എയ്ഡഡ് കോളജുകളില്‍ നിയമനത്തിനു സംവരണം പാലിക്കണം: ഹൈക്കോടതി
എയ്ഡഡ് കോളജുകളില്‍ നിയമനത്തിനു സംവരണം പാലിക്കണം: ഹൈക്കോടതി
Tuesday, May 26, 2015 1:30 AM IST
കൊച്ചി: സംസ്ഥാനത്തു ന്യൂനപക്ഷങ്ങളുടേതല്ലാത്ത എയ്ഡഡ് കോളജുകളില്‍ അധ്യാപക, അനധ്യാപക നിയമനത്തിനു പട്ടികജാതി-വര്‍ഗ സംവരണം പാലിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. സര്‍വകലാശാലകള്‍ ആറു മാസത്തിനകം ഇതിനായി ചട്ടഭേദഗതി കൊണ്ടുവരണമെന്നും സംവരണം പാലിച്ചേ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ പാടുള്ളൂവെന്നും ജസ്റീസ് എ.എം. ഷെഫീഖിന്റെ ഉത്തരവില്‍ പറയുന്നു.

എയ്ഡഡ് കോളജുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളില്‍ എസ്സി- എസ്ടി സംവരണം പാലിക്കണമെന്ന് ആവശ്യപ്പെട്ടു തൃശൂര്‍ ഊരകം സ്വദേശി എം.വി. ഗിരീഷ്, കോട്ടയം സ്വദേശി റെജികുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതിയുടെ ഉത്തരവ്. സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ദേവസ്വം ബോര്‍ഡ് കോളജുകളിലേത് ഉള്‍പ്പെടെ നിയമനങ്ങളില്‍ കേരള സര്‍വീസ് ചട്ടം അനുസരിച്ചുള്ള സംവരണ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നാണു ഹര്‍ജിക്കാരുടെ ആക്ഷേപം. പൊതുഫണ്ടില്‍ നിന്നു സഹായം ലഭിക്കുന്ന കേന്ദ്ര സര്‍വകലാശാലകള്‍, സര്‍വകലാശാലകള്‍ എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും ന്യൂനപക്ഷങ്ങളുടേതല്ലാത്തതുമായ കോളജുകള്‍ സംവരണ തത്ത്വം പാലിക്കണമെന്നു യുജിസി 2006ല്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്െടന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

ചട്ടമനുസരിച്ചു നിയമനങ്ങളില്‍ പട്ടികജാതിക്ക് 15 ശതമാനവും പട്ടികവര്‍ഗത്തിന് 7.5 ശതമാനവും സംവരണം നല്‍കണം. എന്നാല്‍, കേരളത്തിലെ എയ്ഡഡ് കോളജുകളില്‍ 7,199 അധ്യാപകരുള്ളപ്പോള്‍ സംവരണ വിഭാഗത്തില്‍നിന്ന് 11 പേര്‍ മാത്രമാണുള്ളതെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, എയ്ഡഡ് കോളജുകളിലെ നിയമനങ്ങള്‍ക്കു സംവരണം പാലിക്കണമെന്നു സര്‍വകലാശാല ചട്ടങ്ങളില്‍ പറയുന്നില്ലെന്നും ഇക്കാരണത്താല്‍ സംവരണതത്ത്വം പാലിക്കാന്‍ തങ്ങള്‍ക്കു ബാധ്യതയില്ലെന്നുമാണു കോളജ് മാനേജ്മെന്റുകള്‍ വാദിച്ചത്. കേരള സര്‍വകലാശാലയുടെ ചട്ടമനുസരിച്ച് 50 ശതമാനം ഒഴിവുകളില്‍ അതതു സമുദായത്തില്‍നിന്നു മെറിറ്റ് അടിസ്ഥാനമാക്കി നിയമനം നടത്തണമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. സര്‍വകലാശാലാ ചട്ടങ്ങളില്‍ ഭേദഗതിയില്ലാതെ യുജിസി മാര്‍ഗനിര്‍ദേശത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്നു ഹര്‍ജിക്കാര്‍ക്കു പറയാനാവില്ലെന്നും കോളജ് മാനേജ്മെന്റുകള്‍ വാദിച്ചു.


മാനേജ്മെന്റുകളുടെ വാദം ഹൈക്കോടതി പൂര്‍ണമായും തള്ളി. എയ്ഡഡ് കോളജുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളില്‍ സംവരണം നടപ്പാക്കുന്നതിനു ബന്ധപ്പെട്ട ചട്ടങ്ങളില്‍ സര്‍വകലാശാലകള്‍ ഉചിതമായ ഭേദഗതി വരുത്തണമെന്നു സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. കോളജ് നടത്തുന്ന സമുദായത്തിനു നിയമനങ്ങളില്‍ സംവരണം നടപ്പാക്കുന്നുണ്ട്.

എന്നാല്‍, ഭരണഘടന വിഭാവനം ചെയ്യുന്ന പട്ടികജാതി-വര്‍ഗ സംവരണത്തിനു സര്‍വകലാശാലകളില്‍ ചട്ടങ്ങള്‍ ഇല്ല. ഇതു തിരിച്ചറിഞ്ഞു സംവരണതത്ത്വം പാലിക്കാന്‍ യുജിസി തന്നെ മാര്‍ഗനിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ സര്‍വകലാശാലകള്‍ ഇതിനായി നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ കോളജുകളിലും സര്‍വകലാശാല സെന്ററുകളിലും സംവരണം നടപ്പാക്കുന്നുണ്ട്.

സര്‍ക്കാര്‍ സര്‍വീസിലും സംവരണം നടപ്പാക്കുന്നുണ്ട്. എന്നാല്‍, എയ്ഡഡ് കോളജുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളില്‍ സംവരണം ഒഴിവാക്കാ ന്‍ കാരണമെന്തെന്നു മനസിലാകുന്നില്ല. സംസ്ഥാനത്തെ സ്വകാര്യ കോളജുകള്‍ക്കും സര്‍ക്കാര്‍ വക ഗ്രാന്റും ഫണ്ടും ലഭിക്കുന്നുണ്ട്. എയ്ഡഡ് കോളജുകളാണെങ്കിലും തസ്തികകള്‍ അനുവദിക്കുന്നത് സര്‍ക്കാരാണ്.

ആ നിലയ്ക്കു സംവരണതത്ത്വം ഉറപ്പായും പാലിക്കണം. ഇത്തരം കോളജുകളിലെ നിയമനങ്ങളില്‍ പട്ടികജാതി-വര്‍ഗ സംവരണം ഒഴിവാക്കുന്നതിന് ഒരു ന്യായവുമില്ല. ഭരണഘടന പറയുന്ന സംവരണം നടപ്പാക്കാന്‍ ഇവര്‍ക്കും ബാധ്യതയുണ്ട്. ആ നിലയ്ക്ക് സര്‍വകലാശാലകള്‍ ഇതിനനുസരിച്ചു ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.