പഴം, പച്ചക്കറി വിഷം: കര്‍ശന നടപടിയെന്നു മന്ത്രി
പഴം, പച്ചക്കറി വിഷം: കര്‍ശന നടപടിയെന്നു മന്ത്രി
Friday, May 22, 2015 12:22 AM IST
തിരുവനന്തപുരം: തമിഴ്നാടുള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലെത്തുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി കണ്െടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. ഇതിനു നിര്‍ദേശം സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതിക്കാണു മന്ത്രി നിര്‍ദേശം നല്‍കിയത്.

ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍കുമാര്‍ ചെയര്‍മാനും അസിസ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഡി. ശിവകുമാര്‍, റിസര്‍ച്ച് ഓഫീസര്‍ ജി. ഗോപകുമാര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും മന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. നാഗര്‍കോവില്‍, തിരുനല്‍വേലി, ഡിണ്ടിഗല്‍, കൊടൈക്കനാല്‍, ഒട്ടന്‍ഛത്രം, കോയമ്പത്തൂര്‍, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിടങ്ങളാണു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഈ സമിതി സന്ദര്‍ശിച്ചത്. അവിടങ്ങളിലെ കര്‍ഷകരുമായും ഹോര്‍ട്ടികള്‍ച്ചര്‍ ഉദ്യോഗസ്ഥരുമായും കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധരുമായും സംഘം ചര്‍ച്ച നടത്തി.

കേരളത്തില്‍ നിരോധിച്ചതും ശരീരത്തിനു ഹാനികരവുമായ മാരക കീടനാശിനികളും കൃമിനാശിനികളും കുമിള്‍നാശിനികളും കളനാശിനികളുമാണു കേരളത്തിലേക്കയയ്ക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും വിളവെടുപ്പു സമയത്തും അതിനുശേഷവും അനിയന്ത്രിതമായി പ്രയോഗിക്കുന്നതെന്നു യോഗത്തില്‍ ചൂണ്ടിക്കാട്ടി.


തമിഴ്നാട്ടിലെ ഹോര്‍ട്ടികള്‍ച്ചറല്‍, അഗ്രികള്‍ച്ചറല്‍ ഉദ്യോഗസ്ഥരുടെ ഫലപ്രദമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ല. അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് കാര്‍ഷികോത്പാദനകമ്മീഷണര്‍ക്കു കത്തയയ്ക്കാന്‍ മന്ത്രി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ ഉന്നതാധികാര സമിതി 27ന് തിരുവനന്തപുരത്തു യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തും.

അതിര്‍ത്തി ജില്ലകളിലുള്ള തോട്ടങ്ങളില്‍നിന്നാണു കേരളത്തിലേക്കു പഴങ്ങളും പച്ചക്കറികളും എത്തുന്നത്. കേരളത്തിലെ കാര്‍ഷികവിളകളില്‍ കീടനാശിനികളുടെ ഉപയോഗം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍, പഴം, പച്ചക്കറികളുടെ ആഭ്യന്തര ഉത്പാദനം കൂട്ടാനും ബോധവത്കരണം ഊര്‍ജിതമാക്കാനും ശ്രമിക്കും. യോഗത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കും ജോയിന്റ് കമ്മീഷണര്‍ക്കും പുറമേ അസിസ്റന്റ് കമ്മീഷണര്‍ ഡി. ശിവകുമാര്‍, റിസര്‍ച്ച് ഓഫീസര്‍ ജി. ഗോപകുമാര്‍, കൃഷിവകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.