മുഖപ്രസംഗം: പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ഇനി വൈകരുത്
Tuesday, May 26, 2015 1:18 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മന്ത്രിസഭ ഇന്ന് ഒരു വര്‍ഷം പിന്നിടുന്നു. മൂന്നു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കേന്ദ്രത്തില്‍ ഒരു രാഷ്ട്രീയകക്ഷിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചതിന്റെ വാര്‍ഷികംകൂടിയാണിത്. ദിവസങ്ങളോ എതാനും മാസങ്ങളോ മാത്രം ആയുസുണ്ടായിരുന്ന സര്‍ക്കാരുകളുടെയും റിസര്‍വ് ബാങ്കിലെ സ്വര്‍ണനിക്ഷേപം പണയം വയ്ക്കേണ്ടിവന്ന സാമ്പത്തിക ദുരവസ്ഥയുടെയുമൊക്കെ കാലത്തുനിന്നു രാജ്യത്തെ പ്രതീക്ഷയുടെ പുതിയ വെളിച്ചത്തിലേക്കു കൈപിടിച്ചു നയിച്ച രാഷ്ട്രീയ സാഹചര്യമാണു കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ജനവിധിക്കു വഴിയൊരുക്കിയത്.

'അച്ഛേ ദിന്‍' ഇതാ വരുന്നുവെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം രാജ്യത്തെ സാധാരണക്കാരെ ഏറെ ആഹ്ളാദിപ്പിച്ചു. ഇപ്പോഴിതാ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് ഉത്തര്‍പ്രദേശിലെ മഥുരയില്‍ സംഘടിപ്പിച്ച ചടങ്ങില്‍, താന്‍ വാഗ്ദാനം പാലിച്ചുവെന്നു നരേന്ദ്ര മോദി അവകാശപ്പെടുന്നു. അഴിമതിയില്ലാത്ത ഒരു വര്‍ഷമാണ് ഈ അവകാശവാദത്തിന് അടിസ്ഥാനമായി മോദി എടുത്തുകാട്ടുന്നത്. എന്നാല്‍, ഈ അവകാശവാദം എത്രമാത്രം വസ്തുനിഷ്ഠമാണ്?

യഥാര്‍ഥത്തില്‍ മോദിസര്‍ക്കാര്‍ എന്തു വാഗ്ദാനമാണു സാക്ഷാത്കരിച്ചത്? സാമ്പത്തികരംഗത്തും വികസനരംഗത്തും എന്തു പുതിയ മുന്നേറ്റമാണു സര്‍ക്കാര്‍ കുറിച്ചത്? അഴിമതിയുടെ കഥകള്‍ ഏറെ കേട്ടു മനം മടുത്ത ജനം പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിനു തയാറായതു കോര്‍പറേറ്റുകളുടെ താളത്തിനൊത്തു തുള്ളുന്ന ഒരു ഭരണകൂടത്തെ പ്രതീക്ഷിച്ചായിരുന്നില്ല. രാജ്യത്തെ സാധാരണക്കാരും പാവപ്പെട്ടവരുമായ ഭൂരിപക്ഷം ശക്തമായൊരു കേന്ദ്രഭരണം ആഗ്രഹിച്ചു. ശക്തമായ സര്‍ക്കാര്‍ കാര്യക്ഷമതയുള്ള ഭരണത്തിനു വഴിതെളിക്കുമെന്നു മനസിലാക്കി ആശയപരമായ നിലപാടുകള്‍ മാറ്റിവച്ച് മധ്യവര്‍ഗത്തിന്റെ നല്ലൊരു ഭാഗവും ഉറച്ച സര്‍ക്കാരിനുവേണ്ടി വോട്ട് ചെയ്തിട്ടുണ്ടാവും.

സമര്‍ഥമായ പ്രചാരണ തന്ത്രം ജനങ്ങളില്‍ മോദിയെക്കുറിച്ചു വലിയ പ്രതീക്ഷയുണര്‍ത്തി. തെരഞ്ഞെടുപ്പു പ്രചാരണം തികച്ചും പ്രഫഷണലായി നടത്തുന്നതില്‍ മോദി ടീം വിജയിച്ചു. ശക്തനായ ഭരണാധികാരിയായും ആശയങ്ങളും അഭിലാഷങ്ങളുമുള്ള നേതാവായുമൊക്കെ മോദിയെ ചിത്രീകരിക്കുന്നതിലും അതു ജനത്തെ വിശ്വസിപ്പിക്കുന്നതിലും ആ പ്രചാരണസംഘം വന്‍വിജയമാണു നേടിയത്. ഒരു ആര്‍എസ്എസ് പ്രചാരകിന്റെ അച്ചടക്കത്തോടും പരിശീലന മികവോടുംകൂടി ഈ പ്രതിച്ഛായ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ നരേന്ദ്ര മോദിക്കു കഴിഞ്ഞു. ഹൈന്ദവ മധ്യവര്‍ഗത്തിന്റെ ഏകോപനത്തിനു മോദിയുടെ സംഘപരിവാര്‍ പ്രതിച്ഛായ ഏറെ സഹായകമാകുകയും ചെയ്തു.

