സോളാര്‍ കേസ്: സരിതയുടെ മുന്‍ സ്റാഫ് മൊഴി നല്‍കി
Tuesday, May 26, 2015 1:28 AM IST
കൊച്ചി: സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്ന ജസ്റീസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ സരിതയുടെ കമ്പനിയായ ടീം സോളാറിലെ മുന്‍ ജീവനക്കാര്‍ മൊഴി നല്‍കി. ടീം സോളാര്‍ കമ്പനി ഡ്രൈവര്‍മാരായിരുന്ന പി.കെ. സന്ദീപ്, രാജന്‍ നായര്‍, കസ്റമര്‍ റിലേഷന്‍ മാനേജറായിരുന്ന വിമല എന്നിവരാണു മൊഴി നല്‍കിയത്. പത്തനംതിട്ടയിലെ ക്രഷര്‍ ഉടമ ശ്രീധരന്‍നായര്‍ക്കൊപ്പം സരിത എസ്. നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയതു കണ്ടതായി പി.കെ. സന്ദീപ് മൊഴി നല്‍കി. ശ്രീധരന്‍നായര്‍ക്കൊപ്പം സരിത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ പോയ ദിവസം സരിതയുടെ കാര്‍ ഓടിച്ചതു താനാണ്. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്തെത്തിയപ്പോള്‍ സരിത ടെന്നി ജോപ്പനെ ഫോണില്‍ വിളിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ പരിശോധന കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങള്‍ സഞ്ചരിച്ച കാര്‍ അകത്തേക്കു കടത്തിവിട്ടു. സരിതയും ശ്രീധരന്‍നായരും അഡ്വ.അജിത്കുമാറും ഓഫീസിനകത്തേക്കുപോയി. തിരിച്ചുവന്നത് ഒരു മണിക്കൂറിനു ശേഷമാണെന്നു സന്ദീപ് മൊഴി നല്‍കി.

സരിതയുടെ ഒട്ടുമിക്ക യാത്രകളിലും കൂട്ടുപോയിരുന്ന വിമല നിരവധി രാഷ്ട്രീയക്കാരുമായി സരിത അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നു മൊഴിനല്‍കി. ഗണേഷ്കുമാര്‍ മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഓഫീസിലും കൊച്ചി മേയര്‍ ടോണി ചമ്മിണിയുടെ ഓഫീസിലും സരിതയ്ക്കൊപ്പം പോയിട്ടുണ്െടന്നു ടീം സോളാര്‍ മുന്‍ കസ്റമര്‍ റിലേഷന്‍സ് മാനേജര്‍ വിമല കമ്മീഷനോടു പറഞ്ഞു. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ടീം സോളാര്‍ സംഘടിപ്പിച്ച പുരസ്കാരദാനച്ചടങ്ങില്‍ പല മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും പങ്കെടുത്തിരുന്നു. മന്ത്രിമാരെ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഒരു മെഗാസ്റാര്‍, അമ്മ വേഷം ചെയ്യുന്ന നടി, പിന്നണി ഗായകന്‍ എന്നിവരും ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സരിതയുമായി തെറ്റിയതിനെത്തുടര്‍ന്നു താന്‍ ടീം സോളാറിലെ ജോലി രാജിവച്ചുവെന്നും വിമല പറഞ്ഞു. 2012 മധ്യത്തോടെ ബിജു രാധാകൃഷ്ണനുമായി തെറ്റിപ്പിരിഞ്ഞതിനു ശേഷം കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതു സരിതയായിരുന്നെന്നാണു മറ്റൊരു ഡ്രൈവറായിരുന്ന രാജന്‍ നായരുടെ മൊഴി. കേസില്‍ കക്ഷിചേരുന്നതിനു പി.സി.ജോര്‍ജ് എംഎല്‍എയും എഐവൈഎഫ് നേതാവ് കെ. രാജനും സമര്‍പ്പിച്ച അപേക്ഷകള്‍ കമ്മീഷന്‍ ഇന്നു പരിഗണിക്കും. പി.സി. ജോര്‍ജിന്റെ സാക്ഷിവിസ്താരം ഇന്നും തുടരും. ഒരു എംഎല്‍എ ഉള്‍പ്പെട്ട ലൈംഗികാപവാദക്കേസിലെ സ്ത്രീ കമ്മീഷനു നല്‍കിയ പരാതിയും ഇന്നു പരിഗണിക്കും. 29നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ കമ്മീഷനു മൊഴി നല്‍കാനെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.