കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടു മാണിയെ രാജിവയ്പിക്കണം: വി.എസ്
കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടു മാണിയെ രാജിവയ്പിക്കണം: വി.എസ്
Tuesday, May 26, 2015 1:59 AM IST
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ അന്വേഷണം നേരിടുന്ന മന്ത്രി കെ.എം. മാണിയെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടു രാജിവയ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

മാണിക്കു നാണവും മാനവുമൊന്നുമില്ലെങ്കിലും നാട്ടിലെ ജനങ്ങള്‍ക്ക് അതുണ്ടന്നെങ്കിലും മനസിലാക്കണം. അതുകൊണ്ടു രാജി വയ്ക്കാന്‍ ഇനിയും മടിച്ചുനില്‍ക്കുന്ന മാണിയെ പിടിച്ചുപുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. എന്നാല്‍, എല്ലാ അഴിമതികളിലും കള്ളനു കഞ്ഞിവയ്ക്കുന്ന ഉമ്മന്‍ ചാണ്ടി ഇതു ചെയ്യുമെന്നു തോന്നുന്നില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയപ്രക്ഷോഭം നേരിടേണ്ടിവരുമെന്നും വി.എസ് പറഞ്ഞു.

ബാര്‍ കോഴ കേസിലെ യഥാര്‍ഥപ്രശ്നത്തില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള മാണി ഗ്രൂപ്പിന്റെ ചെപ്പടിവിദ്യ ജനങ്ങള്‍ക്കു മുന്നില്‍ ചെലവാകാന്‍ പോകുന്നില്ല. മാണി കോഴ വാങ്ങിയെന്നതു സംശയാതീതമായി വെളിവാക്കപ്പെട്ടപ്പോള്‍ അതിനു മറുപടി പറയാതെ നുണപരിശോധനാ ഫലം ചോര്‍ന്നതിനെപ്പറ്റി അന്വേഷിക്കണമെന്ന മാണിയുടെ നിലപാടു കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ഉപായമാണ്.


കോഴ വാങ്ങിയതല്ല പ്രധാന പ്രശ്നം, മറിച്ച് കോഴ വാങ്ങിയതു സംബന്ധിച്ച തെളിവു ചോര്‍ന്നു ജനങ്ങളിലെത്തിയതാണു കുഴപ്പം എന്ന മട്ടിലാണ് മാണി ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. നേരത്തെ നിയമസഭയില്‍ കോഴ പ്രശ്നം ഉന്നയിച്ചപ്പോഴും കോഴ വാങ്ങിയതല്ല കാര്യം അതുന്നയിക്കുന്നതു ചട്ടപ്രകാരമാണോ എന്ന വാദം ഉന്നയിക്കുകയാണു മാണി ചെയ്തത്. ഇതു ജനങ്ങളെ വീണ്ടും വിഡ്ഢികളാക്കാനുള്ള ശ്രമമാണ്. ഇത്തരം പൊടിക്കൈയൊന്നും കാട്ടി ഇനി മാണിക്ക് പിടിച്ചുനില്‍ക്കാനാവില്ല.

ഇനി മാണി നുണപരിശോധനയ്ക്കു വിധേയനാകണമെന്നു വിജിലന്‍സ് എങ്ങാനും ആവശ്യപ്പെട്ടാല്‍— കഴിഞ്ഞ അമ്പതുവര്‍ഷക്കാലത്തിനിടയില്‍ നടത്തിയ എല്ലാ ബജറ്റ് വില്പന സംബന്ധിച്ചും പറയേണ്ടിവരുമല്ലോ എന്ന ആധിയും മാണിയെ അലോസരപ്പെടുത്തുന്നുണ്െടന്നും വി.എസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.