മോദിയുടെ വിജയം പ്രതീക്ഷിതമായിരുന്നുവെങ്കിലും ഏകകക്ഷി ഭൂരിപക്ഷത്തിലേക്കുള്ള കുതിപ്പ് മിക്കവാറും അപ്രതീക്ഷിതമായിരുന്നു. ഇത്തരമൊരു ഭൂരിപക്ഷം ബിജെപിക്കും മോദിക്കും നല്‍കാന്‍ മാത്രം വലുതായിരുന്നു ഇന്ത്യന്‍ വോട്ടര്‍മാരുടെ പ്രതീക്ഷകള്‍. ആ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ മോദിക്കു സാധിച്ചുവോ എന്നതാണ് ഈ ഒന്നാം വാര്‍ഷികാഘോഷത്തിലെ സ്വാഭാവികമായും പ്രസക്തമായ ചോദ്യം. അഴിമതിരഹിതമായ ഒരു വര്‍ഷം എന്നതിന്റെ പേരില്‍ മോദി അഭിമാനിക്കുമ്പോള്‍ ഈ സര്‍ക്കാരിന്റെ പ്രതിരോധ ഇടപാടുകളെക്കുറിച്ചു മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി ഉയര്‍ത്തുന്ന സംശയങ്ങള്‍ തള്ളിക്കളയാനാവാതെ നില്‍ക്കുന്നു.

ഭരണം തന്റെ കൈപ്പിടിയിലാണെന്നു മോദി കരുതുമ്പോഴും സര്‍ക്കാരില്‍ സംഘപരിവാറിന്റെ സ്വാധീനം പ്രകടമാണ്. അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസ് പല അധികാരങ്ങളും കൈയടക്കുമ്പോള്‍ അത്യാവശ്യ നിയമനങ്ങള്‍ പോലും തടസപ്പെടുന്നുമുണ്ട്. ഫാസിസ്റ് ആശയങ്ങളേക്കാള്‍ തരംതാണ വിഷയങ്ങളില്‍ പ്രസ്താവനകളുമായി പാര്‍ലമെന്റംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നത ബിജെപി നേതാക്കള്‍ രംഗത്തുവരുമ്പോള്‍ പ്രധാനമന്ത്രി പുലര്‍ത്തുന്ന മൌനം കരുത്തനായ നേതാവിന്റേതായി കാണാനാവില്ല. ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ക്കുനേരേ നിരന്തരം ആക്രമണങ്ങള്‍ നടക്കുമ്പോള്‍, അഹിന്ദുക്കള്‍ രാജ്യം വിട്ടുപോകണമെന്നുവരെ സമുന്നതരായ ബിജെപി നേതാക്കളും പാര്‍ട്ടിയെയും നേതൃത്വത്തെയും സ്വാധീനിക്കാന്‍ കെല്പുള്ള സാമുദായിക നേതാക്കളും ഉറക്കെപ്പറയുമ്പോള്‍, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തെ അവരില്‍ ചിലര്‍ തള്ളിപ്പറയുമ്പോള്‍, മോദി പാലിക്കുന്ന മൌനം ശക്തനായ നേതാവിന്റേതാണോ? ഡല്‍ഹി സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ ഫെഡറലിസത്തിനു പൂര്‍ണമായി യോജിച്ചതുമല്ല.


