അഗ്നിപരീക്ഷ ജയിച്ച് അധ്യാപകര്‍, വിസ്മയമായി പരിശീലനം
അഗ്നിപരീക്ഷ ജയിച്ച് അധ്യാപകര്‍, വിസ്മയമായി പരിശീലനം
Friday, May 29, 2015 10:40 PM IST
സ്വന്തം ലേഖകന്‍

മാള: പതിനഞ്ചടി നീളത്തില്‍ കല്‍ക്കരി നിരത്തി ഡീസല്‍ ഒഴിച്ചു തയാറാക്കിയ അഗ്നികുണ്ഠം. അതിലൂടെ നടക്കുന്ന അധ്യാപകരും അധ്യാപികമാരും... കാണികള്‍ നടുക്കത്തോടെ കണ്ടുനിന്ന ഈ കാഴ്ച മാള ഗ്രെയ്സ് ഇന്റര്‍നാഷണ ല്‍ സ്കൂളിലെ അധ്യാപകര്‍ക്കായി ഒരുക്കിയ തീവ്രപരിശീലന വേദിയിലായിരുന്നു.

പത്തുദിവസം നീണ്ടുനിന്ന പരിശീലനം പുരോഗമിക്കുന്നതിനിടെ നാലാംദിവസമായിരുന്നു അധ്യാപകരുടെ അഗ്നിപരീക്ഷ. അഗ്നികുണ്ഠമൊരുക്കി പരിശീലകന്‍ തീക്കനലിലൂടെ നടക്കുന്നതിനു തയാറുള്ള ക്യാമ്പ് അംഗങ്ങളെ ക്ഷണിച്ചതും അമ്പതോളം അധ്യാപകരില്‍ കൈവിരലില്‍ എണ്ണാവുന്നവരൊഴിച്ച് എല്ലാവരും സാഹസിക പ്രകടനത്തിനു തിരക്കുകൂട്ടി. മുംബൈയില്‍നിന്നുള്ള ഹിസ്ററി അധ്യാപകന്‍ സച്ചിന്‍ ബോര്‍ക്കറായിരുന്നു ആദ്യം. പിന്നാലെ ഗോവക്കാരികളായ ഇലക്ട്ര, സ്റെഫി, മുംബൈക്കാരി നഫീസ...പിന്നെ മലയാളി അധ്യാപികമാരും. ഓരോരുത്തരായി തികഞ്ഞ ആത്മവിശ്വാസ ത്തോടെ അഗ്നികുണ്ഠത്തിലൂടെ നടക്കുന്ന വിസ്മയക്കാഴ്ചയായിരുന്നു പിന്നീട്. ഓരോരുത്തരും കടന്നുവരുമ്പോള്‍ പരിശീലകന്‍ അഗ്നികുണ്ഠത്തിലേക്കു ഡീസല്‍ ഒഴിച്ചു തീ കൂടുതല്‍ ജ്വലിപ്പിച്ചുകൊണ്ടിരുന്നു. ആദ്യം വന്നവരുടെ വിജയം കണ്ടതോടെ മാറിനിന്നവരും തീക്കടല്‍ കടന്നു.

ആശ്ചര്യഭാവത്തോടെ കണ്ടുനിന്ന രക്ഷിതാക്കളും വിദ്യാര്‍ഥികളും ഇതിനകം അഗ്നിപരീക്ഷണം നടത്താനുള്ള ആത്മവിശ്വാസം നേടിക്കഴിഞ്ഞിരുന്നു. സ്കൂള്‍ ചെയര്‍മാന്‍ ഡോ.രാജു ഡേവിസ് പെരേപ്പാടനും ഭാര്യയും മക്കളായ തെരേസ, അന്ന എന്നിവരും തികഞ്ഞ ആത്മവിശ്വാസത്തോടെ അഗ്നിയിലൂടെ കടന്നതോടെ പരീക്ഷണം പൂര്‍ണവിജയം.


കുപ്പിച്ചില്ലുകൊണ്ടു പരിശീലകന്‍ ഒരുക്കിയ മെത്തയിലൂടെ നടന്നും അധ്യാപകരുടെ ആത്മവിശ്വാസ പ്രകടനം ഉണ്ടായിരുന്നു. അതിലും എല്ലാവര്‍ക്കും ഫുള്‍ എ പ്ളസ്.

ശില്പശാലയില്‍ വിവിധ പാഠ്യവിഷയങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ ക്ളാസുകള്‍ക്കു പുറമേ സോ ഫ്റ്റ് സ്കില്‍ ട്രെയിനിംഗ്, ടൈം മാനേജ്മെന്റ്, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലനം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തു ദിവസം നീളുന്നതാണു ശില്പശാല. കേരളത്തില്‍ കോര്‍പറേറ്റ് ട്രെയിനിംഗ് നല്കുന്ന പാലക്കാട് ലീഡ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ഡോ.തോമസ് ജോര്‍ജും ടീമുമാണ് പരിശീലന പരിപാടിക്കു നേതൃത്വം നല്കുന്നത്.ഇടുക്കി ജില്ലയിലെ വാഗമണില്‍ വിംഗ് കമാന്‍ഡര്‍ ജി.ആര്‍. പാലട്ടിന്റെ നേതൃത്വത്തില്‍ മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ നല്കുന്ന രണ്ടുദിവസത്തെ തീവ്രപരിശീലനത്തോടെയാണ് ക്യാമ്പ് സമാപിക്കുക. ഏതു വിപരീത സാഹചര്യങ്ങളേയും തന്മയത്വത്തോടെ നേരിടാനുള്ള പരിശീലനമാണ് ഇവിടെ നല്കുക. പാരച്യൂട്ട് ഡൈവിംഗ്, റാപ്പളിംഗ്, മലകയറ്റം, റിവര്‍ ക്രോസിംഗ് തുടങ്ങിയവ ഇതിലുള്‍പ്പെടും.

കോര്‍പറേറ്റ് രംഗത്തുള്ള ഉന്നതര്‍ക്കുമാത്രം നടത്തപ്പെടുന്ന ഈ പരിശീലന പരിപാടി ആദ്യമായാണ് ഒരു സ്കൂളിലെ അധ്യാപകര്‍ക്കായി നടത്തുന്നതെന്നു സ്കൂള്‍ ചെയര്‍മാന്‍ ഡോ. രാജു ഡേവിസ് പെരേപ്പാടന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.