം കുറവും വശങ്ങളിലെ ചിറകുകളുടെ ചുവട്ടില്‍ കറുപ്പ് നിറവുമായിരിക്കും. ഈ അടയാളമാണ് 100 ശതമാനം ഉറപ്പോടെ ലിംഗനിര്‍ണയം സാധ്യമാക്കുന്നത്.

പ്രജനനം

സാധാരണ മെയ്-ജൂലൈ, ഒക്ടോബര്‍- ഡിസംബര്‍ എന്നിങ്ങനെ രണ്ടു പ്രജനനകാലമാണുള്ളത്. കാലാവസ്ഥയിലെ മാറ്റങ്ങള്‍ അനുസരിച്ച് പ്രജനനകാലത്തിനും മാറ്റം വരാം. മത്സ്യങ്ങളെ നിക്ഷേപിച്ചുകഴിഞ്ഞാല്‍ കൂട് നിര്‍മിക്കുന്നതിനാവശ്യമായ ഉണങ്ങിയ പുല്ല്, ചാക്ക് അവശിഷ്ടങ്ങള്‍ എന്നിവ നല്കാം. ആണ്‍മത്സ്യമാണ് കൂട് നിര്‍മിക്കുന്നത്. മൂന്നു ദിവസംകൊണ്ട് പൂര്‍ത്തിയാകുന്ന കൂട്ടില്‍ പെണ്‍മത്സ്യം മുട്ടകള്‍ നിക്ഷേപിക്കുന്നതിനൊപ്പം ആണ്‍മത്സ്യം ബീജവര്‍ഷം നടത്തും. 24 മണിക്കൂറുമതി മുട്ടവിരിയാന്‍. ശേഷം 20-25 ദിവസത്തോളം കഞ്ഞുങ്ങള്‍ കൂടിനുള്ളിലായിരിക്കും. ഈ കാലയളവില്‍ അന്തരീക്ഷത്തില്‍നിന്നു നേരിട്ടു ശ്വസിക്കുന്ന പ്രത്യേക ശ്വസനാവയവം (ഘമയ്യൃശിവേ ഛൃഴമി) രൂപപ്പെടുന്നതിനാല്‍ വെള്ളത്തിനു ചൂട് വേണം. അല്ലാത്തപക്ഷം കുഞ്ഞുങ്ങള്‍ ചത്തുപോകും. സൂര്യപ്രകാശം നന്നായി ഏല്‍ക്കുന്ന കുളമാണെങ്കില്‍ ഈ പ്രശ്നം ഒഴിവാക്കാം.

20-25 ദിവസംകൊണ്ട് മീനിന്റെ ആകൃതിയായി, സ്വയം തീറ്റതേടാന്‍ പ്രാപ്തിയാകുമ്പോഴാണ് കുഞ്ഞുങ്ങള്‍ കൂട്ടില്‍നിന്നു വെളിയിലിറങ്ങുക. കുഞ്ഞുങ്ങള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷം ലഭ്യമാക്കാന്‍ പച്ചച്ചാണകം, ആട്ടിന്‍കാഷ്ഠം എന്നിവ കുളത്തില്‍ നിക്ഷേപിക്കുന്നത് നന്ന്. ഇവയില്‍നിന്നുണ്ടാകുന്ന ആല്‍ഗകള്‍ കുഞ്ഞുങ്ങള്‍ ഭക്ഷണമാക്കിക്കൊള്ളും. കൈത്തീറ്റ കഴിക്കാറാകുമ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന സ്റാര്‍ട്ടര്‍ തീറ്റ നല്കാം. മൂന്നു മാസം കഴിയുമ്പോള്‍ കുഞ്ഞുങ്ങള്‍ വില്പനയ്ക്കു തയാറാകും. കുഞ്ഞുങ്ങള്‍ക്കു കൂര്‍ത്ത മുഖവും ശരീരത്തില്‍ വരകളും വാലിനോടുചേര്‍ന്ന് ഇരുവശത്തും കറുത്ത പൊട്ടുകളുമുണ്ടായിരിക്കും. മറ്റു മീനുകളെ അപേക്ഷിച്ച് ഗൌരാമികള്‍ക്ക് ആദ്യവര്‍ഷം പൊതുവേ വളര്‍ച്ച കുറവായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9539720020


ആടുവസന്തയെ അറിയുക

ഡോ. സാബിന്‍ ജോര്‍ജ് അസിസ്റന്റ് പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണുത്തി

