റോഡ് വികസനത്തിനു 3311 കോടി
Wednesday, May 27, 2015 12:21 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 3311 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. എറണാകുളത്തെ വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈഓവറുകള്‍, പുല്ലേപ്പടി-തമ്മനം-എന്‍എച്ച് റോഡ്, തിരുവനന്തപുരത്തെ കരമന-കളിയിക്കാവിള നാലുവരിപ്പാതയുടെ രണ്ടാംഘട്ടം, ആലപ്പുഴയിലെ വലിയഴീക്കല്‍ പാലം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടും. കരമന-കളിയിക്കാവിള നാലുവരിപ്പാത ദേശീയപാതാ അഥോറിറ്റിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വൈറ്റില ഫ്ളൈഓവറിന് 109 കോടിയും കുണ്ടന്നൂരിന് 80 കോടിയുമാണു നീക്കിവച്ചിരിക്കുന്നത്. വലിയഴീക്കല്‍ പാലം 100 കോടി രൂപയുടെ പദ്ധതിയാണ്. വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈഓവറുകള്‍ ഇപിസി മോഡലിലും (എന്‍ജിനിയറിംഗ് പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍)പുല്ലേപ്പടി-തമ്മനം-എന്‍എച്ച് റോഡ് ബിഒടി ആന്വിറ്റി വ്യവസ്ഥയിലുമാണു നിര്‍മിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് വൈറ്റില കുണ്ടന്നൂര്‍ ഫ്ളൈഓവറുകളുടെ നിര്‍മാണം തുടങ്ങും.

ബജറ്റ് വിഹിതത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ 25 വര്‍ഷംകൊണ്ടുമാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പദ്ധതികളാണ് അധിക സമാഹരണം വഴി രണ്ടു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 110 കോടി രൂപയാണ് പൊതുമരാമത്തിന്റെ ബജറ്റ് വിഹിതം. ഇതിന്റെ അടിസ്ഥാനത്തില്‍ 150 കോടി രൂപ വരെ ചെലവു വരുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാനേ കഴിയൂ. സംസ്ഥാനത്തിന്റെ സാമ്പത്തികഞെരുക്കവും പദ്ധതികള്‍ക്കു വിലങ്ങുതടിയായി നില്‍ക്കുന്നു. എല്ലാ ജില്ലകളിലും അത്യാവശ്യമുള്ള പദ്ധതികള്‍ക്കു പണം ചെലവാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് ലിറ്ററിന് ഒരു രൂപ വീതം പെട്രാള്‍ - ഡീസല്‍ സെസ് ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ തീരുമാനിച്ചത്. സെസിന്റെ അമ്പത് ശതമാനമാണ് പൊതുമരാമത്തിന്റെ മെഗാ പദ്ധതികള്‍ക്കു നല്‍കാന്‍ മന്ത്രിസഭ അനുമതി തന്നിരിക്കുന്നത്. പ്രതിവര്‍ഷം 200 കോടി രൂപയാണ് ഇങ്ങനെ സമാഹരിക്കുക. ഇത് ഓരോ വര്‍ഷവും വര്‍ധിക്കും.

ആന്വിറ്റി - ബിഒടി വ്യവസ്ഥയിലാണ് മെഗാ പ്രോജക്ടുകള്‍ നടപ്പാക്കുക. പദ്ധതികള്‍ രണ്ടു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കുകയും പദ്ധതിയുടെ നിര്‍മാണച്ചെലവ് 15 വര്‍ഷംകൊണ്ട് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് തിരികെ നല്‍കുകയും ചെയ്യുന്ന വിധത്തിലാണ് ആന്വിറ്റി നടപ്പാക്കുക. 14 ശതമാനം വരെയാണ് പലിശ തീരുമാനിച്ചിരിക്കുന്നത്. ഈ പദ്ധതികള്‍ക്ക് ടോള്‍ ഉണ്ടാകില്ലെന്നതാണ് പ്രത്യേകത. ഇനി നടപ്പാക്കുന്ന പദ്ധതികള്‍ ടോള്‍രഹിതമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ തുടങ്ങിയ '400 ദിവസം 100 പാലങ്ങള്‍' പദ്ധതി വേഗതയില്‍ മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. പതിനേഴ് പാലങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തി. നാലു പാലങ്ങള്‍ ഉദ്ഘാടനത്തിനു തയാറായിട്ടുണ്ട്. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ആറു പാലങ്ങള്‍ കൂടി പൂര്‍ത്തിയാക്കും. 2016 ഫെബ്രുവരി മാസത്തിനു മുമ്പ് 100 പാലങ്ങളും തുറന്നുകൊടുക്കും.


