നഴ്സിംഗ് റിക്രൂട്ട്മെന്റ്: ഉതുപ്പിനു ജാമ്യമില്ല
Tuesday, May 26, 2015 2:02 AM IST
കൊച്ചി: കുവൈറ്റിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് അനധികൃതമായി ലക്ഷങ്ങള്‍ പിരിച്ചെടുത്തു എന്ന കേസില്‍ കൊച്ചിയിലെ അല്‍ സറഫ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്റ്സ് എംഡി ഉതുപ്പ് വര്‍ഗീസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിദേശത്തുള്ള തനിക്ക് ഇന്ത്യയിലേക്കു മടങ്ങിവന്ന് അന്വേഷണവുമായി സഹകരിക്കാന്‍ ആഗ്രഹമുണ്െടന്നാണ് ഉതുപ്പ് അല്‍ സറഫ ഏജന്‍സിയുടെ പേരില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ബോധിപ്പിച്ചത്.

എന്നാല്‍, റിക്രൂട്ടിംഗ് സ്ഥാപനത്തിന് എങ്ങനെയാണു മുന്‍കൂര്‍ ജാമ്യം നല്‍കുന്നതെന്നു ജസ്റീസ് ഏബ്രഹാം മാത്യുവിന്റെ സിംഗിള്‍ ബെഞ്ച് ആരാഞ്ഞു. വ്യക്തികള്‍ക്കാണു മുന്‍കൂര്‍ ജാമ്യം നല്‍കുന്നത്. ഉതുപ്പ് വര്‍ഗീസിനാണു മുന്‍കൂര്‍ ജാമ്യം വേണ്ടതെങ്കില്‍ അയാളാണു ഹര്‍ജി നല്‍കേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നു ഹര്‍ജിയില്‍ തുടര്‍നടപടികള്‍ക്കില്ലെന്ന് ഉതുപ്പിന്റെ അഭിഭാഷക വ്യക്തമാക്കി. രാജ്യാന്തര അധോലോക ബന്ധങ്ങളുള്ള കൊടുംകുറ്റവാളിയാണ് ഉതുപ്പ് വര്‍ഗീസെന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ സിബിഐ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.