മുഖപ്രസംഗം: രോഗനിര്‍ണയ പരിശോധന ചൂഷണമാകരുത്
Thursday, May 28, 2015 11:01 PM IST
ആരോഗ്യ സംരക്ഷണ രംഗത്തു കേരളം ഏറെ ശ്രദ്ധ ചെലുത്തുന്നുണ്െടങ്കിലും ഈ മേഖലയില്‍ ചൂഷണം വ്യാപകമാണ്. ജനങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ആരോഗ്യസംരക്ഷണ വ്യഗ്രത മുതലെടുക്കാന്‍ വന്‍പദ്ധതികള്‍തന്നെ പലരും ആവിഷ്കരിക്കുന്നു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ സ്കാനിംഗ് സെന്ററുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ വലിയ ചില ചൂഷണങ്ങളുടെ ചുരുളുകള്‍ നിവര്‍ന്നു. സ്കാനിംഗ് സെന്ററുകളില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗനിര്‍ണയം നടത്തരുതെന്നു നിയമമുണ്െടങ്കിലും ഇതു പല സെന്ററുകളിലും പതിവായി ലംഘിക്കപ്പെടുന്നു. പൊതുജനാരോഗ്യ സംരക്ഷണം ഉദ്ദേശിച്ചുള്ള 'സേഫ് കേരള' പദ്ധതിയുടെ ഭാഗമായി നടത്തിയ ഈ റെയ്ഡില്‍ 14 സ്കാനിംഗ് സെന്ററുകള്‍ അടച്ചുപൂട്ടി.

ബിഹാര്‍ പോലെയുള്ള പിന്നോക്ക സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പെണ്‍ഭ്രൂണഹത്യയാണ് ഇതിനു കാരണം. സാംസ്കാരികമായും വിദ്യാഭ്യാസപരമായും മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്നവകാശപ്പെടുന്ന കേരളത്തിലും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അനുപാതത്തില്‍ ഗണ്യമായ വ്യത്യാസം ഉണ്ടാകുന്നതായി വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം സ്കാനിംഗ് സെന്ററുകളില്‍ പ്രത്യേക പരിശോധന നടത്തിയത്.

പെണ്‍കുട്ടികള്‍ ജനിക്കുന്നത് ഒഴിവാക്കാനുള്ള പ്രവണത ആണ്‍മേല്‍ക്കോയ്മ നിലനില്‍ക്കുന്ന ഒരു അപരിഷ്കൃത സാമൂഹ്യവ്യവസ്ഥിതിയുടെ സൂചനയാണ്. മെഡിക്കല്‍-എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് ടെസ്റുകളിലും സിവില്‍ സര്‍വീസ് പരീക്ഷകളിലുമൊക്കെ കേരളത്തിലെ പെണ്‍കുട്ടികള്‍ ഒന്നാം റാങ്കുള്‍പ്പെടെ ഉന്നത വിജയങ്ങള്‍ കരസ്ഥമാക്കുന്നുണ്ട്. വിവിധ കര്‍മരംഗങ്ങളില്‍ സ്ത്രീകളുടെ സേവനം ഏറെ വിലമതിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ വികസിത സാംസ്കാരിക പശ്ചാത്തലമുള്ള സംസ്ഥാനത്ത് സ്കാന്‍ സെന്ററുകളില്‍ ലിംഗനിര്‍ണയം നടത്തുകയും പെണ്‍കുഞ്ഞുങ്ങളുടെ പിറവി ഒഴിവാക്കാന്‍ വഴിതെളിക്കുകയും ചെയ്യുന്നുവെന്നതു നിര്‍ഭാഗ്യകരവും അപമാനകരവുമാണ്.

പല സ്കാനിംഗ് സെന്ററുകളും രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലെന്നു കണ്ടുപിടിക്കപ്പെട്ടല്ലോ. കൂടാതെ, രജിസ്റേര്‍ഡ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്ത പല സെന്ററുകളും കണ്െടത്തി. ചില സെന്ററുകളില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ക്കു രജിസ്ട്രേഷന്‍ ഇല്ലായിരുന്നു. അവശ്യം വേണ്ടതായ ചില രേഖകളും പല സ്ഥാപനങ്ങളും സൂക്ഷിച്ചിരുന്നില്ല. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മേഖലയില്‍ ഇത്രമേല്‍ കുത്തഴിഞ്ഞ അവസ്ഥയുണ്െടന്നതു വലിയ ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. പൊതുജനങ്ങളുടെ ആരോഗ്യവും ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗുണമേന്മയും കാര്യക്ഷമതയും നിയമങ്ങളുടെയും നിബന്ധനകളുടെയും കര്‍ശനമായ പാലനവും ഉറപ്പു വരുത്താന്‍ സര്‍ക്കാരിനു കഴിയണം. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്വകാര്യ ലബോറട്ടറികള്‍, സ്കാന്‍ സെന്ററുകള്‍, ഡെന്റല്‍ ക്ളിനിക്കുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്ന് നൂറിലേറെ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടിയിരുന്നു. ഇടയ്ക്കിടെ പരിശോധനകളും ശിക്ഷാനടപടികളും ഉണ്ടാകുന്നുണ്െടങ്കിലും ശിക്ഷിക്കപ്പെട്ടവര്‍ അധികം വൈകാതെ പഴയനിലയില്‍ത്തന്നെ കാര്യങ്ങള്‍ തുടര്‍ന്നാല്‍ എന്തു പ്രയോജനം?


