അരുവിക്കരയില്‍ ഇതു ജീവന്മരണ പോരാട്ടം
Wednesday, May 27, 2015 12:14 AM IST
സാബു ജോണ്‍

തിരുവനന്തപുരം: ഒരു മാസത്തിനപ്പുറം നടക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നതാകും. ഇരുമുന്നണികളുടെയും ഭാവി നിശ്ചയിക്കുന്നതില്‍ ഈ തെരഞ്ഞെടുപ്പുഫലം അതീവ നിര്‍ണായകമാകും.

അഴിമതിയാരോപണങ്ങളിലും മുന്നണിക്കുള്ളിലെ തര്‍ക്കങ്ങളിലും മുങ്ങിക്കുളിച്ചു നില്‍ക്കുന്ന യുഡിഎഫിന് ഇവിടെ പരാജയം ചിന്തിക്കാന്‍ വയ്യ. പരാജയപ്പെട്ടാല്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അവര്‍ക്കു കടുപ്പമാകും. അതിനേക്കാളുപരി മുന്നണിയുടെ കെട്ടുറപ്പും തകരാറിലാകും.

ഇടതുമുന്നണിക്കും തെരഞ്ഞെടുപ്പ് അതീവ നിര്‍ണായകമാണ്. സംസ്ഥാനത്ത് അവര്‍ ഒരു തെരഞ്ഞെടുപ്പുവിജയം നേടിയിട്ടു വര്‍ഷങ്ങള്‍ ഏറെയായി. 2006 ലെ തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിനുശേഷം അവര്‍ക്കൊരു വിജയം പറയാനില്ല. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അതേത്തുടര്‍ന്നു നടന്ന മൂന്നു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും വിജയം യുഡിഎഫിനായിരുന്നു. അടുത്ത വര്‍ഷം നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ശക്തമായ പോരാട്ടം നടത്തിയെങ്കിലും യുഡിഎഫ് നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി.

തുടര്‍ന്നു 2012 ല്‍ ടി.എം. ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് പിറവത്തു നടന്ന ഉപതെരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബ് ഭൂരിപക്ഷം വര്‍ധിപ്പിച്ചു വിജയം നേടി. തൊട്ടുപിന്നാലെ സിപിഎമ്മില്‍നിന്നു രാജിവച്ച് ആര്‍. ശെല്‍വരാജ് നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചു. ഇവിടെ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണു നഷ്ടമായത്.

കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയായി മാറുമെന്നു പ്രഖ്യാപിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ മാസങ്ങളോളം കത്തിനിന്ന സോളാര്‍ വിവാദത്തിനു പിന്നാലെയാണു തെരഞ്ഞെടുപ്പു നടന്നതെങ്കിലും ഭൂരിപക്ഷം മണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ചു. ഇടതുമുന്നണിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു തുടര്‍ച്ചയായ തെരഞ്ഞെടുപ്പു പരാജയങ്ങള്‍. ഈ സാഹചര്യത്തില്‍ അരുവിക്കര പിടിച്ചെടുക്കേണ്ടത് എല്‍ഡിഎഫിനെ സംബന്ധിച്ചു നിലനില്‍പ്പിന്റെ വിഷയമാണ്.

യുഡിഎഫ് നേരിടുന്ന പ്രതിസന്ധി തന്നെയാണ് ഇടതുമുന്നണിക്കു പ്രതീക്ഷ നല്‍കുന്നത്. ബാര്‍ കോഴ വിവാദവും തുടര്‍ച്ചയായി വന്നു കൊണ്ടിരിക്കുന്ന ആരോപണങ്ങളും യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മില്‍ നിലനില്‍ക്കുന്ന അവിശ്വാസത്തിന്റെ അന്തരീക്ഷവും യുഡിഎഫിനു സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. നാലു വര്‍ഷത്തെ ഭരണത്തിനിടയില്‍ മുന്നണിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ ഏറ്റവും താഴേത്തട്ടിലെത്തി നില്‍ക്കുന്ന സമയംകൂടിയാണിത്.

പതിറ്റാണ്ടുകളായി ആര്‍എസ്പി മത്സരിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് അരുവിക്കരയും അതിന്റെ പൂര്‍വരൂപമായ ആര്യനാടും. ഇക്കുറി ആര്‍എസ്പി യുഡിഎഫിന്റെ ഭാഗമായതിനാല്‍ അരുവിക്കരയില്‍ മത്സരിക്കുന്നത് സിപിഎം ആണ്. അവരാകട്ടെ പ്രമുഖ നേതാവായ എം. വിജയകുമാറിനെ തന്നെ മത്സരരംഗത്തിറക്കാനാണ് ആലോചിക്കുന്നത്. സമീപനാളുകളിലാദ്യമായി പാര്‍ട്ടി സ്ഥാനാര്‍ഥിതന്നെ മത്സരിക്കാനിറങ്ങുന്നത് അണികളെ ആവേശഭരിതരാക്കുമെന്നും സിപിഎം നേതൃത്വം കരുതുന്നു. പൊതുരാഷ്ട്രീയനിലയും അനുകൂലമാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.


