ശിവരാമന്‍ ഓര്‍മയായെങ്കിലും പദ്മരാജന്റെ തകര ജീവിക്കും
ശിവരാമന്‍ ഓര്‍മയായെങ്കിലും പദ്മരാജന്റെ തകര ജീവിക്കും
Saturday, May 23, 2015 1:31 AM IST
ഹരിപ്പാട്: ശിവരാമന്‍ ഓര്‍മയായെങ്കിലും ശിവരാമനിലൂടെ ചലച്ചിത്രകാരന്‍ പി. പദ്മരാജന്‍ മലയാളികള്‍ക്കു വരച്ചു കാട്ടിയ തകര അഭ്രപാളികളിലൂടെ ജീവിക്കും. പദ്മരാജനു തകര എന്ന സിനിമയ്ക്കു പ്രചോദനമായ മുതുകുളം വടക്ക് തോട്ടാപ്ളിശേരി വടക്കേതില്‍ ശിവരാമന്റെ(80) സംസ്കാരം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു കൊല്ലം കോര്‍പറേഷന്‍ ശ്മശാനത്തില്‍ നടന്നു.

ശിവരാമന്‍ മരിച്ചെങ്കിലും മലയാളികളുടെ മനസില്‍ തകര എന്ന കഥാപാത്രം എന്നും ജീവനോടെ നില്‍ക്കും. പ്രത്യേകിച്ചു ജോലി ഒന്നും ഇല്ലാതിരുന്ന ശിവരാമന്‍ തന്റെ വീടിനു സമീപമുള്ള ചില വീടുകളില്‍ എത്തി വീട്ടുസാധനങ്ങള്‍ കടകളില്‍നിന്നു വാങ്ങി നല്കിയാണ് ഉപജീവനം നടത്തിയിരുന്നത്.

ചലച്ചിത്രകാരന്‍ പദ്മരാജന്റെ തറവാടായ ഞവരക്കല്‍ കുടുംബത്ത ിലും വീട്ടുസാധനങ്ങള്‍ വാങ്ങി നല്കിയിരുന്നതു ശിവരാമനാണ്. ഒരിക്കല്‍ പദ്മരാജന്‍ വീട്ടിലുണ്ടായിരുന്നപ്പോള്‍ കൊഞ്ഞയുള്ള ശിവരാമന്റെ സംസാരം ശ്രദ്ധയില്‍പ്പെട്ടു. സംസാരം മുഴുവന്‍ ശ്രദ്ധിച്ചുകേട്ട പദ്മരാജന്‍ ശിവരാമന്റെ ജീവിതകഥ അതേപോലെ ഒപ്പിയെടുത്തു അഭ്രപാളികളില്‍ ആക്കി മലയാളികള്‍ക്കു സമ്മാനിക്കുകയായിരുന്നു. ശിവരാമന് അന്നു നാട്ടില്‍ തകര എന്ന ചെല്ലപ്പേര് ഉണ്ടായിരുന്നു.


ആ പേരു പോലും അതേപോലെ പ്രേക്ഷകര്‍ക്കു പദ്മരാജന്‍ സമ്മാനിച്ചു. അവിവാഹിതനായ ശിവരാമന്‍ ഒറ്റയ്ക്കൊരു കുടിലിലാണു കഴിഞ്ഞിരുന്നത്. കാലില്‍ ഉണ്ടായ വ്രണം മൂലം അവശനായ ശിവരാമനെ കഴിഞ്ഞമാസം 13നു ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെത്തിച്ചു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കൊട്ടാരക്കരയിലെ ആശ്രയസങ്കേതം എന്ന സംഘടന ഇദ്ദേഹത്ത ഏറ്റെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.