മുഖപ്രസംഗം: കേരള പോലീസിന് ഒരു പൊന്‍തൂവല്‍
Monday, May 25, 2015 11:11 PM IST
അതിക്രൂരമായൊരു കൂട്ടക്കൊലപാതകത്തിലെ പ്രതിയായ അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടുന്നതില്‍ കേരള പോലീസ് പ്രകടിപ്പിച്ച കാര്യക്ഷമതയും പ്രഫഷണല്‍ മികവും ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. പോലീസിനെക്കുറിച്ച് ഏറെ പരാതികളും ആക്ഷേപങ്ങളും ഉയരുന്ന കാലത്ത് ഇതു വേറിട്ടൊരു വിജയമായി. കേസന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും പോലീസ് വരുത്തുന്ന പിഴവുകള്‍ എല്ലാവരും ഉയര്‍ത്തിപ്പിടിക്കാറുണ്ട്. പോലീസ് സേനയുടെ ആത്മവീര്യം നശിപ്പിക്കുന്ന രാഷ്ട്രീയ ഇടപെടലുകളും സേനയുടെതന്നെ അച്ചടക്കരാഹിത്യവും പലപ്പോഴും ഇത്തരം സാഹചര്യം സൃഷ്ടിക്കും. അടുത്തകാലത്തും ഇത്തരം പല സംഭവങ്ങളും അരങ്ങേറി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍തന്നെ വിവാദങ്ങളില്‍ മുഖ്യകഥാപാത്രങ്ങളായി. സേനയ്ക്കുള്ളില്‍ത്തന്നെ അവിശ്വാസവും ആത്മവിശ്വാസമില്ലായ്മയും വളരുന്നത് അപകടകരമായ സാഹചര്യമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കേരള പോലീസിന് അഭിമാനം പകരുന്നതായി കോട്ടയം പാറമ്പുഴ കേസിലെ പ്രതിയെ പിടികൂടിയ സംഭവം.

അന്യസംസ്ഥാനക്കാരനായ പ്രതിയുടെ ഫോട്ടോയോ മൊബൈല്‍ നമ്പറോ മറ്റ് അടിസ്ഥാനവിവരങ്ങളോ ഒന്നും ആദ്യഘട്ടത്തില്‍ പോലീസിനു ലഭ്യമായില്ല. എങ്കിലും പ്രതിയുടെ ഏറെ സാദൃശ്യമുള്ള രേഖാചിത്രം തയാറാക്കിയ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് അന്വേഷണത്തിന്റെ തുടക്കം സുഗമമാക്കി. അന്വേഷണത്തിനായി ഉത്തര്‍പ്രദേശിലേക്കുപോയ സംഘത്തിന് അപ്പപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറിയതും അറസ്റ് വേഗത്തിലാക്കി. യുപിയിലെത്തിയ കേരള പോലീസ് സംഘത്തിന് പ്രതിയുടെ ഒളിസ്ഥലം കണ്െടത്താനും ഇയാളെ കസ്റഡിയിലെടുക്കാനും ഏറെ ക്ളേശിക്കേണ്ടിവന്നു. ക്രിമിനലുകള്‍ നിയന്ത്രിക്കുന്ന കോളനികളില്‍ കടന്നുചെന്നു പ്രതിയെ കസ്റഡിയിലെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കേരളത്തില്‍നിന്നുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥന മാനിച്ചു യുപി പോലീസും കേരള സംഘത്തിനു വേണ്ട പിന്തുണ നല്‍കി. ഉത്തര്‍പ്രദേശിലെ വിദൂരമായൊരു ചേരിപ്രദേശത്ത് ഒളിവില്‍ കഴിയുന്ന തന്നെ പോലീസ് കണ്െടത്തില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതി.

നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച കുറ്റകൃത്യങ്ങളില്‍പോലും പ്രതികളെ പിടികൂടുന്നതിലും കേസ് സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിലും തടസമായി പോലീസിനുമേല്‍ പലവിധ സമ്മര്‍ദങ്ങള്‍ ഉണ്ടാകാറുണ്ട്. രാഷ്ട്രീയമായ ഇടപെടലുകള്‍ പോലീസിനെ പലപ്പോഴും നിര്‍വീര്യമാക്കാറുണ്ട്. ഈയടുത്തദിവസം വയനാട്ടില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ പ്രതിയെ ബലമായി പോലീസ് കസ്റഡിയില്‍നിന്നു മോചിപ്പിച്ച സംഭവം വിവാദമായിരുന്നു. പോലീസ് നിര്‍വീര്യമാണെന്നും ഭരണാധികാരികളുടെ കൈയിലെ പാവകളാണെന്നുമൊക്കെ ആരോപണമുയരാറുണ്ട്. അത്തരം ആരോപണശരങ്ങള്‍ പോലീസ് വകുപ്പിനെ നിരന്തരം വേട്ടയാടുന്നു. ഇത്തരമൊരു സാഹചര്യത്തിലേക്കു നമ്മുടെ പോലീസ് സേനയെ നയിച്ചതിനു പിന്നില്‍ മാറിമാറിവന്ന ഭരണാധികാരികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കുമൊക്കെ വലിയ പങ്കുണ്ട്.