എന്നാല്‍, ജി. കാര്‍ത്തികേയന്റെ തട്ടകമായിരുന്ന മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ഡോ. എം.ടി. സുലേഖയെ സ്ഥാനാര്‍ഥിയാക്കി മത്സരത്തെ നേരിടണമെന്നാണു കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അവര്‍ ഇതുവരെ അതിനു വഴങ്ങിയിട്ടില്ലെങ്കിലും മത്സരിക്കാനില്ല എന്നു തീര്‍ത്തു പറഞ്ഞിട്ടില്ല. ഇതു കോണ്‍ഗ്രസ് നേതൃത്വത്തിനു പ്രതീക്ഷ നല്‍കുന്നു. 1996 മുതല്‍ കാര്‍ത്തികേയന്‍ ജയിച്ചുവരുന്ന മണ്ഡലത്തില്‍ സുലേഖയെ സ്ഥാനാര്‍ഥിയാക്കിയാല്‍ സഹതാപതരംഗത്തിലൂടെ കാര്യങ്ങള്‍ അനുകൂലമാക്കാന്‍ സാധിക്കുമെന്നാണു യുഡിഎഫിന്റെ പ്രതീക്ഷ.

എന്നാല്‍, സുലേഖ സ്ഥാനാര്‍ഥിയാകാന്‍ വിസമ്മതിച്ചാല്‍ കോണ്‍ഗ്രസിനു പുതിയ സ്ഥാനാര്‍ഥിയെ കണ്െടത്തേണ്ടിവരും. വിജയകുമാറിനോടു മത്സരിക്കാന്‍ പറ്റിയ മറ്റൊരു സ്ഥാനാര്‍ഥി യുഡിഎഫി നുണ്േടാ എന്നാണു സംശയം.

ഉപതെരഞ്ഞെടുപ്പു നേരത്തേയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഇരുമുന്നണികളും മണ്ഡലം കേന്ദ്രീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പു നീണ്ടുപോയേക്കുമെന്ന ധാരണയില്‍ മുന്നണികള്‍ പിന്നീടു സ്വയംവലിയുകയായിരുന്നു. ആര്‍. ബാലകൃഷ്ണപിള്ളയും പി.സി. ജോര്‍ജും അരുവിക്കര കേന്ദ്രീകരിച്ച് പൊതുയോഗങ്ങള്‍ നടത്തി യുഡിഎഫിനെതിരേ പടയൊരുക്കം തുടങ്ങിയിരുന്നു. നാടാര്‍ സംഘടനയായ വിഎസ്ഡിപിയുമായി കൈകോര്‍ത്താണ് പി.സി. ജോര്‍ജിന്റെ നീക്കം. നാടാര്‍ വോട്ടുകളില്‍ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്താല്‍ യുഡിഎഫിന്റെ പരാജയം ഉറപ്പാക്കാമെന്ന കണക്കുകൂട്ടലാണ് ജോര്‍ജിനുള്ളത്.

ബിജെപിക്കും ഇത്തവണ ശക്തി കാട്ടേണ്ടതുണ്ട്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഇവിടെ 7694 വോട്ടുകള്‍ മാത്രമാണു ലഭിച്ചത്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്14890 ആയി വര്‍ധിച്ചു. അരുവിക്കരയില്‍ ശക്തമായ പ്രചാരണം അഴിച്ചുവിട്ട് ശക്തി തെളിയിക്കണമെന്ന് ഈയിടെ തിരുവനന്തപുരത്ത് എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ചിരുന്നു.

ഒരു മാസത്തെ ഇടവേള മാത്രം നല്‍കി തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ മുന്നണികള്‍ക്കു സമയം പാഴാക്കാതെ കളത്തിലിറങ്ങിയേ പറ്റൂ. സിപിഎം സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനം ഇന്നു ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റിയിലുണ്ടാകും. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം തേടേണ്ടതുണ്െടങ്കിലും അവര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കും. കോണ്‍ഗ്രസിനും സ്ഥാനാര്‍ഥിനിര്‍ണയം വൈകിക്കാന്‍ സാധിക്കില്ല.

ജൂണ്‍ എട്ടിന് ബജറ്റ് പാസാക്കുന്നതിനായി നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കുകയാണ്. ബജറ്റ് പാസാക്കുന്ന പ്രക്രിയ ജൂണില്‍ പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ ഈ സമ്മേളനം മാറ്റിവയ്ക്കാനാകില്ല. എന്നാല്‍, തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം നേരേചൊവ്വേ നടക്കാനുള്ള സാധ്യതയും കാണുന്നില്ല. അടിച്ചുപിരിയാന്‍ തന്നെയാണു സാധ്യത കൂടുതല്‍.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളും ലോക്സഭാതെരഞ്ഞെടുപ്പും ജയിച്ചു ജനപിന്തുണയില്‍ ഇടിവില്ല എന്നു തെളിയിക്കാന്‍ യുഡിഎഫിനു സാധിച്ചു.

എന്നാല്‍, അന്നത്തെ സാഹചര്യങ്ങളെല്ലാം മാറിയിരിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്കു കടന്നിരിക്കെ നടക്കുന്ന ഈ തെരഞ്ഞെടുപ്പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ജീവന്മരണപോരാട്ടമാണെന്നു നിസംശയം പറയാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.