ആറന്മുള: തോടും നീര്‍ച്ചാലുകളും പൂര്‍വസ്ഥിതിയിലാക്കും
Friday, May 29, 2015 10:42 PM IST
പത്തനംതിട്ട: നിര്‍ദിഷ്ട ആറന്മുള വിമാനത്താവളത്തിനായി നികത്തിയ കരിമാരംതോട് പുനഃസ്ഥാപിക്കുമെന്നു ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഹൈക്കോടതിയെ അറിയിച്ചു. വിമാനത്താവളത്തിനായി നികത്തിയ സ്ഥലത്തു റവന്യു പുറമ്പോക്ക് ഭൂമിയുണ്െടന്നും തോടും നീര്‍ച്ചാലും നികത്തിയതായും ലാന്‍ഡ് റവന്യു കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ കണ്െടത്തുകയും ഇതു പുനഃസ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് 2013ല്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

നടപടി ഉണ്ടാകാതെ വന്നതോ ടെ ആറന്മുള സ്വദേശി മോഹനന്‍ ഹൈക്കോടതിയെ സമീപിച്ചു. ഒരു മാസത്തിനകം തോട് പുനഃസ്ഥാപിക്കാന്‍ 2014 ജൂണില്‍ ഉത്തരവിട്ടു. തുടര്‍ന്നു പുറമ്പോക്ക് സ്ഥലം അളന്നു തിട്ടപ്പെടുത്തുകയും നീക്കം ചെയ്യുന്ന മണ്ണ് ഏറ്റെടുക്കുന്നതിലേക്കു റെയില്‍വേ ഉള്‍പ്പെടെയുള്ളവരെ സമീപിക്കുകയും ചെയ്തു.

എന്നാല്‍, നടപടി നീണ്ടുപോയതിനേത്തുടര്‍ന്ന് മൂന്നു മാസത്തെ സാവകാശം തേടി കളക്ടര്‍ ഹൈക്കോടതിക്ക് അപേക്ഷ നല്‍കി. വീണ്ടും നാലുമാസത്തെ സാവകാശം കൂടി തേടി. ഇതിനിടെ, വിമാനത്താവളം നിര്‍മാണ കമ്പനിയായ കെജിഎസ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു വിഷയത്തില്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കാന്‍ ഹര്‍ജി നല്‍കി. കെജിഎസിന്റെ വാദം കൂടി കേട്ട് അടിയന്തരമായി തീരുമാനമെടുക്കാന്‍ ഹൈക്കോടതി കളക്ടറോടു നിര്‍ദേശിച്ചു. വീണ്ടും നടപടി നീണ്ടതോടെ കളക്ടര്‍ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി വന്നു.


ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്നലെ അവസാനിക്കിരിക്കവേയാണു കളക്ടറുടെ പുതിയ തീരുമാനം. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിനു കാത്തിരിക്കുകയാണെന്നായിരുന്നു ഇതു സംബന്ധിച്ചു ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍, വിമാനത്താവളത്തിനു കേന്ദ്ര വ്യോമയാന മന്ത്രാലയം നല്‍കിയിരുന്ന അനുമതി കൂടി പിന്‍വലിച്ചതോടെ ജില്ലാ കളക്ടറുടെ തീരുമാനവും കെജിഎസിന് എതിരായി. കെജിഎസ് ഉന്നയിച്ച വാദങ്ങള്‍ തള്ളിക്കൊണ്ടാ ണു കളക്ടറുടെ തീരുമാനം. നികത്തിയെടുത്ത തോടും നീര്‍ച്ചാലും പുറമ്പോക്ക് സ്ഥലമാണെന്ന നിഗമനത്തിലാണു കളക്ടറും എത്തിച്ചേര്‍ന്നത്. ഇതു പതി ച്ചു നല്‍കാമെന്നു സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്െടന്ന കെജിഎസ് വാദം തള്ളി. ഇത്തരത്തില്‍ തീരുമാനമെടുത്തു ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടില്ലെന്നു പറയുന്നു. തോട് പുനഃസ്ഥാപിക്കുന്നതു തങ്ങളുടെ പദ്ധതിക്കു തടസമാകുമെന്ന കെജിഎസ് വാദവും അംഗീകരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.