മാണിയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണം: കോടിയേരി
മാണിയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണം: കോടിയേരി
Tuesday, May 26, 2015 1:59 AM IST
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലം പുറത്തുവന്ന സാഹചര്യത്തില്‍ മന്ത്രി കെ.എം. മാണിയെ പുറത്താക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അതിനു നടപടിയെടുത്തില്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണമെന്നു കോടിയേരി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നുണപരിശോധനാ ഫലം ആരോപണങ്ങളെ സാധൂകരിക്കുന്ന സാഹചര്യത്തില്‍ മാണിയെ നുണപരിശോധനയ്ക്കു വിധേയനാക്കണം. ഇതിനകം വന്നിരിക്കുന്ന തെളിവുകള്‍ വച്ച് മാണിയെ പ്രതിയാക്കണം. കേസ് നീട്ടിക്കൊണ്ടു പോകുന്നത് അട്ടിമറിക്കാനാണ്. മാണിയേക്കാള്‍ വലിയ കേസ് മന്ത്രി കെ. ബാബുവിനെതിരെയാണ്. എന്നാല്‍, ഒരേ വിഷയത്തില്‍ രണ്ടു നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ബാബുവിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്.

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മാണിക്ക് അഞ്ചു കോടി കൊടുത്തെന്നും മന്ത്രി കെ. ബാബുവിനും ബാബു പറഞ്ഞവര്‍ക്കുമായി പത്തു കോടി കൊടുത്തെന്നുമാണ് അവര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, സര്‍ക്കാര്‍ കേസെടുക്കാന്‍ തയാറാകുന്നില്ല. മന്ത്രിമാര്‍ക്കെതിരെ മൊഴി നല്‍കാതിരിക്കാന്‍ ബാറുടമകളുമായി ഒത്തുതീര്‍പ്പുണ്ടാക്കി. ഇതിന്റെ ഭാഗമായാണ് എല്ലാ ബാറുകള്‍ക്കും ബിയര്‍- വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചത്.


ബാര്‍ കോഴ കേസില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പാണു കാണിക്കുന്നതെങ്കിലും കേരള കോണ്‍ഗ്രസ് നിസഹായാവസ്ഥയിലാണ്. ഒന്നു പ്രതിഷേധിക്കാനോ കരയാന്‍ പോലുമോ ആകാത്ത നിലയിലാണ് അവര്‍. ജയില്‍ ഒഴിവാക്കാന്‍ എങ്ങനെയും മുന്നണിയില്‍ അവര്‍ക്കു നിന്നേ പറ്റൂ.

കേസില്‍ തുടര്‍ പ്രക്ഷോഭപരിപാടികള്‍ക്കു രൂപം നല്‍കുന്നതിനായി ഈ മാസം 31 ന് ഇടതുമുന്നണി യോഗം ചേരും. മലബാര്‍ സിമന്റ്സ് കേസില്‍ വി.എസ്. അച്യുതാനന്ദന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതില്‍ അപാകതയില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അവിടെ 100 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ഇതേക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാണ് വി.എസ് ആവശ്യപ്പെട്ടിട്ടുള്ളത്. പാര്‍ട്ടിയുടെ നിലപാടും ഇതു തന്നെയാണ്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തകരുമെന്ന തിരിച്ചറിവുകൊണ്ട് ആരെയെങ്കിലും കിട്ടുമോ എന്നറിയാന്‍ മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദ് ചാക്കുമായി ഇറങ്ങിയിരിക്കുകയാണ്. എന്നാല്‍, ആ ചാക്ക് തുളയുള്ളതാണ്. അതില്‍ ഞങ്ങളുടെ പക്ഷത്തു നിന്നാരും കയറില്ല: കോടിയേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.