സാമ്പത്തികരംഗത്തു കാര്യമായ നേട്ടമൊന്നും മോദിസര്‍ക്കാരിനു കൈവരിക്കാനായില്ല എന്നതാണു വസ്തുത. അമിത പ്രതീക്ഷ പുലര്‍ത്തി എന്നതൊരു കുറ്റമായി പറഞ്ഞിട്ടു കാര്യമില്ല. മോദിസര്‍ക്കാര്‍ അധികാരമേറ്റ് അധികം താമസിയാതെ അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വന്‍ ഇടിവ് രാജ്യത്തിനു സാമ്പത്തികമായി വലിയ അനുഗ്രഹമായി. വിദേശവ്യാപാര കമ്മിയും കറന്റ് അക്കൌണ്ട് കമ്മിയും കാര്യമായി കുറഞ്ഞു. വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ ഈ സാഹചര്യം സഹായകമായി. ഏതു സര്‍ക്കാരിന്റെയും പ്രവര്‍ത്തനത്തെ വിലയിരുത്താന്‍ പ്രഥമവും പ്രധാനവുമായി കണക്കിലെടുക്കുന്ന കാര്യമാണല്ലോ വിലക്കയറ്റം. അക്കാര്യത്തില്‍ തുടക്കത്തില്‍ മോദിയെ ഭാഗ്യം തുണച്ചെങ്കിലും ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ഇന്ധനവിലയില്‍ കാര്യമായ വര്‍ധന ഇപ്പോള്‍ വന്നുകഴിഞ്ഞു. കയറ്റുമതിയിലും കാര്യമായ കുറവുണ്ടായി. തൊഴില്‍ വര്‍ധനയുടെ തോതും താഴോട്ടുതന്നെ. വ്യവസായ വളര്‍ച്ചാനിരക്കും ഇതേ നിലവാരത്തിലാണ്. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചു കണക്കുകള്‍ നിരത്തി അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നുണ്െടങ്കിലും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കുപോലും ഈ കണക്കുകള്‍ അത്രകണ്ടു ബോധ്യപ്പെട്ടിട്ടില്ല. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ നാം ഇപ്പോഴും പാടുപെടുകയാണ്.

പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ പ്രവാസി ഇന്ത്യക്കാരില്‍ ആവേശമുണര്‍ത്താന്‍ സഹായകമായിട്ടുണ്ട്. എന്നാല്‍, പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ഒഴിവാക്കി വിദേശ സന്ദര്‍ശനം നടത്തുന്നതിലൂടെ പ്രധാനമന്ത്രി നേടുന്ന കീര്‍ത്തിക്ക് എത്രകണ്ടു മൂല്യമുണ്ട്? ഗുജറാത്ത് കലാപത്തിന്റെ പേരില്‍ തനിക്ക് ഒരിക്കല്‍ വീസ നിഷേധിച്ച അമേരിക്കയില്‍ വീരപരിവേഷത്തോടെ എത്തിയ പ്രധാനമന്ത്രി മോദി അവിടെയുള്ള ഇന്ത്യക്കാരില്‍ മാത്രമല്ല, അമേരിക്കക്കാരിലും വലിയ പ്രതിച്ഛായ സൃഷ്ടിച്ചിട്ടുണ്ടാവും. എന്നാല്‍, അമേരിക്കയുടെ അജന്‍ഡയ്ക്കുള്ളില്‍ നിന്നുള്ള നയതന്ത്രമേ മോദിക്ക് ഇപ്പോഴും കളിക്കാനാവുന്നുള്ളൂ. ഏറ്റവുമൊടുവില്‍ ചൈനയുമായി നടത്തിയ കരാറുകളും ഉഭയകക്ഷി ബന്ധത്തില്‍ വലിയ നേട്ടങ്ങള്‍ക്കു കാരണമായില്ല.

പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്ക്കു കാര്യമായ കോട്ടമുണ്ടായിട്ടില്ലെങ്കിലും ഭരണതലത്തില്‍ എടുത്തുപറയത്തക്ക നേട്ടങ്ങള്‍ ചൂണ്ടിക്കാണിക്കാനില്ല എന്നതു വലിയൊരു പോരായ്മ തന്നെയാണ്. അഴിമതി ആരോപണങ്ങളൊന്നും ഈ ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്നിട്ടില്ല എന്നത് അഭിമാനകരംതന്നെ. അതോടൊപ്പം ഭരണതലത്തില്‍ മുന്നേറ്റമുണ്ടായെങ്കില്‍ മാത്രമേ സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ നല്ല മാര്‍ക്ക് നേടാനാവൂ. ഭരണനേട്ടം ജനങ്ങളിലെത്തുകയും രാജ്യം അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഒരു ഭരണകൂടത്തെ ആത്മാര്‍ഥമായി അഭിനന്ദിക്കാന്‍ കഴിയുക. മോദിസര്‍ക്കാരിന്റെ മധുവിധു കാലം കഴിഞ്ഞുവെന്നു പറയാം. തുടക്കത്തിന്റെ പരിമിതികള്‍ ഇനി പറയാനാവില്ല. ലോക്സഭയില്‍ ശക്തമായ ഭൂരിപക്ഷമുണ്െടങ്കിലും രാജ്യസഭയില്‍ സര്‍ക്കാര്‍ വെള്ളം കുടിക്കേണ്ടിവരുന്ന അവസ്ഥ നേരിടാന്‍ കുറുക്കുവഴികള്‍ സ്വീകരിക്കുന്ന രീതിയും അഭിലഷണീയമല്ല. ഭരണത്തിന്റെ മികവു ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്ന നല്ല നാളേക്കായി ജനങ്ങള്‍ കാത്തിരിപ്പു തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.