താന്‍ ഗൂഢാലോചനയുടെ ഇരയെന്നു മാണി
താന്‍ ഗൂഢാലോചനയുടെ ഇരയെന്നു മാണി
Wednesday, May 27, 2015 12:14 AM IST
കോട്ടയം: ബാര്‍ കോഴ കേസില്‍ താന്‍ ഗൂഢാലോചനയുടെ ഇരയാണെന്നു ധനമന്ത്രി കെ.എം. മാണി. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുഖമാസികയായ പ്രതിച്ഛായയ്ക്കു നല്‍കിയ അഭിമുഖത്തിലാണു മാണിയുടെ പുതിയ പ്രതികരണം.

തനിക്കെതിരേ ഗൂഢാലോചന നടത്തിയതിനു പിന്നില്‍ പി.സി. ജോര്‍ജാണെന്നു സംശയിക്കുന്നതായും മാണി അഭിമുഖത്തില്‍ പറയുന്നുണ്ട്.

ബാറുടമകളുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും സംശങ്ങള്‍ക്കും വിശദീകരണം നല്‍കുന്നതിന്റെ ഭാഗമായിട്ടാണു മേയ് ലക്കം പ്രതിച്ഛായ മാസികയില്‍ 25 ചോദ്യങ്ങളും 25 ഉത്തരങ്ങളുമായി മന്ത്രി മാണിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ബാര്‍ ആരോപണ വിഷയത്തില്‍ രണ്ടു നിലപാടുകളിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി അഭിമുഖത്തില്‍ പറയുന്നു. വിജിലന്‍സിന്റെ നടപടികളില്‍ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യില്ലെന്ന നിലപാടാണ് ആഭ്യന്തരമന്ത്രി സ്വീകരിച്ചത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ക്കും മറിച്ചൊരഭിപ്രായം ഇല്ലായിരുന്നു. എന്നാല്‍, കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ള കാമ്പില്ലാത്ത ഒരു പരാതിയില്‍ എഫ്ഐആര്‍ രജിസ്റര്‍ ചെയ്ത നടപടി ശരിയാണോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയടക്കം പലര്‍ക്കും അഭിപ്രായ ഭിന്നതയുണ്ട്.

ബാര്‍ കേസില്‍ മൂന്നു യുഡിഎഫ് മന്ത്രിമാരുടെ പേരുകള്‍ കൂടി ഉള്‍പ്പെട്ടിരുന്നെങ്കിലും അവരുടെ പേരില്‍ എഫ്ഐആര്‍ രജിസ്റര്‍ ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ പക്ഷപാതപരമായിട്ടാണു പെരുമാറുന്നത്. കേസെടുക്കണമെന്നല്ല, രണ്ടു നീതി ശരിയല്ല എന്നാണു പറയുന്നതെന്നും മാണി വിശദീകരിച്ചു.


തികച്ചും രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായി സൃഷ്ടിക്കപ്പെട്ട കേസാണിതെന്നും പാര്‍ട്ടിതലത്തില്‍ കേസിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്െടന്നും ഉചിതമായ സമയത്ത് പാര്‍ട്ടി റിപ്പോര്‍ട്ട് വെളിപ്പെടുത്തുമെന്നും അഭിമുഖത്തിന്റെ തുടക്കത്തില്‍ തന്നെ മാണി വ്യക്തമാക്കുന്നു. അടുത്ത തെരഞ്ഞെടുപ്പു വരെ പാര്‍ട്ടിയെ യും യുഡിഎഫിനെയും ആരോപണങ്ങളുടെ നിഴലില്‍ നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ആരോപണം.

ബാര്‍ കോഴ കേസില്‍ പി.സി. ജോര്‍ജിന്റെ ഇടപെടലുകളേക്കുറിച്ചു പൊതുജനങ്ങള്‍ക്കുണ്ടായ സംശയം ശരിയാണെന്ന് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും വ്യക്തമാക്കുന്നതായി മാണി തുറന്നടിക്കുന്നു. ആരോപണം ഉന്നയിച്ചവരുമായി പി.സി. ജോര്‍ജ് സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നിലപാടുകളുമായി കൂട്ടിവായിക്കുമ്പോള്‍ പി.സി. ജോര്‍ജ് ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നതായും മാണി ചോദ്യങ്ങള്‍ക്കു മറുപടിയായി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.