ആവേശമായി കുട്ടനാട്ടില്‍ 'ദി പീപ്പിള്‍' കര്‍ഷക സംഗമം
ആവേശമായി കുട്ടനാട്ടില്‍  ദി പീപ്പിള്‍  കര്‍ഷക സംഗമം
Saturday, May 23, 2015 1:24 AM IST
കുട്ടനാട്: തീരദേശ, ഇടനാട്, കുട്ടനാട്, മലനാട് മേഖലകളിലെ കര്‍ഷകസംഘടനകളുടെ കൂട്ടായ മുന്നേറ്റം വരുംനാളുകളില്‍ കേരളത്തില്‍ ചലനങ്ങള്‍ സൃഷിടിക്കുമെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.

'ദി പീപ്പിളി'ന്റെ സംസ്ഥാന കര്‍ഷക നേതൃസമ്മേളനവും കുട്ടനാടന്‍ കര്‍ഷകസംഗമവും കുട്ടനാട് വികസനസമിതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഘടിച്ചു നില്ക്കാതെ സംഘടിതശക്തിയായി കര്‍ഷകര്‍ മാറണമെന്നും ദി പീപ്പിള്‍ അതിനുള്ള ചാലക ശക്തിയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

കേരളത്തില്‍ കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ ദി പീപ്പിള്‍ കുട്ടനാട്ടിലെ ജനങ്ങള്‍ക്കു പ്രത്യാശ നല്‍കും. ഇതിനായി കക്ഷിരാഷ്ട്രിയത്തിനതീതമായി കര്‍ഷകര്‍ ഒന്നിക്കണം. കുട്ടനാടിനെ മനോഹരമാക്കിയതിന്റെ സാഹസികതയും കഠിനാധ്വാനവും കാണാതെ പോകുന്നതു നിരാശാജനകമാണ്. ജീവന്‍ ബലിയര്‍പ്പിച്ചു കുട്ടനാടിനെ നെല്ലറയാക്കി മാറ്റിയതു സര്‍ക്കാരിന്റെ സഹായം തേടിയിട്ടല്ല. കുട്ടനാടിന്റെ പാരമ്പര്യം സംരക്ഷിക്കുന്നതിനു കുട്ടനാടന്‍ ജനത പുലര്‍ത്തുന്ന ജാഗ്രത അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫാം ദേശീയ രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ വിഷയാവതരണം നടത്തി. ദി പീപ്പിള്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ എംഎല്‍എ പി.സി. ജോസഫ് എംഎല്‍എ, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ മാനേജിംഗ് ട്രസ്റി ഡിജോ കാപ്പന്‍, ദേശീയ കര്‍ഷകസമാജം പാലക്കാട് സെക്രട്ടറി മുതലാംതോട് മണി, കര്‍ഷകവേദി പ്രസിഡന്റ് ജോസ് പൂത്തേട്ട്, ഹൈറേഞ്ച് സംരക്ഷണസമിതി രക്ഷാധികാര സമിതി അംഗം സി.കെ. മോഹനന്‍, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറി ജാക്സണ്‍ പൊള്ളയില്‍, ഇഎഫ്എല്‍ പീഡിത കൂട്ടായ്മ സെക്രട്ടറി ഹനീഷ്, പരിയാരം കര്‍ഷകസമിതി പ്രസിഡന്റ് ജിനറ്റ് മാത്യു, ഫാ. തോമസ് കുത്തുകല്ലുങ്കല്‍, ഔസേപ്പച്ചന്‍ ചെറുകാട് എന്നിവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്കു സ്റിന്‍ കൊല്ലംപറമ്പില്‍, ജിമ്മിച്ചന്‍ നടിച്ചിറ, ജോസ് ചുങ്കപ്പുര, ജോണിച്ചന്‍ മണലില്‍, തൊമ്മിക്കുഞ്ഞ് മുട്ടാര്‍, ജോപ്പന്‍ ജോയി വാരിക്കാട്, ബാബു വടക്കേക്കളം എന്നിവര്‍ നേതൃത്വം നല്‍കി.


സമ്മേളനത്തില്‍ നൂറുകണക്കിനു കര്‍ഷകര്‍ പങ്കെടുത്തു. കുട്ടനാട് പാക്കേജ് അടിയന്തിരമായി പുനര്‍ജീവിപ്പിച്ചു കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും കര്‍ഷകരുടെ നെല്ലിന്റെ വില രണ്ടാഴ്ചയ്ക്കകം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. നെല്ലുവില വൈകിയാല്‍ ശക്തമായ സമരപരിപാടികളുമായി ദി പീപ്പിള്‍ കര്‍ഷക ഐക്യവേദി രംഗത്തു വരുമെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.