'വിഎസിന്റേതു വക്രീകരണം'
 വിഎസിന്റേതു വക്രീകരണം
Friday, May 22, 2015 12:19 AM IST
വി.എസ്. അച്യുതാനന്ദന്‍ ചില ചാനലുകള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരേ നടത്തിയ പരസ്യവിമര്‍ശനം തെറ്റും അടിസ്ഥാനരഹിതവുമാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. ഈ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും വി.എസിന്റെ പരസ്യമായ ഇത്തരം പറച്ചിലുകള്‍ പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

പിബിയുടെ പ്രസ്താവന വന്നതിനു ശേഷം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പിബി കാര്യങ്ങള്‍ ശരിയായി ധരിക്കാതെയാണു പ്രസ്താവന പുറപ്പെടുവിച്ചതെന്നും വിഎസ് അഭിമുഖത്തില്‍ പറഞ്ഞു. ഇതു പി.ബിയെ തന്നെ തള്ളിപ്പറയുന്നതിനും വെല്ലുവിളിക്കുന്നതിനും തുല്യമാണ്. പിബിയുടെ പ്രസ്താവന തെറ്റിദ്ധരിച്ചുള്ളതല്ലെന്നു വ്യക്തമാക്കാന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് നിര്‍ബന്ധിതമായി.

പാര്‍ട്ടി നേതൃത്വം കൂട്ടായാണു പ്രവര്‍ത്തിക്കുന്നത്. സെക്രട്ടറി ഒറ്റയാന്‍ പ്രവര്‍ത്തനമല്ല. പാര്‍ട്ടിയെക്കുറിച്ചു തെറ്റിദ്ധാരണ പരത്താനുദ്ദേശിച്ചു ചില വലതുപക്ഷ മാധ്യമങ്ങളും ബൂര്‍ഷ്വാ വക്താക്കളും സെക്രട്ടറി മാറ്റത്തെക്കുറിച്ചു സങ്കല്‍പ്പ കഥകള്‍ മെനഞ്ഞു. അത്തരം നുണപ്രചാരണങ്ങള്‍ക്കു പിന്തുണയും വിശ്വാസ്യതയും നല്‍കുംവിധമാണ് അച്യുതാനന്ദന്‍ പുതിയ സെക്രട്ടറി തെരഞ്ഞെടുപ്പിനെ ചിത്രീകരിച്ചത്. 17, 18, 19, 20, 21 പാര്‍ട്ടി കോണ്‍ഗ്രസുകള്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന സംഘടനാ പ്രശ്നങ്ങളെക്കുറിച്ചും വി.എസ് ഉയര്‍ത്തിയ പ്രശ്നങ്ങളെക്കുറിച്ചും വിലയിരുത്തിയതാണ്. അതേ പ്രശ്നങ്ങളാണ് വിഎസ് വീണ്ടും ഉന്നയിക്കുന്നത്.

യുഡിഎഫ് പ്രതിസന്ധി നേരിടുന്ന പല ഘട്ടങ്ങളിലും അതില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടുമാറു വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനാവുംവിധം പാര്‍ട്ടിക്കെതിരേ പരസ്യമായി ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന അച്യുതാനന്ദന്‍ ഇത്തവണയും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചു.

പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യപ്രസ്താവന ആദ്യമായല്ല അച്യുതാനന്ദന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങള്‍ കേന്ദ്രകമ്മിറ്റി ഒന്നിലധികം തവണ ചര്‍ച്ച ചെയ്തതാണ്. ചര്‍ച്ചയുടെ അവസാനം പാര്‍ട്ടി സ്വീകരിക്കുന്ന തീരുമാനം അംഗീകരിക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും സന്നദ്ധനല്ല എന്നു മുമ്പുതന്നെ പല ഘട്ടങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉന്നയിച്ചതിനേക്കാളും കൂടുതല്‍ പ്രശ്നങ്ങള്‍ കേരളത്തിലെ നേതൃത്വത്തിനെതിരായി വിഎസ് നേരത്തെ ഉന്നയിച്ചിരുന്നു. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം കേരള സാഹചര്യത്തെക്കുറിച്ച് ഒരു പ്രമേയം അംഗീകരിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസും കേന്ദ്രക്കമ്മിറ്റിയും മുന്നോട്ടുവച്ചിട്ടുള്ള അടവുനയങ്ങളാണു കേരള സംസ്ഥാന കമ്മിറ്റി പിന്തുടരുന്നത്. രാഷ്ട്രീയ പ്രശ്നങ്ങളില്‍ പിബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും എല്ലാ തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റി പാലിച്ചുപോന്നിട്ടുണ്െടന്ന് ആ പ്രമേയം പറഞ്ഞിരുന്നു. കേന്ദ്രക്കമ്മിറ്റി 2012ല്‍ തന്നെ തള്ളിയ ആരോപണങ്ങള്‍ അദ്ദേഹം വീണ്ടും ഉന്നയിക്കുമ്പോള്‍ അതില്‍ പാര്‍ട്ടി താത്പര്യം ഒട്ടുമില്ലെന്നു വ്യക്തമാണ്.

രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണു തന്റെ ഭിന്നതകള്‍ എന്നു വി.എസ് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. സംസ്ഥാന നേതൃത്വത്തെ ജനമധ്യത്തില്‍ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാനരഹിതങ്ങളായ പ്രസ്താവനകള്‍ ഇറക്കിയ വിഎസിനെ ശക്തമായി വിമര്‍ശിക്കാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. എല്ലാ കാര്യങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്ത പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി വിഎസിന്റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിച്ചു.

ഇടതുപക്ഷ ജനാധിപത്യമുന്നണി വികസിപ്പിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിയുടെ 21-ാം കോണ്‍ഗ്രസും സംസ്ഥാന സമ്മേളനവും വിലയിരുത്തിയതാണ്. ഇതു വ്യക്തിപരമായ തന്റെ ഒരു അജന്‍ഡയാണെന്നു തോന്നുമാറാണു വി.എസ് അവതരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് ഞാന്‍ മുന്‍കൈ എടുത്തുകൊണ്ടിരിക്കുകയാണ്,കിട്ടുന്ന അവസരങ്ങളൊക്കെ ഞാന്‍ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്എന്നൊക്കെ പ്രസ്താവിച്ചിരിക്കുന്നത്.


പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള ശരിയായ നിലപാടിനെ വക്രീകരിക്കാനാണു വി.എസ് ശ്രമിക്കുന്നത്. പാര്‍ട്ടികള്‍ തുടരുന്ന തെറ്റായ രാഷ്ട്രീയ നിലപാടു തുറന്നുകാണിക്കല്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയാണ്. അതിനെ പരസ്യമായി വിമര്‍ശിച്ച വിഎസിന്റെ നടപടി തെറ്റാണ്.

