ഭൂമി ഏറ്റെടുക്കല്‍ ബില്‍ അഴിമതിക്കെന്നു രാഹുല്‍
ഭൂമി ഏറ്റെടുക്കല്‍ ബില്‍ അഴിമതിക്കെന്നു രാഹുല്‍
Wednesday, May 27, 2015 12:01 AM IST
പി. ജിബിന്‍

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അതിവേഗത്തില്‍ നടപ്പിലാക്കുന്ന ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്റെ മറവില്‍ നടക്കാന്‍ പോകുന്നതെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന്റെ വാര്‍ഷികത്തില്‍ സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ വാചകമടി നിര്‍ത്തി പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്ന്് രാഹുല്‍ ഗാന്ധി ഉപദേശിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്തു നടന്ന റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷത്തില്‍ പതിനെട്ടു വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവന്റെ കൂരയില്‍ ഒരു തവണയെങ്കിലും പോവാന്‍ തയാറായിട്ടില്ല. വിദേശത്തു കൂടുതല്‍ സമയം ചെലവഴിക്കുന്നതുകൊണ്ട് ഇന്ത്യയേക്കാള്‍ വിദേശരാജ്യങ്ങളെപറ്റിയാണ് മോദി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ അവശ്യവസ്തുക്കളുടെ വിലകുതിച്ചുയര്‍ന്നിരിക്കുന്നതു പ്രധാനമന്ത്രി അറിയുന്നില്ല. ഇടയ്ക്കു മോദി ഇന്ത്യയും സന്ദര്‍ശിക്കണമെന്നും രാഹുല്‍ പരിഹസിച്ചു.

മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചാണു രാഹുല്‍ഗാന്ധി പ്രസംഗിച്ചത്. മോദിയുടെ അടുപ്പക്കാരായ രണ്േടാ മൂന്നോ കുത്തകകള്‍ക്കുവേണ്ടി രാജ്യത്തെ പാവപ്പെട്ടവന്റെ ഭൂമി ന്യായവില പോലും നല്‍കാതെ തട്ടിയെടുക്കാനാണു നീക്കം. ഒരു വശത്ത് കര്‍ഷകരില്‍നിന്ന് അവരുടെ ഭൂമിയും മറുവശത്ത് മത്സ്യത്തൊഴിലാളികളുടെ കൈയില്‍നിന്നു കടലും തട്ടിയെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. നമോ സര്‍ക്കാര്‍ എന്നു നരേന്ദ്ര മോദി സര്‍ക്കാരിനെ വിളിച്ചവര്‍ ഇന്നു നോ ആക്ഷന്‍, മാക്സിമം ഒറേറ്ററി (പ്രവൃത്തിയില്ലാതെ കൂടുതല്‍ പ്രസംഗം) എന്ന അര്‍ഥത്തിലാണ് നമോ സര്‍ക്കാര്‍ എന്നു വിശേഷിപ്പിക്കുന്നത്.


അഴിമതികള്‍ പുറത്തുകൊണ്ടു വരാന്‍ കാരണമായത് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശനിയമമാണ്. എന്നാല്‍, വിവരാവകാശ കമ്മീഷണറെയോ വിജിലന്‍സ് കമ്മീഷണറെയോ നിയമിക്കാതിരിക്കുന്ന മോദിസര്‍ക്കാര്‍ അഴിമതി കണ്ടുപിടിക്കേണ്ട പ്രസ്ഥാനങ്ങളുടെ തലയില്ലാതാക്കുകയാണു ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്റണി, വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല, പി.സി.ചാക്കോ, മുകുള്‍ വാസ്നിക്ക്, ദീപക് ബാബ്റിയ, സുരജ് എംഎന്‍ ഹെഗ്ഡെ, അമരീന്ദര്‍ സിംഗ് രാജ ബ്രാര്‍, എസ്.കെ. അര്‍ത്തനാരി തുടങ്ങിയവര്‍ പങ്കെടുത്തു. സി.ആര്‍. മഹേഷ് സ്വാഗതവും പി.പി. നൌഷിര്‍ നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.