സര്‍വകലാശാലകളിലെ നിയമനം: പിഎസ്സിക്കുവിട്ടു നാലര വര്‍ഷമായിട്ടുംപ്രാബല്യത്തിലായില്ല
Saturday, May 30, 2015 12:24 AM IST
പ്രത്യേക ലേഖകന്‍

തൃശൂര്‍: സര്‍വകലാശാലകളിലെ നിയമനം പബ്ളിക് സര്‍വീസ് കമ്മീഷനു വിട്ടുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി നാലര വര്‍ഷമായിട്ടും പ്രാബല്യത്തിലായില്ല. സര്‍ക്കാരിന്റെ ഉത്തരവില്‍ ഗവര്‍ണറുടെ ഒപ്പുവീഴാന്‍തന്നെ രണ്ടു വര്‍ഷം വേണ്ടിവന്നു. ഗവര്‍ണര്‍ ഒപ്പുവച്ചിട്ടും ഭരണഘടന അനുസരിച്ചുള്ള നിയമനിര്‍മാണം ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല.

സര്‍വകലാശാലകളിലെ നിയമനാധികാരം ത്രിശങ്കുസര്‍ഗത്തിലായ അവസ്ഥയിലാണിപ്പോള്‍. സ്വയംഭരണാവകാശമുള്ള യൂണിവേഴ്സിറ്റികള്‍ക്കു സ്വതന്ത്രമായി നിയമനം നടത്താനാകില്ല, നിയമന ചുമതല പിഎസ്സി ഏറ്റെടുത്തിട്ടുമില്ല. മിക്ക സര്‍വകലാശാലകളിലും അനേകം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ അറുനൂറോളം അനധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. വേണ്ടത്ര ജീവനക്കാരില്ലാതെ സര്‍വകലാശാലയുടെ പ്രവര്‍ത്തനംതന്നെ സ്തംഭിക്കുന്ന അവസ്ഥയിലാണ്.

സര്‍വകലാശാലകളിലെ നിയമനങ്ങള്‍ പിഎസ്സിക്കു വിടാന്‍ 2010 ഡിസംബറില്‍ സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചതാണ്. ഇതു സംബന്ധിച്ച സ്റാറ്റ്യൂട്ടില്‍ ഗവര്‍ണര്‍ 2012 നവംബര്‍ 24ന് ഒപ്പുവയ്ക്കുകയും ചെയ്തു. ഗവര്‍ണര്‍ ഒപ്പുവച്ച ഓര്‍ഡിനന്‍സ് ഭരണഘടനയുടെ 321 -ാം അനുച്ഛേദമനുസരിച്ചു പ്രാബല്യത്തിലാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ കാര്‍ഷിക സര്‍വകലാശാല സ്ഥിരം തസ്തികകളിലേക്കു നിയമനം നടത്താനുള്ള തിരക്കിട്ട നീക്കത്തിലാണ്. വൈസ് ചാന്‍സലറുടെ എതിര്‍പ്പ് അവഗണിച്ചു നിയമനത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതു പ്രോ ചാന്‍സലറായ മന്ത്രിയുടെ നേതൃത്വത്തിലാണ്.


നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കഴിഞ്ഞ 27നു കൃഷിമന്ത്രി കെ.പി. മോഹനന്റെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗം ചര്‍ച്ചചെയ്തിരുന്നു. ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി, കാര്‍ഷികോത്പാദന കമ്മീഷണര്‍, സര്‍വകലാശാല വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, കൃഷിവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

കാര്‍ഷിക സര്‍വകലാശാലയിലെ അനുവദനീയമായ തസ്തികകളില്‍ 60 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണെന്നു സര്‍വകലാശാല രജിസ്ട്രാര്‍തന്നെ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈ 19നു ചേര്‍ന്ന ജനറല്‍ കൌണ്‍സില്‍ യോഗം ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. താത്കാലിക ജീവനക്കാരെ നിയമിച്ചാണ് ഇപ്പോള്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. 157 അസിസ്റന്റുമാര്‍, 66 ടൈപ്പിസ്റുമാര്‍, 102 ഫാം ഓഫീസര്‍, 228 ക്ളാസ് ഫോര്‍ ജീവനക്കാര്‍, 23 ഓവര്‍സീയര്‍മാര്‍ തുടങ്ങിയ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

സര്‍വകലാശാലയിലെ മുന്‍ ഭരണസമിതിയുടെ കാലത്തുതന്നെ കരാര്‍ നിയമനനീക്കം സജീവമായിരുന്നു. നിയമനങ്ങള്‍ക്കായി ഭരണകക്ഷി യൂണിയന്റെ ചരടുവലികള്‍ക്കെതിരേ വൈസ് ചാന്‍സലര്‍ ഇടപെട്ടതുമൂലം നിയമനം ഭാഗികമായി മുടങ്ങി.

കഴിഞ്ഞ 21നു ഭരണ സമിതി യോഗത്തില്‍ ഭരണകക്ഷി യൂണിയന്‍ വിഷയം അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്നാണു പ്രോ ചാന്‍സലറായ മന്ത്രിയെക്കൊണ്ട് ഉന്നതതലയോഗം വിളിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.