മയക്കുമരുന്ന്: ഡിജെ പാര്‍ട്ടിയുടെ മുഖ്യ സംഘാടകന്‍ പിടിയില്‍
മയക്കുമരുന്ന്: ഡിജെ പാര്‍ട്ടിയുടെ മുഖ്യ സംഘാടകന്‍ പിടിയില്‍
Wednesday, May 27, 2015 12:03 AM IST
കൊച്ചി: മരടിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ ഡിജെ പാര്‍ട്ടിക്കിടെ മയക്കുമരുന്നുമായി റഷ്യന്‍ സംഗീതജ്ഞന്‍ ഉള്‍പ്പെടെ ഏഴു പേര്‍ അറസ്റിലായ സംഭവത്തില്‍ ഡിജെ പാര്‍ട്ടിയുടെ സംഘാടകനും നഗരത്തിലെ മയക്കുമരുന്നു വില്‍പനയുടെ മുഖ്യകണ്ണിയുമായ യുവാവ് പിടിയില്‍. ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച, ഇടപ്പള്ളി ചെട്ടിപ്പറമ്പില്‍ വീട്ടില്‍ കോക്കാച്ചി എന്നു വിളിക്കുന്ന മിഥുന്‍ സി. വിലാസ് (27) ആണു പിടിയിലായത്.

തിങ്കളാഴ്ച വൈകുന്നേരം കാറില്‍ സഞ്ചരിക്കുമ്പോള്‍ പള്ളുരുത്തിയില്‍വച്ചാണ് ഇയാളെ പിടികൂടിയത്. കാറില്‍ നടത്തിയ പരിശോധനയില്‍ 40 ഗ്രാം ഹാഷിഷും രണ്ട് ആംപ്യൂളും കണ്െടടുത്തു.

തുടര്‍ന്ന് രാത്രി ഇടപ്പള്ളി അമൃത ആശുപത്രിക്കു സമീപത്തെ ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഹാഷിഷ്, കഞ്ചാവ് ലേഹ്യം, കഞ്ചാവ് ഇലയും പൂവും വേര്‍തിരിക്കുന്ന ക്രഷര്‍, റോളിംഗ് പേപ്പര്‍, കൊക്കെയ്ന്‍ പൊതിഞ്ഞിരുന്ന നിരവധി പ്ളാസ്റിക് കവറുകള്‍, എല്‍എസ്ഡി നിറച്ചിരുന്ന കുപ്പികള്‍, കൊക്കെയ്ന്‍ പായ്ക്ക് ചെയ്തു വില്പന നടത്താന്‍ സൂക്ഷിച്ചിരിക്കുന്ന പ്ളാസ്റിക് കവറുകള്‍ എന്നിവ കണ്െടടുത്തു.

2005 മുതല്‍ കോക്കാച്ചി ഗോവ കേന്ദ്രീകരിച്ചു ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തുവന്നിരുന്നെന്നും പിന്നീട് ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കൊക്കെയ്ന്‍, എല്‍എസ്ഡി എന്നിവ എറണാകുളത്ത് എത്തിച്ച് വിതരണം ചെയ്തിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചു. ഇയാള്‍ക്ക് എവിടെനിന്നാണു മയക്കുമരുന്ന് ലഭിക്കുന്നതെന്ന് കണ്െടത്താനുള്ള ശ്രമത്തിലാണു പോലീസ്. ചോദ്യം ചെയ്തതില്‍നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്െടന്ന് കേസ് അന്വേഷിക്കുന്ന സൌത്ത് സിഐ സിബി ടോം പറഞ്ഞു.

സൈക്കോവ്സ്കി എന്ന പേരില്‍ ഡിജെ സംഘടിപ്പിച്ച രണ്ടു പേരില്‍ ഒരാളാണ് കോക്കാച്ചി. കൊക്കെയ്ന്‍ വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് കോക്കാച്ചി എന്ന പേര് ഇയാള്‍ക്കു വീണത്. ഡിജെ കലാകാരന്‍കൂടിയാണിയാള്‍. ഡിജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ഹാഷിഷാണ് പോലീസ് പിടികൂടിയത്.


നിരോധിത മയക്കുമരുന്നു കൈവശം വച്ചതിനാണ് മിഥുനെ അറസ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ മരട് പോലീസ് സ്റേഷനില്‍ വീണ്ടും കേസ് രജിസ്റര്‍ ചെയ്തു. നിലവില്‍ രണ്ടു കേസില്‍ പ്രതിയാണ്. ഇന്നു കോടതിയില്‍ ഹാജരാക്കി തുടര്‍ അന്വേഷണത്തിനായി കസ്റഡിയില്‍ വാങ്ങും. മയക്കുമരുന്ന് ഇടപാടില്‍ പ്രമുഖരുമായി ബന്ധമുണ്േടാ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.

കേസില്‍ പ്രമുഖ സിനിമാനിര്‍മാതാവിനു പങ്കുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. മിഥുനെ ചോദ്യംചെയ്തപ്പോഴാണ് സിനിമാനിര്‍മാതാവിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.

നേരത്തേ കൊച്ചി കായലിലെ കെട്ടുവള്ളത്തിലും പ്രമുഖ ഹോട്ടലിലും നടന്ന ഡിജെ പാര്‍ട്ടികളിലും മയക്കുമരുന്ന് എത്തിച്ചതില്‍ മിഥുന് പങ്കുണ്േടായെന്ന് അന്വേഷിക്കും. തട്ടേക്കാട് ഡിജെ പാര്‍ട്ടിക്കിടെ യുവാവ് മരിച്ച സംഭവത്തിലും മിഥുനിനെയും നിര്‍മാതാവിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ പരിപാടികളിലെല്ലാം സിനിമാനിര്‍മാതാവിന്റെ പങ്ക് പോലീസ് വീണ്ടും അന്വേഷിക്കും. നഗരത്തില്‍ ഇയാള്‍ ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച റഷ്യന്‍ സംഗീതജ്ഞന്‍ വാസ്ലി മാര്‍ക്കലോവ് ജയില്‍മോചിതനായി. ഇയാളുടെ പാസ്പോര്‍ട്ടും മറ്റു രേഖകളും പോലീസ് കോടതിയില്‍ കൈമാറിയിരുന്നു.

കേസിന്റെ തുടര്‍ നടപടികളില്‍ പോലീസ് അറിയിക്കുമ്പോള്‍ കൊച്ചിയിലെത്തണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. ഇയാള്‍ വീസാചട്ടം ലംഘിച്ചിട്ടില്ലെന്നും സിഐ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.