നീതിവീഥിയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ അഞ്ജുശ്രീ
നീതിവീഥിയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ അഞ്ജുശ്രീ
Monday, May 25, 2015 12:24 AM IST
കൊച്ചി: കേരള ഫൈന്‍ ആര്‍ട്സ് ഹാളില്‍ ഇന്നലെ നടന്ന അഭിഭാഷക എന്‍റോള്‍മെന്റില്‍ പങ്കെടുത്ത 353 പേരില്‍ ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചതു മൂന്നടിയില്‍ താഴെ മാത്രം ഉയരമുള്ള അഞ്ജുശ്രീയായിരുന്നു. അഞ്ജുശ്രീ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഹൈക്കോടതി ചീഫ് ജസ്റീസ് അശോക്ഭൂഷണു സമീപമെത്തിയപ്പോള്‍ ആയിരങ്ങളുടെ കരഘോഷം മുഴങ്ങി. ജസ്റീസ് അശോക് ഭൂഷണും അഞ്ജുശ്രീയെ പ്രത്യേകം അഭിനന്ദിക്കാന്‍ മറന്നില്ല.

കോഴിക്കോട് ബാലുശേരി മേലേത്തടത്തില്‍ കൃഷ്ണന്റെയും സ്വര്‍ണലതയുടെയും മകളാണ് എം.ടി. അഞ്ജുശ്രീ. ഇപ്പോള്‍ കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ എല്‍എല്‍എമ്മിനു പഠിച്ചുകൊണ്ടിരിക്കുകയാണ്. അഭിഭാഷകവൃത്തി ഒരു ചെറിയ കാര്യമല്ലെന്നാണ് അഞ്ജുശ്രീയുടെ അഭിപ്രായം. പ്രതികൂല സാഹചര്യങ്ങളിലും പഠനത്തിനു മുന്‍തൂക്കം നല്‍കുന്നത് ഇതൊരു പ്രഫഷനായി സ്വീകരിക്കാന്‍ തന്നെയാണ്. അമ്മയുടെ അച്ഛന്‍ വേലായുധനാണ് വക്കീലാകാനുള്ള എല്ലാ പ്രോത്സാഹനവും നല്‍കിയത്. മകള്‍ സ്വര്‍ണലതയെ കറുത്ത ഗൌണിട്ടു കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍, അക്കാലത്തു നിയമപഠനത്തിന് അവസരങ്ങള്‍ കുറവായിരുന്നതിനാല്‍ ആഗ്രഹം വിഫലമായി. കൊച്ചുമകളിലൂടെ വേലായുധന്റെ ആഗ്രഹം ഇപ്പോള്‍ പൂവണിഞ്ഞിരിക്കുകയാണ്


എല്‍എല്‍എം പഠനം പൂര്‍ത്തിയായാല്‍ കോഴിക്കോടു തന്നെ പ്രാക്ടീസ് ചെയ്യണമെന്നാണ് അഞ്ജുശ്രീയുടെ ആഗ്രഹം. നടുവല്ലൂര്‍ എയുപി സ്കൂള്‍, പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളിലായിരുന്നു പഠനം. തിരുവനന്തപുരം ലോ കോളജില്‍നിന്നു പഠനം കോഴിക്കോടാക്കാന്‍ സഹായിച്ചതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും അഞ്ജുശ്രീ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.