കൊലക്കേസ് പ്രതിയുടെ ടീഷര്‍ട്ടില്‍ ദേശീയചിഹ്നം!
കൊലക്കേസ് പ്രതിയുടെ  ടീഷര്‍ട്ടില്‍ ദേശീയചിഹ്നം!
Tuesday, May 26, 2015 2:00 AM IST
എച്ച്. ഹരികൃഷ്ണന്‍

കോട്ടയം: കോട്ടയം പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദര്‍ പോലീസുകാര്‍ക്കൊപ്പം ചുറ്റിത്തിരിയുന്നതു ദേശീയ ചിഹ്നം പതിച്ച ടീഷര്‍ട്ടുമായി. ആര്‍മി എന്നെഴുതിയ ടീഷര്‍ട്ടില്‍ ദേശീയ ചിഹ്നമായ അശോകസ്തംഭം വ്യക്തമായി കാണാം. കറുത്ത നിറമുള്ള ഈ ടീഷര്‍ട്ടും ധരിച്ചാണു പ്രതി ഉത്തര്‍പ്രദേശിലെ കോടതിയിലും കേരളത്തിലെ പോലീസ് സ്റേഷനിലുമെല്ലാം കയറിയിറങ്ങിയത്. നിയമപരമായി ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടികളില്‍ മാത്രമാണ് അശോകസ്തംഭം ഉപയോഗിക്കാന്‍ അനുവാദമുള്ളത്.

ദേശീയ ചിഹ്നത്തിന്റെ ദുരുപയോഗം തടയാനുള്ള 2005ലെ നിയമപ്രകാരം, ആഭാസകരമായോ വാണിജ്യപരമായോ ദേശീയ ചിഹ്നത്തെ ഉപയോഗിക്കാന്‍ പാടില്ല എന്ന് അഡ്വ.ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടി. ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളില്‍ മാത്രമാണു പൊതുജനങ്ങള്‍ക്കു വസ്ത്രങ്ങളിലും മറ്റും അശോകസ്തംഭം ഉപയോഗിക്കാന്‍ അനുവാദമുള്ളത്. നിയമം ലംഘിച്ചാല്‍ കുറഞ്ഞത് ആറുമാസമെങ്കിലും തടവുശിക്ഷ ലഭിക്കും.


ദേശീയ ചിഹ്നം ദുരുപയോഗം ചെയ്തതിനു രാജ്യത്തു നിരവധി കേസുകളാണു രജിസ്റര്‍ ചെയ്തിട്ടുള്ളത്. അശോകചക്രം ഉപയോഗിച്ചെന്ന ആരോപണത്തില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടിയായ പുരട്ചി ഭാരതത്തിന് എതിരേ കേസെടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.