സ്റാര്‍ട്ടപ് വില്ലേജിനെ അടുത്തറിയാന്‍ ഉത്തരാഖണ്ഡ് സംഘം
സ്റാര്‍ട്ടപ് വില്ലേജിനെ അടുത്തറിയാന്‍ ഉത്തരാഖണ്ഡ് സംഘം
Friday, May 22, 2015 12:04 AM IST
കൊച്ചി: ഇന്ത്യയിലെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പ്രഥമ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററായ സ്റാര്‍ട്ടപ് വില്ലേജിനെ ഉത്തരാഖണ്ഡ് സംസ്ഥാനവും മാതൃകയാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്‍കുബേറ്ററുകളുടെ പ്രവര്‍ത്തനവും സ്റാര്‍ട്ട്പ് വില്ലേജ് മാതൃക സ്ഥാപിക്കുന്നതിനുള്ള സാധ്യതയും പഠിക്കാന്‍ ഉത്തരാഖണ്ഡില്‍നിന്നുള്ള പ്രതിനിധികള്‍ സ്റാര്‍ട്ടപ് വില്ലേജ് സന്ദര്‍ശിച്ചു.

ഉത്തരാഖണ്ഡ് വ്യവസായ വികസന കോര്‍പറേഷന്‍ (എസ്ഐഡിസിയുഎല്‍)എംഡിയും വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമായ ആര്‍. രാജേഷ് കുമാറും എസ്ഐഡിസിയുഎല്‍ ജനറല്‍ മാനേജര്‍ എസ്.എല്‍. സെംവാലുമാണ് കളമശേരിയിലെ സ്റാര്‍ട്ടപ് വില്ലേജിലെത്തി ചര്‍ച്ച നടത്തിയത്.

ടെലികോം, ഇന്റര്‍നെറ്റ് മേഖലകളില്‍ യുവാക്കള്‍ക്കു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം നല്‍കി അവരെ സംരംഭകത്വത്തിലേക്കു നയിക്കുന്ന സ്റാര്‍ട്ടപ് വില്ലേജിന്റെ മികവിനെ രാജേഷ് കുമാര്‍ അഭിനന്ദിച്ചു. വില്ലേജിലെ യുവാക്കളുടെ കഴിവും പ്രതിഭയും ശ്രദ്ധേയമാണ്. ഇത്തരത്തിലുള്ള സൌകര്യം ഉത്തരാഖണ്ഡില്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യത പ്രയോജനപ്പെടുത്തും- അദ്ദേഹം വ്യക്തമാക്കി.

സ്റാര്‍ട്ടപ് വില്ലേജിനെ മാതൃകയാക്കി ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഇന്‍കുബേറ്റര്‍ സ്ഥാപിക്കുകയുണ്ടായി. സ്റാര്‍ട്ടപ് സംരംഭം മനസിലാക്കാന്‍ ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ അടുത്തിടെ സ്റാര്‍ട്ടപ് വില്ലേജ് സന്ദര്‍ശിച്ചിരുന്നു.


മറ്റു സംസ്ഥാനങ്ങള്‍ പകര്‍ത്താനാഗ്രഹിക്കുന്ന ബ്ളൂപ്രിന്റാണു സ്റാര്‍ട്ടപ് വില്ലേജെന്നു ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ ചൂണ്ടിക്കാട്ടി. ലോകോത്തരമായ പരിസ്ഥിതിയെന്ന സ്വപ്നത്തില്‍നിന്ന് ഏഴു കൊല്ലം മാത്രമകലെയാണു കേരളമെന്നും സഞ്ജയ് പറഞ്ഞു.

സ്റാര്‍ട്ടപ് പോലുള്ള ഇന്‍കുബേറ്ററുകള്‍ കാലത്തിന്റെ അനിവാര്യതയാണെന്നു പ്രതിനിധികളെ ബോധ്യപ്പെടുത്താനായതായി സ്റാര്‍ട്ടപ് വില്ലേജ് സിഇഒ പ്രണവ്കുമാര്‍ സുരേഷ് പറഞ്ഞു. ഇന്‍കുബേറ്ററുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും സര്‍ക്കാരില്‍നിന്നും സ്വകാര്യ നിക്ഷേപകരില്‍നിന്നും ലഭിക്കുന്ന പിന്തുണയെക്കുറിച്ചും സംരംഭകരുമായിട്ടും വില്ലേജ് അധികൃതരുമായിട്ടും പ്രതിനിധികള്‍ വിശദമായ ചര്‍ച്ച നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നു വര്‍ഷം കൊണ്ട് 530 സംരംഭങ്ങള്‍ക്കാണു സ്റാര്‍ട്ടപ് വില്ലേജ് പിന്തുണയേകിയത്. കേരളത്തില്‍ ചലനാത്മക മാറ്റങ്ങള്‍ സൃഷ്ടിച്ച സ്റാര്‍ട്ടപ് വില്ലേജിന് അടുത്തിടെ മികച്ച ടെക്നോളജി ബിസിനസിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 2022നകം ഇന്ത്യയില്‍ ബില്യണ്‍ ഡോളര്‍ മൂലധനമുള്ള കാംപസ് സ്റാര്‍ട്ടപ്പ് രൂപീകരിക്കാനാണു സ്റാര്‍ട്ടപ് വില്ലേജ് ലക്ഷ്യമിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.