എല്‍ഡിഎഫിലെ ഒരു പ്രമുഖ കക്ഷി ഉടന്‍ യുഡിഎഫിലേക്കെന്നു കെ.പി.എ. മജീദ്
എല്‍ഡിഎഫിലെ ഒരു പ്രമുഖ കക്ഷി ഉടന്‍ യുഡിഎഫിലേക്കെന്നു കെ.പി.എ. മജീദ്
Monday, May 25, 2015 12:22 AM IST
കണ്ണൂര്‍: എല്‍ഡിഎഫിലെ ഒരു പ്രമുഖ കക്ഷി ഐക്യജനാധിപത്യ മുന്നണിയിലേക്കു വരാന്‍ തയാറായി നില്‍ക്കുകയാണെന്നും ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. യുഡിഎഫ് നേതൃത്വവുമായി ഈ കക്ഷിയിലെ നേതാക്കള്‍ ചര്‍ച്ച നടത്തിവരികയാണ്. അര്‍ഹമായ പരിഗണനയും സ്ഥാനവും ലഭിച്ചാ ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഈ പാര്‍ട്ടി യുഡിഎഫില്‍ ചേരും. ഇക്കാര്യത്തില്‍ താന്‍ നടത്തിയ പ്രവചനം തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വടക്കന്‍ മേഖലാ ജാഥയുടെ കഴിഞ്ഞ ദിവസങ്ങളിലെ സ്വീകരണ പരിപാടികള്‍ വിശദീകരിക്കാന്‍ കണ്ണൂര്‍ ഗസ്റ്ഹൌസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥ ലീഡര്‍ കൂടിയായ കെ.പി.എ. മജീദ്. കഴിഞ്ഞ ദിവസം ജാഥയ്ക്കു കല്പറ്റയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ മജീദ് സിപിഐയെ യുഡിഎഫിലേക്കു സ്വാഗതം ചെയ്തിരുന്നു.

മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ടു മുന്‍ വ്യവസായമന്ത്രി എളമരം കരീമിനെതിരേ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് ഏത് അന്വേഷണം വേണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തി യുക്തമായ തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണു ലീഗിന്റെ നിലപാടെന്നും മറിച്ചൊരഭിപ്രായം യുഡിഎഫിനകത്തില്ലെന്നും അദ്ദേഹം പറഞ്ഞു. നേതൃമാറ്റം ലീഗിന്റെ അജന്‍ഡയിലുള്ള കാര്യമല്ലെന്ന് ഒരു ചോദ്യത്തിനു മറുപടിയായി മജീദ് പറഞ്ഞു. ബാര്‍കോഴ കേസില്‍ കൂടുതല്‍ ഉടമകള്‍ രംഗത്തുവരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, തെളിവുകളുണ്െടങ്കില്‍ അവര്‍ കൊണ്ടുവരട്ടെ എന്നായിരുന്നു മജീദിന്റെ മറുപടി. 30 വര്‍ഷം എംഎല്‍എയായിരുന്നിട്ടും ഒന്നും ചെയ്യാത്ത കോടിയേരി ബാലകൃഷ്ണന്റെ മണ്ഡലത്തില്‍ കോളജ് അനുവദിച്ചു. മാറാരോഗികള്‍ക്കു കാരുണ്യയിലൂടെ ആശ്വാസമെത്തിച്ചു. ഏതു മേഖലയിലായാലും സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്തവരില്ല. എന്നിട്ടും യുഡിഎഫ് സര്‍ക്കാരിനെതിരേ പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിക്കുകയാണ്.


ദേശീയ ഗെയിംസിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ത്തന്നെ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍, നടത്തിപ്പുമായി ബന്ധപ്പെട്ടവര്‍ ഏറ്റവും നല്ല ഗെയിംസ് ആണെന്നു വിലയിരുത്തി. ഒടുവില്‍ വിഴിഞ്ഞം പദ്ധതിക്കെതിരേയാണ് ആരോപണം. 7,000 കോടിയോളം രൂപ മുതല്‍മുടക്കുള്ള പദ്ധതിയിലാണ് ഇവര്‍ 6,000 കോടിയുടെ അഴിമതി ആരോപിച്ചതെന്നും മജീദ് പരിഹസിച്ചു.

പത്രസമ്മേളനത്തില്‍ വൈസ് ക്യാപ്റ്റന്‍മാരായ കെ.പി. കുഞ്ഞിക്കണ്ണന്‍, കെ. കുഞ്ഞാലി എന്നിവരും വിവിധ യുഡിഎഫ് നേതാക്കളും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.