മെഗാ പ്രോജക്ടുകള്‍: തീരുമാനം ഇന്നു കൊച്ചിയില്‍
Tuesday, May 26, 2015 1:19 AM IST
കൊച്ചി: സംസ്ഥാനത്തു നടപ്പിലാക്കുന്ന പ്രധാന പദ്ധതികളെ സംബന്ധിച്ച് ഇന്നു കൊച്ചിയില്‍ ചേരുന്ന പൊതുമരാമത്ത് ഉന്നതതലയോഗം തീരുമാനമെടുക്കുമെന്നു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. കൊച്ചിയിലെ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണവും ഇതില്‍ ഉള്‍പ്പെടും. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനു പ്ളാന്‍ തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചു നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ അവലോകനം ഇന്നത്തെ യോഗത്തില്‍ ഉണ്ടാവും.

400 ദിവസത്തിനുള്ളില്‍ തീര്‍ക്കാന്‍ ഉദ്ദേശിച്ചിരുന്ന 100 പാലങ്ങളുടെ നിലവിലെ സ്ഥിതിയും പൂര്‍ത്തിയായവയുടെ പട്ടികയും ചീഫ് എന്‍ജിനിയര്‍ യോഗത്തില്‍ അറിയിക്കും. റോഡ് അറ്റകുറ്റപ്പണിയും റോഡ് കൈയേറ്റം ഒഴിപ്പിക്കലും യോഗത്തില്‍ വിലയിരുത്തും. കെട്ടിട നിര്‍മാണ വിഭാഗത്തിനു കീഴില്‍ നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനം, കരാറുകാരുടെ കുടിശിക, നടപ്പു ബജറ്റില്‍ അനുവദിച്ചിട്ടുള്ള തുക ചെലവഴിക്കുന്നതിനുള്ള കര്‍മപദ്ധതി, മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍, കെഎസ്ടിപി, ദേശീയപാതാ വികസനം, ബൈപ്പാസുകളുടെ നിര്‍മാണം, സ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട്, നഗര റോഡ് വികസന പദ്ധതികള്‍, ലൈറ്റ് മെട്രോ എന്നിവയാണു പ്രധാനമായും അവലോകനം നടത്തുന്നത്.


ഇതിനൊപ്പം തന്നെ സംസ്ഥാനത്ത് ഓരോ ജില്ലയിലും നടപ്പിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പദ്ധതികള്‍ തീരുമാനിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം പദ്ധതികളെ ബാധിക്കാത്ത വിധത്തില്‍, മറ്റു സാമ്പത്തിക ശ്രോതസുകളില്‍നിന്നു പണം കണ്െടത്തി പദ്ധതികള്‍ ആവിഷ്കരിക്കാനാണ് ഉദ്ദേശമെന്നു മന്ത്രി പറഞ്ഞു.

കൊച്ചി നഗരവികസനത്തിന് ഇക്കാര്യത്തില്‍ മുന്‍ഗണന കൊടുക്കുമെന്നും മാധ്യമങ്ങള്‍ ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള അഭിപ്രായങ്ങള്‍ക്കു പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.