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയെ വിവിധ പാര്‍ട്ടി നേതാക്കള്‍ കാണുന്നതും സംസാരിക്കുന്നതും സ്വാഭാവികമാണ്. അതിനെക്കുറിച്ചു വി.എസിന്റെ മനോനില വച്ചുള്ള വക്രീകരണം ഉണ്ടായതിന്റെ ഭാഗമായാണു മുമ്പ് വേദനയുണ്ടാകുന്ന സമീപനം ഉണ്ടായെങ്കില്‍ ഞങ്ങള്‍ തിരുത്താന്‍ തയാറാണ്, സഹകരിക്കണം എന്നു ജനറല്‍ സെക്രട്ടറി തന്നെ കണ്ട നേതാക്കളോടു സംസാരിച്ചു എന്ന വിഎസിന്റെ ഭാഷ്യം. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമായതും കേവലം ഭാവനയില്‍ കെട്ടിച്ചമച്ചതും ആയ കാര്യങ്ങളാണ്. മുന്നണി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ കുറ്റപ്പെടുത്തുംവിധത്തില്‍ സംസാരിച്ചതിനുശേഷം വിഎസ് പ്രകടിപ്പിക്കുന്ന അഭിപ്രായമുണ്ട്. അതേയതെ, അതിനുവേണ്ടിയുള്ള ശ്രമം ഞങ്ങളൊക്കെ നടത്തുന്നുണ്ട്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയടക്കം അതിനുവേണ്ടിയുള്ള ശ്രമം നടത്തുന്നുണ്ട് എന്നുള്ള വിവരം എനിക്കുണ്ട്. അതുകൊണ്ട് കണിശമായിട്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ അതിനെ ശക്തമായി നേരിടാന്‍ തക്ക വിധത്തിലുള്ള എല്ലാ സജ്ജീകരണങ്ങളും ഞങ്ങള്‍ ചെയ്യുകതന്നെ ചെയ്യുമെന്നുള്ളത് ഉറപ്പാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന നേതൃത്വത്തെയും മാറ്റിനിര്‍ത്തി ഇടതുപക്ഷ-മതനിരപേക്ഷ കക്ഷികളുമായുള്ള യോജിപ്പ് ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ഞങ്ങള്‍ ആരാണ്? സംസ്ഥാനത്ത് ഒരു സമാന്തര പാര്‍ടി നേതൃത്വത്തിനു താന്‍ നേതൃത്വം നല്‍കുമെന്നാണോ വിഎസ് ഉദ്ദേശിക്കുന്നത്? അത്തരത്തിലുള്ള ഒരു നീക്കവും പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ല.

പുതിയ സംസ്ഥാന സെക്രട്ടറിയുടെ ചില അഭിപ്രായപ്രകടനങ്ങള്‍ പഴയ സെക്രട്ടറിയുടെ ചില നിലപാടുകള്‍ തന്നെയാണ് എന്നതിന്റെ സൂചനയാണെന്നു വി.എസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറി പാര്‍ട്ടി അംഗീകരിച്ച നിലപാടാണു പരസ്യമായി സംസാരിക്കുന്നത്. പാര്‍ട്ടി നിലപാട് വ്യക്തമാക്കുമ്പോള്‍ പഴയതും പുതിയതും തമ്മില്‍ എന്തു വ്യത്യാസമാണ് സംഭവിക്കുക? പാര്‍ട്ടി നിലപാടിനോടൊപ്പം നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് വി.എസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഈ വിമര്‍ശനം ഉയര്‍ന്നത്.

2004, 2005, 2006 കേരളത്തില്‍ ലോക്സഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പ്രശംസനീയമായ വിജയം എല്‍ഡിഎഫ് നേടുമ്പോള്‍ ഉണ്ടായിരുന്ന നേതൃത്വം തന്നെയാണ് അഖിലേന്ത്യാടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും 2009ലും 2014ലും തുടര്‍ന്നത്.

കേരളത്തിലെ ഏറ്റവും സീനിയറായ പാര്‍ട്ടി നേതാവായ വി.എസ്. അച്യുതാനന്ദനോടു മുമ്പ് കേന്ദ്രക്കമ്മിറ്റി നിര്‍ദേശിച്ച കാര്യങ്ങള്‍ ഓര്‍മിപ്പിക്കാനാണു സെക്രട്ടേറിയറ്റ് ആഗ്രഹിക്കുന്നത്.

പാര്‍ട്ടിയെക്കുറിച്ചു വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പൊതു പ്രസ്താവനകള്‍ അദ്ദേഹം ചെയ്യരുത്.സംസ്ഥാന കമ്മിറ്റിയുടെ കൂട്ടായ തീരുമാനങ്ങള്‍ക്ക് അദ്ദേഹം വഴങ്ങണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.