ജയലളിതയെ കുറ്റവിമുക്തയാക്കിയ സംഭവം: ബിജെപി നിലപാടു ദുരൂഹമെന്നു ഖുശ്ബു
ജയലളിതയെ കുറ്റവിമുക്തയാക്കിയ സംഭവം: ബിജെപി നിലപാടു ദുരൂഹമെന്നു ഖുശ്ബു
Monday, May 25, 2015 12:23 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ടു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റ വിമുക്തയാക്കിയ സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാത്ത ബിജെപിയുടെ നിലപാട് ദുരൂഹമാണെന്ന് എഐസിസി വക്താവും നടിയുമായ ഖുശ്ബു. കെപിസിസി ആസ്ഥാനത്തു മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഖുശ്ബു.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായ അഭിപ്രായമാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ജയ റാം രമേശ് പാര്‍ട്ടിയുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. തമിഴ്നാട്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തും. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്ര നേതൃത്വം സ്വീകരിക്കും.

2019 ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും. രാഹുല്‍ ഗാന്ധി ഉചിതമായ സമയത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തും. ഉചിതമായ സമയം ഏതെന്നു അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നും ഇതുസംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി ഖുശ്ബു പറഞ്ഞു.

രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. അവധി കഴിഞ്ഞ് തിരിച്ചെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മികച്ച പ്രവര്‍ത്തനമാണു കാഴ്ചവയ്ക്കുന്നത്. കര്‍ഷകരുടെ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ അദ്ദേഹം സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ഒരു വര്‍ഷത്തിനകം 18 രാജ്യങ്ങളില്‍ നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയെങ്കിലും ഒരു നേട്ടം പോലും കൈവരിക്കാനായില്ല. വിദേശ സന്ദര്‍ശനം കൊണ്ടു സര്‍ക്കാരിനു സാമ്പത്തിക നഷ്ടമല്ലാതെ പാവപ്പെട്ടവന് എന്തു നേട്ടമാണ് ഉണ്ടായത്? കാര്‍ഷിക- വ്യാവസായിക മേഖല തകര്‍ന്നു. അദാനി ഉള്‍പ്പെടെയുള്ള കുത്തകളെ സഹായിക്കുന്ന നടപടിയാണു കേന്ദ്രം സ്വീകരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിനു വില കുറയുന്നതിനു ആനുപാതികമായി ഇന്ധനവില കുറയ്ക്കാന്‍ മോദി തയാറാകുന്നില്ല. പകരം എക്സൈസ്, കസ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കുക വഴി പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുകയാണു കേന്ദ്രം ചെയ്യുന്നത്. ഇതു രാജ്യത്തു വിലക്കയറ്റത്തിനിടയാക്കും.


കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. ജനാധിപത്യത്തില്‍ രണ്ട് അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. ഇതിനെ അഭിപ്രായ വ്യത്യാസമായി കാണേണ്ടതില്ല.

യുഡിഎഫ് സര്‍ക്കാരിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിക്കിനെതിരേയുയര്‍ന്ന ആരോപണം വ്യക്തിപരമാണ്. ഇതേക്കുറിച്ചു പ്രതികരിക്കാനില്ല. ആരെയും വ്യക്തിഹത്യ നടത്തുന്നതു ശരിയല്ല. വ്യക്തിപരമായ ആരോപണത്തിന്റെ പേരില്‍ പാര്‍ട്ടി പദവി രാജിവച്ചതു മാതൃകാപരമാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ താന്‍ പൂര്‍ണ സംതൃപ്തയാണ്. സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണ നല്‍കുന്ന പ്രസ്ഥാനമാണു കോണ്‍ഗ്രസ്. അതുതന്നെയാണ് തന്നെ ഡിഎംകെ അംഗമായിരുന്ന തന്നെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ച ഘടകം. അവിടത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ ലിബറലിസമില്ല. പകരം ഏകാധിപത്യമാണു നടക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.