റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും: രാഹുല്‍
റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും: രാഹുല്‍
Thursday, May 28, 2015 11:51 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ദേശീയ ശ്രദ്ധയില്‍കൊണ്ടുവരുമെന്ന് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആലുവ പാലസില്‍ റബര്‍ കര്‍ഷകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ റബര്‍ കര്‍ഷകരുടെ പ്രശ്നം അവതരിപ്പിക്കും. കേരളത്തില്‍ ഒരു റബര്‍മാര്‍ച്ച് നടത്താനായി കെപിസിസിയുമായി കൂടിയാലോചിച്ച് ഉടന്‍ തീരുമാനമെടുക്കും. വടക്കേ ഇന്ത്യയിലെ കര്‍ഷകരുടെ പ്രശ്നങ്ങളും കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങളും ഗുരുതരമാണെന്ന് രാഹുല്‍ പറഞ്ഞു.

സംഭരണത്തിന്റെ പ്രശ്നങ്ങളടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്തെ എല്ലാ റബര്‍ കര്‍ഷകരുടേയും അടിയന്തര യോഗം വിളിക്കുമെന്നു യോഗത്തില്‍ സംബന്ധിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. റബര്‍ കര്‍ഷകര്‍ക്കു വേണ്ടി യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത പല കാര്യങ്ങളും പൂര്‍ത്തിയാകാനുണ്ട്. കര്‍ഷകര്‍ക്കുവേണ്ടി സംസ്ഥാനം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. ഇനിയും അതു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധിക്കു മുന്നില്‍ അവതരിപ്പിച്ചത് മുന്‍ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.സി. സിറിയക് ആയിരുന്നു. റബര്‍ മേഖലയുടെ പ്രതിസന്ധിയുടെ പശ്ചാത്തലവും ആഴവും പ്രശ്നപരിഹാരത്തിനുള്ള വിശദാംശങ്ങളും അദ്ദേഹം അവതരിപ്പിച്ചു. കക്ഷിഭേദമന്യേ എല്ലാ എംപിമാരേയും സംഘടിപ്പിച്ച് പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ചു. റബര്‍ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവരണം. ന്യായവിലയ്ക്കു റബര്‍ സംഭരിക്കാന്‍ അവസരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


റബര്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നു റബര്‍ കര്‍ഷകന്‍ കൂടിയായ കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി പറഞ്ഞു. നിത്യചെലവുകള്‍ക്കു പോലും കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. റബര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്നും പ്ളാന്റിംഗ് സബ്സിഡി മുഴുവനായും കൊടുക്കണമെന്നും റബര്‍ ഉത്പാദക ദേശീയ ഫെഡറേഷന്‍ സെക്രട്ടറി ബാബു ജോസഫ് ആവശ്യപ്പെട്ടു.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി, വൈസ്പ്രസിഡന്റ് സുരേഷ് കോശി, എറണാകുളം ജില്ലാ പ്രസിഡന്റ് കെ.വി. ജേക്കബ്, കിസാന്‍ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ചിത്രഭാനു, റബര്‍ ഉത്പാദക സംഘങ്ങളെ പ്രതിനിധീകരിച്ച് അഡ്വ. സുരേഷ് പോറ്റി, മുസ്ലിംലീഗ് ഫാര്‍മേഴ്സ് മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ബിലാല്‍, സബ്ജക്ട് വിദഗ്ധന്‍ സന്തോഷ്കുമാര്‍, കിസാന്‍ ജനത പ്രസിഡന്റ് ആയത്തില്‍ അപ്പുക്കുട്ടന്‍, റബര്‍ ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സിബി. ജെ. മോനിപ്പിള്ളി, ജനറല്‍ സെക്രട്ടറി ജോര്‍ജ് ജേക്കബ്, കര്‍ഷക യൂണിയന്‍ (ജേക്കബ്)ജനറല്‍ സെക്രട്ടറി ജോസഫ് ബേബി, കര്‍ഷകയൂണിയന്‍(ബി)നേതാവ് പ്രഫ. എന്‍. കരുണാകരന്‍പിള്ള, റബര്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെബി മാത്യു, ഇ.എന്‍. ദാസപ്പന്‍, തോമസ് കുന്നപ്പിള്ളി, അഡ്വ മാത്യു സ്റീഫന്‍, എം.കെ. ദിലീപ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കെ.സി. വേണുഗോപാല്‍ എംപി എന്നിവരും സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.