പാറമ്പുഴ: കൊല നടത്തിയ വീട്ടില്‍ പ്രതിയെ എത്തിച്ചു
പാറമ്പുഴ: കൊല നടത്തിയ വീട്ടില്‍ പ്രതിയെ എത്തിച്ചു
Saturday, May 30, 2015 12:25 AM IST
കോട്ടയം: മാധ്യമങ്ങളെയും നാട്ടുകാരെയും അറിയിക്കാതെ പാറമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി നരേന്ദര്‍കുമാറിനെ കൊല നടത്തിയ മൂലേപ്പറമ്പില്‍ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പു നടത്തി. പ്രതിക്കുനേരേ കൈയേറ്റമുണ്ടായേക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണു തെളിവെടുപ്പ് പരമരഹസ്യമാക്കിയത്. 40 പോലീസുകാരുടെ അകമ്പടിയില്‍ പോലീസ് ബസിലാണ് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു പ്രതിയെ കൊലപാതകം നടന്ന മൂലേപ്പറമ്പില്‍ വീട്ടിലെത്തിച്ചത്. പ്രതിക്കുനേരേ ആസിഡ് പ്രയോഗം നടത്താന്‍ ചിലര്‍ മുതിര്‍ന്നേക്കുമെന്ന പ്രചാരണത്തിനിടെയാണു തെളിവെടുപ്പ് രഹസ്യമാക്കിയത്.

കരുതലായി മറ്റൊരു ബസില്‍ എആര്‍ ക്യാമ്പില്‍നിന്ന് 30 പോലീസുകാര്‍ അകമ്പടിയായെത്തി. കൊലപാതകം നടന്ന അലക്കുസ്ഥാപനത്തിലും വീട്ടിലും എത്തിക്കുമ്പോള്‍ പ്രതിക്കു യാതൊരു ഭാവമാറ്റവുമുണ്ടായിരുന്നില്ല. പ്രവീണിനെ കഴുത്തിനു വെട്ടിയും തലയ്ക്ക് അടിച്ചും പിന്നീടു ഷോക്കേല്‍പ്പിച്ചും കൊലപ്പെടുത്തിയതും മറ്റും പ്രതി കാണിച്ചുകൊടുത്തു. പിന്നീടു ലാലസനെയും പ്രസന്നകുമാരിയെയും കൊല ചെയ്തത് എങ്ങനെയാണെന്നും പ്രതി കാണിച്ചു. അറിയിപ്പില്ലാതെ എത്തിയതിനാല്‍ ദിവസങ്ങളായി ഇവിടെ കാത്തുനിന്ന നാട്ടുകാരില്‍ വലിയ വിഭാഗത്തിനും പ്രതിയെ കാണാനായില്ല.


കൊലയ്ക്കുശേഷം പ്രതി എറിഞ്ഞുകളഞ്ഞ കൈലി പുരയിടത്തില്‍നിന്നു കണ്െടടുത്തു. പത്തു മിനിറ്റിനുള്ളില്‍ തെളിവെടുപ്പ് അവസാനിപ്പിച്ചു പ്രതിയുമായി പോലീസ് മടങ്ങി. പ്രതിയെ ഇന്നു കോട്ടയം ഫസ്റ് ക്ളാസ് ജുഡിഷല്‍ മജിസ്ട്രേറ്റ്കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നു പ്രതിയെ സബ് ജയിലിലേക്കു റിമാന്‍ഡ് ചെയ്യും. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ കൊടുക്കുമെന്നു കേസ് അന്വേഷണ ചുമതലയുള്ള കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.