മുന്നണിമാറ്റവും വിപുലീകരണവും ആയുധമാക്കി നേതാക്കള്‍
Wednesday, May 27, 2015 12:22 AM IST
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിഞ്ഞു നില്‍ക്കെ, മുന്നണി വിപുലീകരണവും മുന്നണിമാറ്റവും സജീവ ചര്‍ച്ചാവിഷയമാക്കി ഇരുമുന്നണികളും രംഗത്ത്. ഇടതുമുന്നണി വിപുലീകരണം സിപിഎം അവരുടെ അജന്‍ഡയായിത്തന്നെ ഏറ്റെടുത്തപ്പോഴാണ് യുഡിഎഫിലേക്ക് ഇടതുമുന്നണിയില്‍ നിന്നു കക്ഷികള്‍ വരുന്നു എന്ന പ്രഖ്യാപനവുമായി യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍ രംഗത്തു വന്നിരിക്കുന്നത്.

ജനതാദള്‍ യുഡിഎഫ് വിട്ട് ഇടതുപക്ഷത്തേക്കു പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ ഏതാനും നാളുകളായി ശക്തമാണ്. യുഡിഎഫിനുള്ളില്‍ ചര്‍ച്ച ചെയ്തു പ്രശ്നങ്ങളെല്ലാം പരിഹരിച്ചു എന്നു കോണ്‍ഗ്രസും ജനതാദള്‍- യുവും പരസ്യമായി പറഞ്ഞെങ്കിലും ജനതാദളിന്റെ കാര്യത്തില്‍ യുഡിഎഫിനു പോലും അത്ര ഉറപ്പുപോരാ. എല്‍ഡിഎഫിനാണെങ്കില്‍ ഏറെ പ്രതീക്ഷയുമുണ്ട്. ആര്‍എസ്പിയെയും ഇടതുമുന്നണിയിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തുന്നുണ്ട്.

ആര്‍. ബാലകൃഷ്ണപിള്ളയും കെ.ആര്‍. ഗൌരിയമ്മയും സിഎംപിയുടെ ഒരു കഷണവും യുഡിഎഫിനു പുറത്തേക്കു പോയിക്കഴിഞ്ഞു. പി.സി. ജോര്‍ജ് യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്നത് സാങ്കേതികമായി മാത്രമാണ്. ഇങ്ങനെ യുഡിഎഫ് തകരുന്നു എന്ന ശക്തമായ പ്രചാരണം ഇടതുനേതാക്കള്‍ അഴിച്ചുവിട്ടതിനിടെയാണ് എല്‍ഡിഎഫില്‍ നിന്നൊരു പ്രമുഖ കക്ഷി ഉടന്‍ യുഡിഎഫിലെത്തും എന്നു മുസ്ലിംലീഗ് നേതാവ് കെ.പി.എ. മജീദ് പ്രഖ്യാപിച്ചത്. തങ്ങള്‍ മുന്നണി വിടില്ലെന്നു പറഞ്ഞു സിപിഐ നേതാക്കള്‍ ഉടന്‍ രംഗത്തെത്തി. എന്നാല്‍, താന്‍ സിപിഐ എന്നു പറഞ്ഞിട്ടില്ലെന്നു പറഞ്ഞ് മജീദ് വീണ്ടും വിഷയം കൊഴുപ്പിച്ചു. മജീദിനു പിന്തുണയുമായി എം.എം. ഹസനും രംഗത്തിറങ്ങി. ഇതിനിടെയാണ് ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ നിയമസഭാസമ്മേളനം കഴിയുന്നതിനു മുമ്പ് യുഡിഎഫിലെത്തുമെന്ന പ്രസ്താവനയുമായി ജോണി നെല്ലൂര്‍ ഇന്നലെ രംഗത്തുവന്നത്. അതു ജനതാദളും എന്‍സിപിയുമാണെന്ന പരോക്ഷ സൂചനയും ജോണി നല്‍കി. ഇരുകക്ഷികളും ഇതു നിഷേധിച്ചു പ്രസ്താവനയിറക്കുകയും ചെയ്തു.


ഏതായാലും എല്‍ഡിഎഫിന്റെ കടന്നാക്രമണത്തിനിടെ അവര്‍ക്കിടയില്‍ ഒരു ഇളക്കമുണ്ടാക്കാനെങ്കിലും ഈ പ്രസ്താവനകള്‍ സഹായിച്ചു. യുഡിഎഫില്‍നിന്ന് ആരെങ്കിലും പുറത്തുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്ന വ്യാഖ്യാനവും രാഷ്ട്രീയകേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.