ആടുകളില്‍ കാണപ്പെടുന്ന പകര്‍ച്ചവ്യാധികളില്‍ പ്രധാനമായ ആടുവസന്തയ്ക്കെതിരായ പ്രതിരോധ മരുന്ന് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്തിനടുത്ത് പാലോടുള്ള സ്ഥാപനത്തില്‍നിന്ന് ഉത്പാദിപ്പിക്കാന്‍ തുടങ്ങുകയാണ്. ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ആടുവസന്തയെ അറിയാനും, പ്രതിരോധിക്കാനും ഇത് കര്‍ഷകരെ സജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പെസ്റ് ഡെസ് പെറ്റിറ്റ്സ് റൂമിനന്റ്സ് (പിപിആര്‍) എന്നാണ് ആടുവസന്തയുടെ യഥാര്‍ത്ഥ നാമം. മോര്‍ബിലി ഇനത്തില്‍പ്പെട്ട ഒരു വൈറസാണ് രോഗകാരണം. 1942ല്‍ പശ്ചിമ ആഫ്രിക്കയില്‍നിന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ രോഗം 1987ല്‍ ഇന്ത്യയിലും 2005ല്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.

ആട്, ചെമ്മരിയാട് എന്നിവയിലാണ് ഈ രോഗം കാണപ്പെടുന്നത്. പശു, എരുമ, ഒട്ടകം, പന്നി എന്നിവയില്‍ ലഘുരൂപത്തില്‍ കാണപ്പെട്ടേക്കാം. എന്നാല്‍, ആടുവസന്ത മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല. ശക്തമായ പനി, വിശപ്പില്ലായ്മ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ചുമ, തുമ്മല്‍, വയര്‍സ്തംഭനം, കണ്ണില്‍നിന്ന് ഒലിവ് തുടങ്ങിയ ലക്ഷണങ്ങളണ് ആടുവസന്തയ്ക്കുള്ളത്. പിന്നീട് വെള്ളംപോലെ വയറിളകുന്നു. ചോരകലര്‍ന്ന വയറിളക്കവുമുണ്ടാകും. ശരീരത്തില്‍നിന്ന് ജലം നഷ്ടപ്പെട്ട് ക്ഷീണം ബാധിച്ച് മരണം സംഭവിക്കാം.

ഒന്നര മുതല്‍ രണ്ട് വയസുവരെയുള്ള ആടുകളില്‍ രോഗം മാരകമായിത്തീരും. മഴക്കാലത്ത് ഈ രോഗം കൂടുതലായി കാണപ്പെടുന്നു. രോഗം ബാധിച്ച മൃഗങ്ങളുടെ ശരീരസ്രവങ്ങള്‍ വഴി മറ്റുള്ളവയിലേക്ക് രോഗം പകരുന്നു. തീറ്റ, വെള്ളം എന്നിവയിലൂടെയും രോഗം പകരാം. കന്നുകാലിച്ചന്തകള്‍, പ്രദര്‍ശനങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങി മൃഗങ്ങള്‍ കൂട്ടമായി വരുന്ന സ്ഥലങ്ങളില്‍ രോഗം അതിവേഗം പടരുന്നു. രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കലും, ലബോറട്ടറി പരിശോധനയിലൂടെയുമാണ് രോഗനിര്‍ണയം നടത്തുന്നത്. വൈറസ് രോഗമായതിനാല്‍ ചികിത്സയില്ല. രോഗലക്ഷണങ്ങള്‍ ശമിപ്പിക്കാന്‍ ആന്റിബയോട്ടിക്കുകള്‍, ഗ്ളൂക്കോസ് എന്നിവ നല്‍കാം.

രോഗബാധിതരായ മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും, മറ്റു സംസ്ഥാനങ്ങളില്‍നിന്നും അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും കൊണ്ടുവരുന്ന മൃഗങ്ങളെ നിശ്ചിത കാലയളവില്‍ നിരീക്ഷിച്ചതിനുശേഷം മാത്രമേ ഫാമില്‍ പ്രവേശിപ്പിക്കാവൂ. രോഗപ്രതിരോധ കുത്തിവയ്പാണ് രോഗപ്രതിരോധത്തിനുള്ള ഉത്തമ മാര്‍ഗം. രോഗവിമുക്തി നേടിയ ആടുകള്‍ രോഗപ്രതിരോധശേഷി കൈവരിക്കുന്നതിനാല്‍ പിന്നീട് രോഗം വരാനുള്ള സാധ്യത കുറവണ്.

ഫോണ്‍: 9446203839
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.