അക്രമികള്‍ സൂക്ഷിക്കുക, നിങ്ങളുടെ തലയ്ക്കു മുകളിലും പോലീസിന്റെ കണ്ണുണ്ട്!
അക്രമികള്‍ സൂക്ഷിക്കുക, നിങ്ങളുടെ തലയ്ക്കു മുകളിലും പോലീസിന്റെ കണ്ണുണ്ട്!
Friday, May 29, 2015 11:21 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: ആള്‍ക്കൂട്ടത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവര്‍ സൂക്ഷിക്കുക, നിങ്ങളുടെ ഇടത്തും വലത്തും മാത്രമല്ല, തലയ്ക്കു മുകളിലും ഇനി പോലീസിന്റെ കണ്ണുണ്ടാവും. കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസ് ഹെലികാം ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. കൊച്ചിപോലീസാണു പറക്കുംകാമറ ഒരുക്കി കുറ്റവാളികള്‍ക്കെതിരേ രംഗത്തിറങ്ങുന്നത്. അമേരിക്കയുടെ ആളില്ലാ വിമാനത്തെ ഓര്‍മിപ്പിക്കുന്ന ഹെലികാം ഇപ്പോള്‍ പല പരിപാടികള്‍ക്കും ഉപയോഗിക്കുന്നുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ക്കു മുകളിലൂടെ ചുറ്റിക്കറങ്ങി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഈ കൊച്ചു ഡ്രോണ്‍ ഇപ്പോള്‍ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകള്‍ മുതല്‍ കല്യാണം ഷൂട്ട് ചെയ്യുന്നവര്‍ വരെ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

കാമറ ഘടിപ്പിച്ച ഈ കുഞ്ഞന്‍ വിമാനങ്ങള്‍ കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റവാളികളെ പിടികൂടാനും ഇനി പോലീസിനും സഹായകമാകും. യുപിയില്‍ പോലീസിനെ സഹായിക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പോലീസില്‍ ചേര്‍ത്തു കഴിഞ്ഞു. ഡ്രോണുകളില്‍ ഘടിപ്പിച്ചിരിക്കുന്ന കാമറകള്‍ വഴി ദൃശ്യങ്ങള്‍ തത്സമയം കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാകും. ജനക്കൂട്ടത്തെ പിരിച്ചുവിടാനും അക്രമം തടയാനും ഇവ നല്‍കുന്ന ദൃശ്യങ്ങള്‍ ഉപകാരപ്പെടുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാത്രമല്ല, കുരുമുളകുപൊടി വിതറി അക്രമിസംഘത്തെ തുരത്താനും ഇവയ്ക്കുകഴിയും. പീച്ചാംകുഴലില്‍ കുരുമുളകുപൊടിയുമായി പോലീസുകാര്‍ കുഴപ്പക്കാരുടെ പിറകേ പായേണ്ടതില്ലെന്നു ചുരുക്കം.


യുപിയില്‍ കഴിഞ്ഞ വര്‍ഷം മുഹറം, ലഖ്നോ മഹോത്സവ്, റിപ്പബ്ളിക് ദിനം തുടങ്ങിയ ആഘോഷ ദിവസങ്ങളില്‍ സംസ്ഥാന പോലീസ് ഡ്രോണ്‍ നിരീക്ഷണ കാമറകള്‍ വാടകയ്ക്കുവാങ്ങി ഉപയോഗിച്ചിരുന്നു. ഇതു ഫലപ്രദമാണെന്ന് വിലയിരുത്തിയാണ് ആഭ്യന്തരവകുപ്പ് ഈ സംവിധാനം നിലനിര്‍ത്താന്‍ തീരുമാനിച്ചത്. കൊച്ചി സിറ്റി പോലീസും ഈ മാതൃക സ്വീകരിക്കുകയാണ്. കൊച്ചിയില്‍ നടക്കുന്ന വമ്പന്‍ പരിപാടികള്‍ക്കു സുരക്ഷയൊരുക്കാന്‍ ഡ്രോണിന്റെ സഹായം വേണമെന്നു കൊച്ചി പോലീസ് ആഭ്യന്തര വകുപ്പിനോട് അഭ്യര്‍ഥിച്ചു കഴിഞ്ഞു.

കല്യാണവും മറ്റും ഷൂട്ട് ചെയ്യാന്‍ കുറഞ്ഞ ഇനം ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ആറു ലക്ഷം രൂപ വിലവരുന്ന ഡ്രോണുകള്‍ക്ക് 600 മീറ്റര്‍ മുതല്‍ ഒരു കിലോ മീറ്റര്‍ വ്യാസാര്‍ധ പരിധിയില്‍ വരെ നിരീക്ഷണം നടത്താന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട ചില ഏജന്‍സികള്‍ തങ്ങളെ സമീപിച്ചിട്ടുള്ളതായി പോലീസ് ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തി. കൊച്ചിയുടെ തന്ത്രപ്രധാനമായ തീരദേശങ്ങളില്‍ നിരീക്ഷണം നടത്താനും ഡ്രോണ്‍ ഉപയോഗിക്കാനാകും. പോലീസ് വാഹനങ്ങള്‍ക്കു കടന്നുചെല്ലാന്‍ കഴിയാത്ത ബ്രോഡ്വേ, വാക്ക്വേ പോലുള്ള സ്ഥലങ്ങളിലും ഡ്രോണ്‍ ഫലപ്രദമായിരിക്കും. യുദ്ധം, സിനിമാ മേഖലകളില്‍ ഡ്രോണ്‍ കാമറകള്‍ ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.