കളമശേരി ഭൂമിയുടെ പോക്കുവരവ്: ടി.ഒ. സൂരജിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി
കളമശേരി ഭൂമിയുടെ പോക്കുവരവ്: ടി.ഒ. സൂരജിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി
Wednesday, May 27, 2015 12:17 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജുമായി ബന്ധപ്പെട്ട കളമശേരി ഭൂമി ഇടപാട് കേസില്‍ യഥാര്‍ഥ ഉടമയുടെ പോക്കുവരവ് റദ്ദാക്കിയ ലാന്‍ഡ് റവന്യു കമ്മീഷണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.

തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ 98.8 സെന്റ് സ്ഥലത്തിന്റെ പോക്കുവരവ് ലാന്‍ഡ് റവന്യു കമ്മീഷണറായിരുന്ന ടി.ഒ. സൂരജ് റദ്ദാക്കിയതിനെതിരേ ഭൂമിയുടെ അവകാശികളായ എന്‍.എ. ഷെറീഫ, എ.കെ. നൌഷാദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റീസ് എ.വി. രാമകൃഷ്ണപിള്ളയുടെ ഉത്തരവ്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കീഴ്ക്കോടതിയില്‍ നില്‍ക്കുന്ന കേസിന്റെ അന്തിമ വിധിക്കു വിധേയമായിരിക്കും ഈ ഉത്തരവെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഭൂപരിഷ്കരണ നിയമപ്രകാരം ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയതിനെതിരെയുള്ള കേസ് സിവില്‍ കോടതിയില്‍ നിലനില്‍ക്കെ 2012 സെപ്റ്റംബറിലായിരുന്നു ലാന്‍ഡ് റവന്യു കമ്മീഷണറുടെ ഉത്തരവ്. സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി എന്ന കാരണം പറഞ്ഞ് തണ്ടപ്പേരും പോക്കുവരവും റദ്ദാക്കാന്‍ കമ്മീഷണര്‍ക്ക് അധികാരമില്ലെന്നു കോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്കു നോട്ടീസ് നല്‍കാതെ സ്വന്തം ഭൂമിയില്‍നിന്ന് മാറാന്‍ കമ്മീഷണറുടെയും ജില്ലാ കലക്ടറുടെയും ഇല്ലാത്ത അധികാരം ഉപയോഗിച്ച് പുറത്താക്കാനായിരുന്നു തീരുമാനം. തണ്ടപ്പേര് റദ്ദാക്കാന്‍ സമീപിച്ച എതിര്‍കക്ഷിയുടെ പേരില്‍ 167 കേസുകള്‍ നിലനില്‍ക്കുന്നുണ്െടന്നും ആരോപണമുണ്ട്.


85 വര്‍ഷമായി ആധാരമുള്ള ഭൂമിയുടെ 1882ലെ ഭാഗ ഉടമ്പടി സംബന്ധിച്ച കേസാണ് സിവില്‍ കോടതിയിലുള്ളത്. തണ്ടപ്പേര് മാറ്റാനുള്ള ആദ്യത്തെ അപേക്ഷ അന്നത്തെ ലാന്‍ഡ് റവന്യു കമ്മീഷണര്‍ തള്ളിയിരുന്നു.

ടി.ഒ. സൂരജ് ലാന്‍ഡ് റവന്യു കമ്മീഷണറായി എത്തിയപ്പോള്‍ സ്വത്തില്‍ അവകാശമുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കാതെ പോക്കുവരവ് റദ്ദാക്കുകയായിരുന്നു. പോക്കുവരവ് രജിസ്ട്രി ചട്ടങ്ങളില്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് റിവ്യു അധികാരം കൊടുത്തിട്ടില്ലെന്നു കോടതി വ്യക്തമാക്കി. കരം ഇടാക്കരുതെന്ന കമ്മീഷണറുടെ ഉത്തരവും കോടതി റദ്ദാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.