സംസ്ഥാനത്തെ 4168 സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളില്‍ 3887 എണ്ണത്തിനു സര്‍ക്കാര്‍ അക്രെഡിറ്റേഷനോ ആധികാരിക ഏജന്‍സികളുടെ അംഗീകാരമോ ഇല്ലെന്നു ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റാറ്റിസ്റിക്സ് 2014 നവംബറില്‍ തയാറാക്കിയ പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ആരോഗ്യ നിയമങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും അവഗണിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന ലാബുകളുടെ ചൂഷണത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. പനി മുതല്‍ കാന്‍സര്‍വരെയുള്ള രോഗങ്ങളുടെ പരിശോധനയ്ക്ക് ഇത്തരം ലാബുകളെയാണു സാധാരണക്കാര്‍ ആശ്രയിക്കുന്നതെന്നു കരുതണം.

സര്‍ക്കാര്‍ ആശുപത്രികളില്‍ പലേടത്തും പരിശോധനാ സൌകര്യങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ടാണു പൊതുജനങ്ങള്‍ക്കു സ്വകാര്യ ലാബുകളെയും എക്സ്റേ, സ്കാന്‍ സെന്ററുകളെയും ആശ്രയിക്കേണ്ടിവരുന്നത്. ഈ സ്വകാര്യ സ്ഥാപനങ്ങളില്‍ പലതും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെയും ആശുപത്രികളുടെയും സമീപത്തുതന്നെയാവും പ്രവര്‍ത്തിക്കുന്നത്. ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഇത്തരം സ്ഥാപനങ്ങളുമായി ബന്ധമുള്ളതായി ആരോപണമുണ്ട്. ആ സ്ഥാപനങ്ങളിലേക്കു രോഗികളെ പറഞ്ഞുവിടാനാവും അത്തരം ഡോക്ടര്‍മാക്ക് ഉത്സാഹം. മതിയായ സൌകര്യങ്ങളോ യോഗ്യതയുള്ള പരിശോധകരോ ഇല്ലാത്ത ലാബുകളും സ്കാന്‍ സെന്ററുകളും നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രോഗനിര്‍ണയവും ഔഷധപ്രയോഗവുമൊക്കെ നടത്തുന്നത് അപകടത്തിലേക്കു തള്ളിയിടല്‍തന്നെ.

ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗനിര്‍ണയം പെണ്‍ഭ്രൂണഹത്യയിലേക്കു നയിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷം മുമ്പു കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യമെമ്പാടും സ്കാന്‍ സെന്ററുകളില്‍ പരിശോധന നടത്തിയിരുന്നു. ഇപ്പോഴത്തെ റെയ്ഡും കേന്ദ്ര നിര്‍ദേശത്തിന്റെ ഭാഗമായാണ്. രാജ്യം എത്ര പുരോഗമിച്ചാലും കിരാതവും പ്രാകൃതവുമായ ചില ചിന്താഗതികള്‍ സമൂഹത്തില്‍ രൂഢമൂലമായിക്കിടക്കുന്നുവെന്നതാണു പെണ്‍ഭ്രൂണഹത്യകള്‍ വെളിപ്പെടുത്തുന്നത്. കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനം ഇത്തരം ദുഷ്പ്രവണതയെ വച്ചുപൊറുപ്പിക്കരുത്.

നിയമം അനുശാസിക്കുന്ന സൌകര്യങ്ങള്‍ ആരോഗ്യപരിശോധനാകേന്ദ്രങ്ങളില്‍ ഉണ്െടന്നു സര്‍ക്കാര്‍ ഉറപ്പുവരുത്തണം. അതുപോലെ പരിശോധനാഫീസുകളുടെ കാര്യത്തിലും ഏകീകരണം ആവശ്യമാണ്. ആരോഗ്യമേഖല ചൂഷണത്തിന്റെ കൂത്തരങ്ങായി മാറുന്നതു മനുഷ്യത്വത്തിന് എതിരായ പ്രവണതയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.