പാറമ്പുഴയിലെ കൊലപാതകക്കേസില്‍ ബാഹ്യസമ്മര്‍ദങ്ങളൊന്നും പ്രതിക്ക് അനുകൂലമായുണ്ടായിട്ടില്ല. അതിനാല്‍ പോലീസിന് കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ശാസ്ത്രീയമായ അന്വേഷണശൈലിയും ആധുനിക വാര്‍ത്താവിനിമയ സാധ്യതകളും വേണ്ടവിധം ഉപയോഗിച്ചാണ് ഇപ്പോള്‍ മിക്ക കേസ് അന്വേഷണങ്ങളും നടക്കുന്നത്. പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പോലീസ് നടത്തിയ അഭിമാനപൂര്‍ണമായ അന്വേഷണരീതിയെക്കുറിച്ച് ഊറ്റം കൊള്ളുമ്പോഴും ഇത്തരം എത്രയോ കേസുകള്‍ അനന്തമായി നീണ്ടുപോകുന്നുവെന്ന കാര്യം വിസ്മരിക്കരുത്.

അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതാണ് പാറമ്പുഴ കൂട്ടക്കൊല. അന്യനാട്ടുകാരനായ ഒരു തൊഴിലാളി ഏതെങ്കിലുമൊരു ക്രിമിനല്‍ കേസില്‍ പ്രതിയായി ഇവിടെനിന്നു രക്ഷപ്പെട്ടാല്‍ അയാളെ പിടികൂടാനുള്ള പ്രാഥമിക വിവരങ്ങള്‍പോലും ലഭ്യമല്ലെന്നതു നാണക്കേടാണ്. പാറമ്പുഴ സംഭവത്തിനുശേഷവും അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട മറ്റു രണ്ടു കുറ്റകൃത്യങ്ങള്‍കൂടി കേരളത്തിലുണ്ടായി. വൈക്കം തലയാഴത്ത് പാചകവാതക ഗോഡൌണിനു സമീപം ആസാം സ്വദേശിയായ ഒരു യുവാവിന്റെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കഴിഞ്ഞദിവസം കണ്െടത്തി. ഇയാളോടൊപ്പം താമസിച്ചിരുന്ന മറ്റൊരു ആസാംകാരനെ കാണാതായിട്ടുമുണ്ട്.

പെരുമ്പാവൂര്‍ വെങ്ങോല ഒര്‍ണയിലെ ചതുപ്പില്‍ ആസാം സ്വദേശിയായ യുവതിയുടെയും എട്ടുമാസം പ്രായമുള്ള മകന്റെയും മൃതദേഹങ്ങള്‍ കണ്െടത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്. യുവതിയുടെ ഭര്‍ത്താവ് ആസാമിലേക്കു കടന്നതായി സംശയിക്കുന്നു. വ്യക്തിവിരോധമോ കുടുംബകലഹമോ എന്തായിരുന്നാലും ഇത്തരം കുറ്റകൃത്യങ്ങള്‍ ഗൌരവമായി കാണേണ്ടതുണ്ട്. അന്യസംസ്ഥാനക്കാരായ പ്രതികള്‍ കുറ്റകൃത്യങ്ങള്‍ നടത്തി കടന്നുകളഞ്ഞാല്‍ പിന്നെ അവരെ കണ്െടത്തുക എന്നത് എത്രമാത്രം ദുഷ്കരമാണെന്നു മനസിലാക്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

പാറമ്പുഴ കേസിലെ പ്രതിയെ പിടികൂടാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കാണിച്ച കഴിവും കാര്യക്ഷമതയും അഭിമാനകരവും അഭിനന്ദനാര്‍ഹവുമാണ്. ഭരണാധികാരികളുടെയും മേലുദ്യോഗസ്ഥരുടെയും ഉറച്ച പിന്തുണയും മാര്‍ഗനിര്‍ദേശവും ഉണ്െടങ്കില്‍ നമ്മുടെ പോലീസ് സേനയ്ക്ക് അദ്ഭുതങ്ങള്‍ കാട്ടാനാവുമെന്ന വസ്തുത ഇതിനുമുമ്പും തെളിയിക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഉത്തരവാദിത്വം എന്തു ത്യാഗം സഹിച്ചും മികവോടെ നിര്‍വഹിക്കുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ കേരളത്തിലെ പോലീസ് സേനയുടെ അന്തസുയര്‍ത്തും. സമര്‍ഥരായ ഈ ഉദ്യോഗസ്ഥര്‍ അംഗീകാരം അര്‍ഹിക്കുന്നു. അത് ഇതര സേനാംഗങ്ങള്‍ക്ക് ആവേശവും പ്രോത്സാഹനവുമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.