കോട്ടയത്ത് ഇന്നു കര്‍ഷക ഉപവാസ സമരം
Wednesday, May 27, 2015 12:18 AM IST
കോട്ടയം: കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെ ആഭിമുഖ്യത്തില്‍ ഇന്നു കോട്ടയത്തു നടക്കുന്ന ഉപവാസ സമരത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കും. ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ നേതൃത്വം നല്‍കും. ഇന്‍ഫാം, കര്‍ഷകവേദി, ഹൈറേഞ്ച് കര്‍ഷക സമിതി തുടങ്ങി വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

തിരുനക്കര പോലീസ് സ്റേഷന്‍ ഗ്രൌണ്ടില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെയാണ് ഉപവാസം. ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റും ഉപവാസ സമരത്തില്‍ പങ്കുചേരും. വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്‍പ്പെടെ വിവിധ സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

നികുതി വരുമാനത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ ഭരണച്ചെലവിനായി മാറ്റിവയ്ക്കാന്‍ പാടില്ലെന്ന കര്‍ഷകജനതയുടെ നിര്‍ദേശം കേന്ദ്ര ദ പീപ്പിളില്‍ അംഗങ്ങളായ കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ വിഷയാവതരണങ്ങള്‍ നടത്തും. ഉപവാസ സമരസമാപനത്തോടനുബന്ധിച്ചു കര്‍ഷക അവകാശ പ്രഖ്യാപന കരടുരേഖ കര്‍ഷകരുടെയും പൊതുസമൂഹത്തിന്റെയും ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കും.


ഉപവാസ സമരത്തിലുടനീളം സാമൂഹ്യ സാമുദായിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എത്തിച്ചേരുന്നതും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതുമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക അവഗണനയോടുള്ള ശക്തമായ പ്രതിഷേധവും താക്കീതുമാണ് ഈ ഉപവാസ സമരമെന്നും രാഷ്ട്രീയ നേതൃത്വങ്ങളുടെ വഞ്ചനാപരമായ നിലപാടുകളും വഴിപാടുസമരങ്ങളും ഇനി വിലപ്പോവില്ലെന്നും വരുംനാളുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും തുടര്‍ പ്രക്ഷോഭങ്ങളുണ്ടാകുമെന്നും ദ പീപ്പിള്‍ നേതൃത്വം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.