പാറമ്പുഴ കൂട്ടക്കൊല: പ്രതിയെ ഇന്നു കസ്റഡിയില്‍ വാങ്ങും
പാറമ്പുഴ കൂട്ടക്കൊല: പ്രതിയെ ഇന്നു കസ്റഡിയില്‍ വാങ്ങും
Monday, May 25, 2015 12:19 AM IST
കോട്ടയം: കോട്ടയത്തിനു സമീപം പാറമ്പുഴയില്‍ മൂന്നു പേരെ കൊലപ്പെടുത്തിയ നരേന്ദര്‍ കുമാറിനെ ഇന്നു കോട്ടയം ജുഡീഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി അന്വേഷണസംഘം കസ്റഡിയില്‍ വാങ്ങും. തുടര്‍ന്നു പ്രതി കൊലനടത്തിയ പാറമ്പുഴ തുരുത്തേല്‍പ്പടി മൂലേപ്പറമ്പില്‍ വീട്, കത്തി വാങ്ങിയ കട എന്നിവിടങ്ങളിലെത്തിച്ചു തെളിവെടുപ്പു നടത്തും.

അന്വേഷണസംഘം കഴിഞ്ഞ വെള്ളിയാഴ്ച ഉത്തര്‍പ്രദേശ് ഫിറോസാബാദിലെ വീടിനു സമീപത്തുനിന്ന് അറസ്റ്ചെയ്ത നരേന്ദര്‍ കുമാറിനെ വിമാനമാര്‍ഗം ഇന്നലെ കേരളത്തിലെത്തിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.15നു നെടുമ്പാശേരിയിലെത്തിച്ച പ്രതിയെ ഉച്ചകഴിഞ്ഞ് 2.45നു കോട്ടയം മണര്‍കാട് സ്റേഷനില്‍ കൊണ്ടുവന്നു. കൊല്ലപ്പെട്ട പ്രവീണിന്റെ സഹോദരന്‍ വിപിന്‍ ലാല്‍, ബന്ധുക്കളായ ബ്ളസന്‍, ജയചന്ദ്രന്‍ എന്നിവര്‍ പ്രതിയെ മണര്‍കാട് സ്റേഷനിലെത്തി തിരിച്ചറിഞ്ഞു.

