കുട്ടികളും ധാര്‍മിക നിലപാടുകളും
കുട്ടികളും ധാര്‍മിക നിലപാടുകളും
Sunday, May 24, 2015 12:33 AM IST
കുട്ടികളില്‍ ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും തുല്യപങ്കുണ്ട്. അധ്യാപകരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിലുണ്ടാകുന്ന പോരായ്മ പരിഹരിക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം. ഇക്കാര്യത്തില്‍ വീട്ടില്‍നിന്നുള്ള ശ്രദ്ധക്കുറവ് നികത്താന്‍ അധ്യാപകര്‍ക്കു സാധിക്കും. സ്നേഹം, ദയ, സത്യസന്ധത, പങ്കുവയ്ക്കല്‍ തുടങ്ങിയവ ശീലമാക്കാനുള്ള മനോഭാവം ചെറുപ്പം മുതല്‍ക്കേ വളര്‍ത്തിയെടുക്കണം.

സത്യസന്ധതയ്ക്കു മുന്‍ഗണന

കള്ളം പറയുന്ന ശീലം കുട്ടികളില്‍ ഇല്ലെന്നു ഉറപ്പാക്കണം. ഇക്കാര്യത്തില്‍ അധ്യാപകരുടെ ശ്രദ്ധയുണ്െടന്നു ഉറപ്പാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം. കള്ളത്തരങ്ങള്‍ പിടികൂടുമ്പോള്‍ കഠിനമായ ശിക്ഷയേക്കാള്‍ നല്ലതു സ്നേഹത്തോടെയുള്ള കര്‍ശന ഉപദേശമായിരിക്കും. വാക്കു പാലിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം.

ബഹുമാനം

പ്രായത്തില്‍ മുതിര്‍ന്നവര്‍ ആരായാലും ബഹുമാനിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം. മുതിര്‍ന്നവരെ പേരെടുത്തു വിളിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. കുഞ്ഞുപ്രായത്തില്‍ തുടങ്ങുന്ന ചേട്ടന്‍, ചേച്ചി, അപ്പൂപ്പന്‍, മാമന്‍ തുടങ്ങിയ സംബോധനകള്‍ പ്രോത്സാഹിപ്പിക്കാം. ബന്ധങ്ങളുടെ ഊഷ്മളതയും ഗൌരവവും കുട്ടികളെ ബോധ്യപ്പെടുത്തണം. ആരോട് എങ്ങനെയൊക്കെ പെരുമാറണമെന്ന സ്വയംബോധം കൈവരിക്കാന്‍ കുട്ടികളെ അനുവദിക്കണം.

കുടുംബാന്തരീക്ഷം

സ്നേഹത്തിന്റെ ബാലപാഠം വീടുകളില്‍ തുടങ്ങണം. മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധം കുട്ടികളെ ഏറെ സ്വാധീനിക്കും. കുട്ടികള്‍ക്കു മുന്നിലുള്ള കലഹം എത്ര ചെറുതാണെങ്കിലും ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പ്രകൃതിയും ജീവജാലങ്ങളും മനുഷ്യനൊപ്പം സ്നേഹിക്കപ്പെടേണ്ടവയാണെന്നു കുട്ടികളെ പഠിപ്പിക്കുക.

പങ്കുവയ്ക്കല്‍

പങ്കുവയ്ക്കേണ്ടതും അല്ലാത്തതുമായ കാര്യങ്ങള്‍ വേറിട്ടുമനസിലാക്കാന്‍ കുട്ടികള്‍ക്കു പ്രാപ്തിയുണ്ടാകണം. അര്‍ഹരായവര്‍ക്കു മാത്രമേ പങ്കിട്ടുനല്കേണ്ടതുള്ളൂ എന്നും മനസിലാക്കിക്കൊടുക്കണം. ജീവിതാവസാനം വരെ ഈ സഹകരണ മനോഭാവം നിലനില്‍ക്കാനുള്ള ഉപദേശമാണു നല്കേണ്ടത്. വീട്ടിലെ തീന്‍മേശയില്‍നിന്ന് ഇതിനുള്ള പാഠം തുടങ്ങാം.

