കര്‍ഷക ഉപവാസ സമരം നാളെ കോട്ടയത്ത്
Tuesday, May 26, 2015 12:41 AM IST
കോട്ടയം: കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെയും ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ കോട്ടയത്ത് കര്‍ഷക ഉപവാസ സമരം നടക്കും. ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിലാണ് ഉപവാസം. തിരുനക്കര പോലീസ് സ്റേഷന്‍ മൈതാനിയില്‍ രാവിലെ 10ന് ആരംഭിക്കുന്ന ഉപവാസം വൈകുന്നേരം നാലിനു സമാപിക്കും. ഒരാഴ്ച കേരളത്തില്‍ പര്യടനം നടത്താനിരുന്ന ഗാന്ധിയന്‍ അന്നാ ഹസാരെ ദേഹാസ്വാസ്ഥ്യം മൂലം സന്ദര്‍ശനം റദ്ദാക്കിയതിനാല്‍ ഉപവാസ സമരത്തില്‍ പങ്കുചേരുകയില്ല.

എല്ലാ വിഭാഗം കര്‍ഷകരുടെയും ജീവിത പ്രശ്നങ്ങളാണു സമരവേദിയില്‍ ഉയര്‍ത്തപ്പെടുന്നത്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും നിലനില്‍ക്കുന്ന അഴിമതിക്കെതിരേ കര്‍ഷകസമൂഹം ശക്തമായി പ്രതികരിക്കും. നികുതിവരുമാനത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ ഭരണച്ചെലവിനായി മാറ്റിവയ്ക്കാന്‍ പാടില്ലെന്ന കര്‍ഷകനിര്‍ദേശം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു സമര്‍പ്പിക്കും. കടുത്ത പ്രതിസന്ധി നേരിടുന്ന കര്‍ഷകരുടെ വേദനയും ദുഃഖവും നിരാശയും കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും അധികാര കേന്ദ്രങ്ങള്‍ അടിയന്തരമായി ഇടപെടണമെന്നും മാര്‍ മാത്യു അറയ്ക്കല്‍ ആവശ്യപ്പെട്ടു.


കര്‍ഷകരുടെ അതിജീവന പോരാട്ടത്തില്‍ ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി എല്ലാവരും പങ്കുചേരണമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ ഡിജോ കാപ്പന്‍ അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.