പാദശസ്ത്രക്രിയ വിദഗ്ധരുടെ സമ്മേളനം കൊച്ചിയില്‍
Friday, May 22, 2015 12:23 AM IST
കൊച്ചി: പാദം, കണങ്കാല്‍ എന്നിവയുടെ വൈകല്യങ്ങളും ക്ഷതങ്ങളും പരിഹരിക്കാനുള്ള അതിനൂതന ശാസ്ത്ര സാങ്കേതികവിദ്യകള്‍ സംബന്ധിച്ച ശില്പശാലകള്‍ ഉള്‍പ്പെടുന്ന ശാസ്ത്ര സമ്മേളനം ഇന്ത്യന്‍ ഫുട്ട് ആന്‍ഡ് ആങ്കിള്‍ സൊസൈറ്റിയുടെ (ഐഎഫ്എഎസ്) നേതൃത്വത്തില്‍ നാളെയും മറ്റന്നാളും കൊച്ചി ഐഎംഎ ഹാളില്‍ നടക്കും.

ഐഎഫ്എഎസിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ആദ്യമായാണ് ഓസ്റിയോട്ടമി ശില്പശാല നടത്തുന്നതെന്നു സംഘാടക സമിതി ചെയര്‍മാന്‍ ഡോ.രാജേഷ് സൈമണ്‍ അറിയിച്ചു. പൊതുജനങ്ങളില്‍ ഓര്‍ത്തോപീഡിക് സര്‍ജറി സംബന്ധിച്ച് അവബോധം വളര്‍ത്തുകയും ഈ മേഖലയിലെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുകയും ചെയ്യുന്നതുവഴി പാദവൈകല്യങ്ങളും വേദനയും അനുഭവിക്കുന്ന രോഗികളുടെ ചികിത്സ അവഗണിക്കപ്പെടുന്ന സ്ഥിതിവിശേഷം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. പാദശസ്ത്രക്രിയ രംഗത്തു രാജ്യാന്തര തലത്തില്‍ ശ്രദ്ധേയരായ ഡോ. മിഖായേല്‍ ദ്യുജേല, ഡോ. ജെഫ്രി മക്അലിസ്റര്‍, ഡോ. കിരണ്‍ പട്ടേല്‍ തുടങ്ങിയവര്‍ പരിപാടികളില്‍ സംബന്ധിക്കും. ഇന്ത്യന്‍ ഫുട്ട് ആന്‍ഡ് ആങ്കിള്‍ സൊസൈറ്റി പ്രസിഡന്റ് ഡോ.രാജീവ് ഷാ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. ബല്‍വീന്ദര്‍ റാണ, ഡോ.എസ്.ആര്‍. സുന്ദരരാജന്‍, ഡോ.അഭിഷേക് കിനി എന്നിവര്‍ വിവിധ സെഷനുകള്‍ക്കു നേതൃത്വം നല്‍കും. ഇന്ത്യന്‍ ഫുട്ട് ആന്‍ഡ് ആങ്കിള്‍ അസോസിയേഷന്‍, കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്‍, കൊച്ചി ഓര്‍ത്തോപീഡിക് സൊസൈറ്റി എന്നിവ ചേര്‍ന്നാണു പരിപാടികള്‍ക്ക് ആതിഥേയത്വം ഒരുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.