85-ാം പുനരൈക്യ വാര്‍ഷികാഘോഷം തിരുമൂലപുരത്ത്
Sunday, May 24, 2015 11:40 PM IST
തിരുവല്ല: മലങ്കര കത്തോലിക്കാ സഭയുടെ 85-ാം പുനരൈക്യവാര്‍ഷികാഘോഷങ്ങള്‍ സെപ്റ്റംബര്‍ 19, 20, 21 തീയതികളില്‍ തിരുവല്ല അതിരൂപതയിലെ തിരുമൂലപുരം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ (ദൈവദാസന്‍ മാര്‍ ഈവാനിയോസ് നഗര്‍) നടക്കും. ഛായാചിത്ര, ദീപശിഖ, പതാക പ്രയാണങ്ങള്‍, ദൈവദാസന്‍ മാര്‍ ഈവാനിയോസ് സ്മൃതിമന്ദിരം കൂദാശ, ബാല - യുവജന - അത്മായ സംഗമങ്ങള്‍, സന്യസ്ത സമ്മേളനം, സുവിശേഷ സന്ധ്യ, ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന, പൊതുസമ്മേളനം, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.


ഇതോടനുബന്ധിച്ചു വിവിധ ജീവകാരുണ്യ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. നിര്‍ധനരോഗികള്‍ക്ക് 3000 സൌജന്യ ഡയാലിസിസ്, 10 ഭവനങ്ങളുടെ നിര്‍മാണം, 85 ഹൃദയ ശസ്ത്രക്രിയകള്‍ക്കുള്ള സാമ്പത്തിക സഹായം, പത്ത് പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ സഹായം തുടങ്ങിയ പദ്ധതികള്‍ക്കു തുടക്കമായതായി തിരുവല്ല അതിരൂപത സഹായമെത്രാനും ആഘോഷ പരിപാടികളുടെ ജനറല്‍ കണ്‍വീനറുമായ ഡോ. ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് എപ്പിസ്കോപ്പ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.