ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു
ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു
Thursday, May 28, 2015 11:54 PM IST
പാലാ: ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജിലെ ബിടെക് മെക്കാനിക്കല്‍ വിഭാഗം അവസാനവര്‍ഷ വിദ്യാര്‍ഥികളായ ചങ്ങനാശേരി വാഴപ്പള്ളി കല്ലുകളം എബിന്‍ സോണി (22), തൃശൂര്‍ ഒല്ലൂക്കര കൊള്ളന്നൂര്‍ ടോം ഡേവീസ് (22) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ചോടെ കോളജിന് മുന്‍വശത്താണ് അപകടമുണ്ടായത്. ഭരണങ്ങാനം ഭാഗത്തേയ്ക്കു പോവുകയായിരുന്ന ടിപ്പറും കോളജിലേക്ക് വരികയായിരുന്ന ബൈക്കും തമ്മില്‍ കോളജിന്റെ പ്രധാന കവാടത്തിനു അമ്പതു മീറ്റര്‍ അകലെവച്ചു കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍തന്നെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭരണങ്ങാനത്ത് സഹപാഠികള്‍ക്കൊപ്പം വാടക വീടെടുത്തു താമസിച്ചു പഠിക്കുകയായിരുന്ന ഇരുവരും ഇന്നലെ കോളജില്‍ നടന്ന യൂണിവേഴ്സിറ്റി പരീക്ഷയില്‍ പങ്കെടുക്കുന്നതിനു സുഹൃത്തിന്റെ ബൈക്കില്‍ എത്തിയതായിരുന്നു.


ടിപ്പര്‍ ഡ്രൈവര്‍ മേവട സ്വദേശി സുജിത്തിനെതിരേ പോലീസ് കേസെടുത്തു. ഇരുവരുടെയും മൃതദേഹം തെള്ളകത്തെ സ്വകാര്യ ആശുപത്രിമോര്‍ച്ചറിയിലേക്കു മാറ്റി. എബിന്‍ സോണിയുടെ പിതാവ് സോണി തോമസ് ഫെഡറല്‍ ബാങ്ക് മണിമല ബ്രാഞ്ച് മാനേജരാണ്. മാതാവ് ജെസി (എടത്വാ കുറുങ്ങാട്ടുമൂലയില്‍ കുടുംബാംഗം) ചങ്ങനാശേരി സെന്റ് ജോസഫ്സ് സ്കൂള്‍ അധ്യാപികയാണ്. സഹോദരങ്ങള്‍: ജോഫി (തിരുവനന്തപുരം ഗവ. എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി), ജിയന്ന (എല്‍കെജി വിദ്യാര്‍ഥി). ടോം ഡേവീസിന്റെ മാതാവ് നീന. സഹോദരി: ക്രിസ്മോള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.