ധാരാളിത്വം

പണത്തിന്റെ ഉപയോഗത്തെക്കുറിച്ചു കൃത്യമായ ബോധ്യം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. അത്യാവശ്യത്തിനു മാത്രമേ ചെലവഴിക്കുന്നുള്ളൂവെന്നും ചെറുതെങ്കിലും സമ്പാദ്യശീലമുണ്െടന്നും ഉറപ്പാക്കുക. ആവശ്യത്തിലധികം പണം കുട്ടികളുടെ കൈവശം നല്കാതിരിക്കുന്നതാണു നല്ലത്. നല്കിയാലും ചെലവഴിക്കുന്ന വഴികള്‍ സംബന്ധിച്ചു മാതാപിതാക്കള്‍ക്കു ഉറപ്പുണ്ടാകണം. വീട്ടിലെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള ചെറുധാരണയെങ്കിലും കുട്ടികള്‍ക്കു പകര്‍ന്നു നല്കണം.


ക്ഷമിക്കാന്‍ പഠിപ്പിക്കുക

ക്ഷമാശീലം ജീവിതത്തില്‍ മുറുകേ പിടിക്കേണ്ട ഒന്നാണ്. ചെറുപ്രായത്തില്‍ മുതല്‍ ഇതു വളര്‍ത്തിയെടുക്കാം. ചെറുപ്രായത്തിലുള്ള കുട്ടികളുടെ വാശിക്കു മുന്നില്‍ കീഴടങ്ങാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായേക്കാം. മുതിരുന്തോറും ക്ഷമിക്കാനുള്ള മനോഭാവം വളരുന്നുണ്െടന്ന് ഉറപ്പാക്കണം. ക്ഷമ വളര്‍ത്തുന്നതിനു പ്രോത്സാഹനമേകുന്ന വിനോദോപാദികള്‍ ശീലമാക്കാന്‍ പ്രേരണ നല്കണം. യോഗ പോലുള്ള മനോനിയന്ത്രണ മാര്‍ഗങ്ങളും പ്രയോഗിക്കാം.

പ്രാര്‍ഥനയും വായനയും

ഏതു മതത്തില്‍പ്പെട്ടവരായാലും പ്രാര്‍ഥന കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. നല്ല പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു നല്കി വായനയും പ്രോത്സാഹിപ്പിക്കാം. സാരോപദേശ കഥകള്‍ പോലെ മനസില്‍ പതിയുന്ന പുസ്തകങ്ങള്‍ ചെറുപ്രായം മുതല്‍ നല്കാം. പുരാണകഥകളിലെയും ഐതിഹ്യങ്ങളിലെയും മറ്റും നല്ല വശങ്ങള്‍ പ്രത്യേകം പറഞ്ഞുകൊടുക്കണം. വായന പ്രോത്സാഹിപ്പിക്കുന്നതില്‍ അധ്യാപകരുടെ പങ്കും ചെറുതല്ല.

സ്വാധീനശക്തികള്‍

ചെറുപ്രായക്കാരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതു സിനിമയും ടെലിവിഷന്‍ പരസ്യചിത്രങ്ങളും മറ്റുമാണ്. മദ്യം, മയക്കുമരുന്ന്, തെറ്റായ കൂട്ടുകെട്ട് തുടങ്ങിയവയൊക്കെ അനുകരണങ്ങളില്‍നിന്ന് ആരംഭിക്കാം. ഇന്റര്‍നെറ്റും മൊബൈലുമൊക്കെ ഉപയോഗിക്കുന്ന കുട്ടി വഴി തെറ്റിപ്പോകുമെന്ന ഉറച്ച ധാരണ പാടില്ല. നിയന്ത്രണം അതീവ കര്‍ക്കശമാക്കുന്നതു ഗുണത്തേക്കാളേറെ ദോഷംചെയ്യും. സൌമ്യമായ ഇടപെടലിലൂടെ കാര്യങ്ങള്‍ നിയന്ത്രിക്കാം.

വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. സുബിന്‍ വാഴയില്‍, റൂട്ട്സ് ആന്‍ഡ് റൂട്ട്സ് കൌണ്‍സലിംഗ് സെന്റര്‍, കോഴിക്കോട്, ഫോണ്‍: 9746010510
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.