തുരുത്തേല്‍പ്പടി മൂലേപ്പറമ്പില്‍ എം.കെ. ലാലസന്‍ (റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,70), ഭാര്യ പ്രസന്ന (കോട്ടയം ജനറല്‍ ആശുപത്രി പബ്ളിക് ഹെല്‍ത്ത് നഴ്സ്- 53), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ താനാണു കൊലപ്പെടുത്തിയതെന്ന് നരേന്ദര്‍ കുമാര്‍ വെളിപ്പെടുത്തിയതായി അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കിയ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേസിലെ പ്രതിയും മരിച്ച പ്രവീണിന്റെ ഉടമസ്ഥതയിലുള്ള അലക്കുകമ്പനിയിലെ ജോലിക്കാരനുമായിരുന്നു ഫിറോസാബാദ് അംബേദ്കര്‍ കോളനി യിലെ നരേന്ദര്‍ കുമാര്‍.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: വീട് ഈടു വച്ചെടുത്ത പണം തിരിച്ചടയ്ക്കുന്നതിനു വേണ്ടിയാണു പ്രതി കേരളത്തിലെത്തുന്നത്. കവര്‍ച്ച നടത്തി മുങ്ങുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ മാര്‍ച്ച് 18നു കോട്ടയത്തെത്തിയപ്പോള്‍ ബിവറേജസ് ഔട്ട്ലെറ്റിനു മുന്നില്‍ നിന്നാണു ജോലിക്കാരനെ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രവീണിന്റെ പരസ്യം കാണുന്നത്. തുടര്‍ന്നു പ്രവീണിനെ വിളിക്കുകയും സഹോദരന്‍ വിപിന്‍ലാല്‍ എത്തി നരേന്ദര്‍ കുമാറിനെ കൊണ്ടുപോകുകയുമായിരുന്നു. മദ്യപാനം, പുകവലി തുടങ്ങിയ ദുഃശീലങ്ങളൊന്നുമില്ലാതെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ നല്ലപിള്ള ചമഞ്ഞ ഇയാള്‍ തന്നെ യാണു കൊലപാത കം ആസൂത്രണം ചെയ്തത്. സംഭവദിവസം രാത്രി മദ്യപിച്ചു ക്ഷീണിച്ച പ്രവീണ്‍ കമ്പനിയുടെ മുന്‍ഭാഗത്തെ മുറിയില്‍ ഇരിക്കുകയായിരുന്നു. ഈ സമയം കോടാലികൊണ്ടു തലയ്ക്കു വെട്ടിയശേഷം അകത്തേക്കു വലിച്ചു മാറ്റിയിട്ടു. അല്പസമയം കഴിഞ്ഞപ്പോള്‍ തുണി അലക്കാന്‍ നല്‍കിയിരുന്ന കുടമാളൂരിലെ ആശുപത്രിയില്‍നിന്നു ഫോണ്‍ വരികയും നരേന്ദര്‍കുമാര്‍ അറ്റന്‍ഡ് ചെയ്യുകയും ചെയ്തു. ആശുപത്രിയില്‍നിന്നു വീണ്ടും ഫോണ്‍ വന്നതായി പറഞ്ഞ് ലാലസനെ കൂട്ടിക്കൊണ്ടു വന്നു, പിന്നാലെ പ്രസന്നയും വന്നു. ഇരുവരെയും കോടാലികൊണ്ട് അടിച്ചുകൊന്നു. തുടര്‍ന്നു പ്രസന്നയുടെ ശരീരത്തില്‍നിന്ന് ആഭരണങ്ങള്‍ കൈക്കലാക്കി.


ഇതിനിടെ പ്രവീണ്‍ ശ്വാസം എടുക്കുന്നതായി തോന്നിയതിനാല്‍ ഷോക്കടിപ്പിച്ചു.തുടര്‍ന്ന് മൊബൈലുകളും റിക്കാര്‍ഡുകളും എടുത്ത പ്രതി, വീട്ടില്‍ കയറി ടോര്‍ച്ചും ലാലസന്റെ സര്‍ട്ടിഫിക്കറ്റുകളും എടുത്തു. ഒരു മണിക്കൂറോളം കമ്പനിയുടെ മുന്നില്‍ പതുങ്ങിയിരുന്നശേഷം അതുവഴിയെത്തിയ ഓട്ടോയില്‍ റെയില്‍വേ സ്റേഷനിലെത്തി.

ആദ്യം തിരുവനന്തപുരത്തേക്കും അവിടെനിന്നു ഗോവ, മുംബൈ, ആഗ്ര വഴി ഫിറോസാബാദിലുമെത്തി.പിന്നാലെ ഉത്തര്‍പ്രദേശില്‍ എത്തിയ പോലീസ് അവിടത്തെ പോലീസിന്റെ സഹായത്തോടെ നരേന്ദര്‍ കുമാറിനെ അറസ്റ് ചെയ്യുകയായിരുന്നു. പാമ്പാടി സിഐ സാജു വര്‍ഗീസ്, പൊന്‍കുന്നം സിഐ ആര്‍. ജോസ്, കാഞ്ഞിരപ്പള്ളി സിഐ ആര്‍. മധു, മണര്‍കാട് എസ്ഐ പി.സി. ജോണ്‍, സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ എസ്ഐ പി.വി. വര്‍ഗീസ്, ഒ.എം. സുലൈമാന്‍, എ.എം. മാത്യു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എസ്. അഭിലാഷ്, ഷിബുക്കുട്ടന്‍ എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.