ബാര്‍ ഉടമകളുടെ യോഗം ഇന്ന്
Saturday, May 23, 2015 1:22 AM IST
കൊച്ചി: കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് യോഗം ഇന്നു കൊച്ചിയില്‍ ചേരും. പ്രത്യേക അജന്‍ഡകളില്ലെന്നും സാധാരണ നടക്കാറുള്ള യോഗമാണിതെന്നും അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. എന്നാല്‍, ബാര്‍കോഴ കേസില്‍ നുണ പരിശോധനയ്ക്കു ഹാജരാകുന്നതില്‍ ധാരണയിലെത്തിയേക്കും. ഇന്നു വൈകുന്നേരം മൂന്നിനു ഹോട്ടല്‍ റിനൈ കൊച്ചിയിലാണു യോഗം.

അസോസിയേഷനില്‍ കടുത്ത ഭിന്നത തുടരുന്നതിനിടെയാണു യോഗം. ഒരു വിഭാഗം പ്രത്യേകം യോഗം ചേര്‍ന്നു എക്സിക്യൂട്ടീവ് യോഗത്തില്‍ കൈക്കൊള്ളേണ്ട നിലപാടു ചര്‍ച്ച ചെയ്തിരുന്നു.

ബാര്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടിയ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു ഹൈക്കോടതി അംഗീകരിച്ചതോടെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ബാറുടമകള്‍. സുപ്രീംകോടതി തീരുമാനം പ്രതികൂലമായാല്‍ എന്തു ചെയ്യാനാവുമെന്നതും യോഗം ചര്‍ച്ച ചെയ്യും.

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ചും ചര്‍ച്ചയുണ്ടാകും. ബാറുകള്‍ അടച്ചൂപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാടു സ്വീകരിച്ചതിനാല്‍ ഇനിയും സര്‍ക്കാരിനെ സഹായിക്കുന്ന സമീപനം വേണ്െടന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. എന്നാല്‍, സര്‍ക്കാരിനെതിരേ തിരിഞ്ഞാല്‍ ഇപ്പോഴത്തെ ബിയര്‍-വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സുകളെയും ഇതു ബാധിക്കുമെന്നു മറുപക്ഷം ഭയക്കുന്നു. നുണ പരിശോധനയ്ക്കു ഹാജരാകാന്‍ നാലു ബാറുടമകളോടു വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. ആലോചിച്ച ശേഷം മതി നുണപരിശോധനയ്ക്കു ഹാജരാകുന്നതെന്നാണു ബാറുടമകളുടെ തീരുമാനം. സുപ്രീംകോടതിയിലെ കേസിനെ ഇതു ബാധിക്കരുതെന്നും അവര്‍ വിലയിരുത്തുന്നു. ഇന്നു ചേരുന്ന അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. അതിനു ശേഷം കോടതിയെ നിലപാട് അറിയിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.