കൊച്ചി മെട്രോ: ആദ്യഘട്ടം ആലുവ മുതല്‍ പാലാരിവട്ടം വരെ പരിമിതപ്പെടുത്തിയേക്കും
കൊച്ചി മെട്രോ: ആദ്യഘട്ടം ആലുവ മുതല്‍ പാലാരിവട്ടം വരെ പരിമിതപ്പെടുത്തിയേക്കും
Saturday, May 30, 2015 12:24 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം ആലുവ മുതല്‍ പാലാരിവട്ടം വരെയാക്കി പരിമിതപ്പെടുത്തിയേക്കും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൌണ്ട് സ്റേഷന്‍ വരെയുള്ള മെട്രോ പൂര്‍ത്തീകരണം ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും അടുത്ത വര്‍ഷം ജൂണില്‍ അതു സാധ്യമാകുമോയെന്നു വ്യക്തമല്ല.

കൊച്ചി മെട്രോ അടുത്തവര്‍ഷം ജൂണില്‍ തന്നെ ഓടിക്കാന്‍ സാധിക്കുമെന്ന് നിര്‍മാണ ചുമതല വഹിക്കുന്ന ഡിഎംആര്‍സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുമ്പോഴും നിര്‍മാണപ്രവര്‍ത്തനത്തില്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയാണ്.

മെട്രോ നിര്‍മാണം 2017 ജൂണില്‍ പൂര്‍ത്തിയാക്കണമെന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആര്‍എല്‍) ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും (ഡിഎംആര്‍സി) തമ്മില്‍ ഉണ്ടാക്കിയ കരാര്‍ എന്ന് ഇന്നലെ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ഇ. ശ്രീധരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, മൂന്നു വര്‍ഷത്തിനകം പദ്ധതിയുടെ ഒരു ഭാഗമെങ്കിലും പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി തന്നോട് അഭ്യര്‍ഥിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് അടുത്ത വര്‍ഷം ജൂണില്‍ മെട്രോ ഓടിക്കാമെന്നു താന്‍ സമ്മതിച്ചത്. അതു പാലിക്കാന്‍ കഴിയുമെന്ന പൂര്‍ണ വിശ്വാസമുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗത്തെ നിര്‍മാണപ്രവര്‍ത്തനത്തിന്റെ 75 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ ഭാഗത്തെ മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണവും ഡിസംബറില്‍ പൂര്‍ത്തിയാകും. മെട്രോ കോച്ചുകളുടെ മെയിന്റനന്‍സിനായുള്ള മെട്രോ യാര്‍ഡിന്റെ നിര്‍മാണം മുട്ടത്ത് പുരോഗമിക്കുകയാണ്. ജൂലൈ ആദ്യവാരത്തില്‍ പാളങ്ങള്‍ സ്ഥാപിക്കുന്ന നടപടി തുടങ്ങും.

മെട്രോയുടെ കോച്ചുകള്‍ ഡിസംബറില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവയുടെ അസംബ്ളിംഗ് പൂര്‍ത്തിയാക്കാന്‍ ഒരു മാസമെടുക്കും. ജനുവരി അവസാനമോ ഫെബ്രുവരിയോടെയോ ട്രയല്‍ റണ്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥലം ഏറ്റെടുത്തു നല്‍കുന്ന ജോലികള്‍ ഏതാനും ദിവസം മുന്‍പു മാത്രമാണ് പൂര്‍ത്തിയായത്.


തൊഴിലാളിക്ഷാമമാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി. അതു പരിഹരിക്കാന്‍ സാധിക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു. മെട്രോ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാണം ആരംഭിച്ച് ഏറ്റവും വേഗത്തില്‍ സര്‍വീസ് തുടങ്ങുന്ന മെട്രോ പദ്ധതി എന്ന ഖ്യാതിയിലേക്ക് ഉയരുന്ന കൊച്ചി മെട്രോയുടെ ആദ്യഘട്ടം ആസൂത്രണം ചെയ്തത് ആലുവ മുതല്‍ പേട്ട വരെയാണ്. ഇതു പിന്നീട് തൃപ്പൂണിത്തുറ വരെ നീട്ടാന്‍ തീരുമാനിച്ചിരുന്നു. നിര്‍മാണവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ആദ്യ ഘട്ടം ആലുവ മുതല്‍ എറണാകുളം എംജി റോഡില്‍ മഹാരാജാസ് ഗ്രൌണ്ട് സ്റേഷന്‍ വരെയായി പിന്നീട് പരിമിതപ്പെടുത്തി. ഏതെങ്കിലും കാരണവശാല്‍ മഹാരാജാസ് സ്റേഷന്‍ വരെയുള്ള നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ പോലും പാലാരിവട്ടം വരെയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതുപോലെ ജൂണില്‍ മെട്രോ ഓടിക്കുമെന്ന സൂചനയാണ് ഇ. ശ്രീധരന്‍ ഇന്നലെ നല്‍കിയത്.

ഇന്നലെ കൊച്ചിയിലെത്തിയ അദ്ദേഹം ആലുവ മുതലുള്ള നിര്‍മാണ പുരോഗതി വിലയിരുത്തി. മുട്ടം യാര്‍ഡ് അടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ആലുവ മുതല്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വരെയുള്ള ആദ്യ രണ്ടു കോറിഡോറുകളുടെ കരാര്‍ എടുത്തിരിക്കുന്ന എല്‍ ആന്‍ഡ് ടി പ്രതിനിധികളെ കണ്ട ശ്രീധരന്‍ നിര്‍മാണം കൂടുതല്‍ വേഗത്തിലാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കി. ഡിഎംആര്‍സി ഉദ്യോഗസ്ഥരുമായും വിവിധ കരാരുകാരുടെ പ്രതിനിധികളുമായും അദ്ദേഹം ചര്‍ച്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.