ദേശീയപാതയെ പൂര്‍ണമായും കുഴിയില്ലാത്തതാക്കുന്നതിന് ഒരു പദ്ധതിക്ക് ദേശീയപാതാ വിഭാഗം രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന ദേശീയപാതയിലെ 283 കിലോമീറ്റര്‍ 187 കോടി രൂപ ചെലവാക്കി പുതുക്കുകയാണ്. ഡിസംബര്‍ മാസത്തിനു മുമ്പായി ഈ പണികള്‍ പൂര്‍ത്തിയാക്കും. കെഎസ്ടിപി. ഒന്നാം ഘട്ടത്തിലെ 151 കിലോമീറ്റര്‍ റോഡുകള്‍ പുതുക്കുന്നതിന് ലോകബാങ്ക് അംഗീകാരം കിട്ടി. ഇതിനായി 173.37 കോടി രൂപ മുടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാങ്കേതികമായ ചില നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയായാലുടന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും.

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഫ്ളൈഓവറുകള്‍, പാലങ്ങള്‍, റിംഗ് റോഡുകള്‍, റോഡുകളുടെ പുനര്‍നിര്‍മാണം എന്നിവ ഉള്‍പ്പെടുത്തി സ്പീഡ് കേരള പദ്ധതി നടപ്പാക്കും. പാലാരിവട്ടം ഫ്ളൈഓവര്‍, കോഴിക്കോട് ബൈപാസ്, രാമപുരം - നാലമ്പലം ദര്‍ശനം റോഡ്, കഞ്ഞിക്കുഴി - വെട്ടത്തുകവല - കറുകച്ചാല്‍ എന്നിവയാണ് സ്പീഡ് കേരളയുടെ ഭാഗമായി നിര്‍മാണം തുടങ്ങിയ പദ്ധതികള്‍. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്ന പാലാരിവട്ടം ഫ്ളൈഓവറിന്റെ പൈലിംഗ് ജോലികള്‍ പൂര്‍ത്തിയായി. ഇതോടനുബന്ധിച്ച് ദേശീയപാതയുടെ ഇടപ്പള്ളി, വൈറ്റില ഭാഗത്തെ വീതികൂട്ടല്‍ പൂര്‍ത്തിയായിട്ടുണ്ട്. 2016 മാര്‍ച്ചോടെ പാലാരിവട്ടം ഫ്ളൈഓവര്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. സ്പീഡ് കേരളയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണമായ ചെലവില്‍ നിര്‍മിക്കുന്ന കോഴിക്കോട് ബൈപാസിന്റെ 59 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബറില്‍ ബൈപാസ് തുറന്നുകൊടുക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ തന്നെ തലശേരി - മാഹി ബൈപാസ് നിര്‍മാണം തുടങ്ങും. കോഴിക്കോട് ബൈപാസ് മോഡലില്‍ പൂര്‍ണമായും സംസ്ഥാന ഫണ്ട് ഉപയോഗിച്ചാവും നിര്‍മാണം. പതിനെട്ട് കിലോമീറ്റര്‍ നീളം വരുന്ന തലശേരി - മാഹി ബൈപാസിന്റെ മുഴപ്പിലങ്ങാട് മുതല്‍ നാലുതറ വരെയുള്ള 12 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. 390 കോടി രൂപ ചെലവില്‍ രണ്ടു വരിയായി മൂന്നു വലിയ പാലങ്ങളും എട്ട് അണ്ടര്‍പാസുകളും ഈ ബൈപാസില്‍ ഉണ്ടാവും.

51 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന രാമപുരം - നാലമ്പലം ദര്‍ശനം റോഡും 45 കോടി രൂപ ചെലവുവരുന്ന കഞ്ഞിക്കുഴി - വെട്ടത്തുകവല - കറുകച്ചാല്‍ റോഡും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്െടന്ന് മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.