മാനേജ്മെന്റുകളുമായുള്ള ധാരണ: സര്‍ക്കാര്‍ ഒളിച്ചോടുന്നു
Friday, May 22, 2015 12:04 AM IST
സിജോ പൈനാടത്ത്

കൊച്ചി: അധ്യാപക തസ്തിക നിര്‍ണയത്തിലുള്‍പ്പെടെ മാനേജ്മെന്റുകളുമായുണ്ടാക്കിയ ധാരണകളും ഉറപ്പുകളും പാലിക്കുന്നതില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിഞ്ഞു.

മാര്‍ച്ച് ഒമ്പതിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആറു മന്ത്രിമാരും വിവിധ മാനേജ്മെന്റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങളാണു സര്‍ക്കാര്‍ നടപ്പാക്കാത്തത്. ഇതോടെ സംസ്ഥാനത്തെ എയ്ഡഡ്, പൊതുവിദ്യാഭ്യാസ മേഖല വീണ്ടും കലുഷിതമാകുമെന്ന് ഉറപ്പായി.

സ്കൂളുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 (എല്‍പി), 1:35 (യുപി) എന്ന രീതിയില്‍ നടപ്പാക്കുമെന്നു മാനേജ്മെന്റ്കള്‍ക്കു സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. അധ്യാപക തസ്തിക നിര്‍ണയത്തിന് ഈ അനുപാതമായിരിക്കും മാനദണ്ഡമാക്കുകയെന്നും ധാരണയായിരുന്നെങ്കിലും ഉത്തരവ് ഇനിയും പുറത്തിറക്കിയിട്ടില്ല. നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും മാനേജ്മെന്റുകളുടെ നിയമന അവകാശം സംരക്ഷിക്കുമെന്നും ഉറപ്പുനല്‍കിയതും പാലിക്കപ്പെട്ടിട്ടില്ല. മാര്‍ച്ച് 18ലെ മന്ത്രിസഭാ യോഗത്തിന്റെ അനുമതി നേടി സര്‍ക്കാര്‍ ഉത്തരവ് വേഗം പുറത്തിറക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ഈ ധാരണകളില്‍നിന്നാണു സര്‍ക്കാര്‍ പിന്നോട്ടുപോയത്.

തസ്തിക നിര്‍ണയത്തിലെ അവ്യക്തത തുടരുന്നതു നിരവധി വര്‍ഷങ്ങളായി നിയമന അംഗീകാരം ലഭിക്കാതെയും ശമ്പളമില്ലാതെയും ബുദ്ധിമുട്ടുന്ന അധ്യാപകരുടെ ഭാവിയും സങ്കീര്‍ണമാക്കും. ഒരു ഡിവിഷനില്‍ എത്ര കുട്ടികള്‍ വേണമെന്നതു സംബന്ധിച്ച് ഉത്തരവിറങ്ങാത്തതു നിയമനം, പ്രമോഷന്‍, സ്ഥലംമാറ്റം എന്നിവയെയും ബാധിക്കും.

മാനേജ്മെന്റ്കളുടെ അവകാശങ്ങള്‍ ഒരുതരത്തിലും നിഷേധിക്കില്ലെന്നു ചര്‍ച്ചയില്‍ നിലപാടെടുത്ത സര്‍ക്കാര്‍ പ്രതിനിധികള്‍, കോര്‍പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളില്‍ കുട്ടികളുടെ കുറവു മൂലം പുറത്തുപോകേണ്ടിവരുന്ന അധ്യാപകരെ മാനേജ്മെന്റിന്റെ മറ്റു സ്കൂളുകളിലേക്കു നിയമിക്കാന്‍ മാനേജര്‍മാര്‍ക്ക് അധികാരം നല്‍കാനുള്ള തീരുമാനത്തിലും തുടര്‍നടപടികളെടുത്തിട്ടില്ല.


കഴിഞ്ഞ അധ്യയന വര്‍ഷം വരെ മാനേജ്മെന്റ് സ്കൂളുകളില്‍ നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങള്‍ക്കും സര്‍ക്കാര്‍ അംഗീകാരം, തസ്തിക നിര്‍ണയത്തിലുള്ള കാലതാമസം ഒഴിവാക്കല്‍, സ്പെഷലിസ്റ് അധ്യാപകരെ കോര്‍പറേറ്റ് മാനേജുമെന്റുകള്‍ക്ക് തങ്ങളുടെ വിവിധ സ്കൂളുകളില്‍ പൂള്‍ ചെയ്തു നിയമിക്കാനുള്ള അവകാശം എന്നീ ഉറപ്പുകളിലും വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കാന്‍ മടിക്കുകയാണ്. മാര്‍ച്ച് ഒന്‍പതിലെ ചര്‍ച്ചയില്‍ കെസിബിസി, എന്‍എസ്എസ്, എസ്എന്‍ഡിപി, എംഇഎസ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

സര്‍ക്കാരിന്റെ പിന്മാറ്റം ഏകപക്ഷീയം: ടീച്ചേഴ്സ് ഗില്‍ഡ്

കൊച്ചി: അധ്യാപക തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളിലെ ധാരണകളില്‍നിന്നു സര്‍ക്കാര്‍ ഏകപക്ഷീയമായി പിന്നോട്ടുപോയതു പൊതുവിദ്യാഭ്യാസ മേഖലയില്‍ അനിശ്ചിതത്വമുണ്ടാക്കുമെന്നു കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി. അധ്യാപക പാക്കേജിലെ ഭരണഘടനാനുസൃതമല്ലാത്ത ചില നിര്‍ദേശങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയുമാണു പ്രശ്നങ്ങള്‍ വഷളാക്കിയത്.

സര്‍ക്കാരിന്റെ കാലാവധി അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോഴും പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രഖ്യാപനങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്ന് ഒരു നിശ്ചയവുമില്ല. ഈ രംഗത്തെ ഗുരുതര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഉണ്ടാകണം. അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ അധ്യാപകരെ സമരങ്ങളിലേക്കു തള്ളിവിടരുതെന്നും ടീച്ചേഴ്സ് ഗില്‍ഡ് മുന്നറിയിപ്പു നല്‍കി. പ്രസിഡന്റ് ജോഷി വടക്കന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി, ജനറല്‍ സെക്രട്ടറി സാലു പതാലില്‍, ഭാരവാഹികളായ എം.എല്‍. സേവ്യര്‍, ജെസി ജെയിംസ്, ടി.ആര്‍. ബേസില്‍, പോള്‍ ജെയിംസ്, സി.ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.