നിക്ഷേപം ലഭിക്കാന്‍ മോദി സൈനികരെ കുറച്ചു: ടോം വടക്കന്‍
നിക്ഷേപം ലഭിക്കാന്‍ മോദി സൈനികരെ കുറച്ചു: ടോം വടക്കന്‍
Monday, May 25, 2015 12:26 AM IST
കൊച്ചി: വിദേശ മൂലധനത്തിനുവേണ്ടി രാജ്യസുരക്ഷയെ പോലും ബിജെപി സര്‍ക്കാര്‍ ബലികഴിക്കുകയാണെന്ന് എഐസിസി വക്താവ് ടോം വടക്കന്‍. ചൈനീസ് അതിര്‍ത്തിയില്‍ കൂടുതല്‍ പട്ടാളക്കാരെ വിന്യസിക്കാന്‍ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ഫണ്ട് മാറ്റിവച്ചിരുന്നു. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടു പറഞ്ഞ് ഇതു മോദി സര്‍ക്കാര്‍ പിന്‍വലിച്ചു. ചൈനയില്‍നിന്നു നേരിട്ടുള്ള നിക്ഷേപം ലഭിക്കുന്നതിനു വേണ്ടിയാണിത്. ഭീകരവാദത്തോടു ബിജെപിക്കു മൃദു സമീപനമാണെ ന്നും ടോം വടക്കന്‍ ആരോപിച്ചു.

കര്‍ഷകരുടെ അനുവാദമില്ലാതെ ഭൂമി ഏറ്റെടുക്കാനുള്ള ഭേദഗതിയാണു കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ ബില്ലിലൂടെ മോദി ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ ഭൂമി കര്‍ഷകര്‍ക്കു തിരിച്ചുകൊടുക്കാന്‍ ബില്ലില്‍ വ്യവസ്ഥയില്ല. കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണു സര്‍ക്കാരിന്റെ പ്രവര്‍ത്തനം.


കേരളത്തില്‍ പണം കൊടുക്കാ തെ ഒന്നും നേടിയെടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണെന്ന് എ.കെ. ആന്റണി പറഞ്ഞത് അദ്ദേഹം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എന്ന നിലയിലാണെന്നും സര്‍ക്കാരിനെതിരേയുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും യുഡിഎഫിന്റെ ഭാവി വരുന്ന തെരഞ്ഞെടുപ്പില്‍ ജനം തീരുമാനിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ മുഖ്യമന്ത്രിസ്ഥാനത്തും കെപിസിസി നേതൃസ്ഥാനത്തും കഴിവുള്ളവരാണ് ഇരിക്കുന്നത്. ദേശീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ സംസ്ഥാനത്തെ മറ്റു വിഷയങ്ങള്‍ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.